കണ്ണൂർ: പിപ്പിടി കാട്ടിയാൽ ഭയന്നുപോകില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്‍ ഡി എഫ് സര്‍ക്കാരിനോട് നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പൊയ്ക്കുള്ളൂ എന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പറഞ്ഞിട്ടുള്ളത്. ആ കരുത്തോടെയും കൂടുതല്‍ ഊര്‍ജത്തോടെയും കേരളത്തിന്റെ വികസനം ഏറ്റെടുത്തുക്കൊണ്ട് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ .സിപിഎമ്മിന് തുടർഭരണം കിട്ടിയത് ചൂണ്ടിക്കാട്ടിക്കൊണ്ട് മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി .
കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ട്. അവർ മാറുന്നില്ല. കാര്യങ്ങൾ തിരിച്ചറിയാൻ ജനങ്ങൾക്കാകുന്നുണ്ട്. തെറ്റിദ്ധാരണ പടർത്തലാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ ലക്ഷ്യം. സിപിഎമ്മിൽ വ്യത്യസ്ത ചേരി ഉണ്ട് എന്ന് പ്രചരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. കേരള ലൈൻ ഉണ്ട് എന്ന് പ്രചരിപ്പിക്കുന്നു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുന്നു. വല്ലാത്ത ചിത്രം ഉയർത്തി കൊണ്ട് വന്നു. സർക്കാരിന്റെ വികസന പ്രവർത്തനം തെറ്റാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു എന്നും മാധ്യമങ്ങളെ വിമർശിച്ച് പിണറായി വിജയൻ പറഞ്ഞു.
എൽഡിഎഫ് കാലത്ത് നടക്കാൻ പാടില്ല എന്നാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാട്. ദേശീയപാതാ വികസനം നല്ല രീതിയിൽ നടക്കുന്നത് കാണുമ്പോൾ മനസ്സിൽ കുളിർമയാണ്. നടക്കില്ലെന്നു പറഞ്ഞ കാര്യമാണ് നടക്കുന്നത്. ഗ്യാസ് പൈപ്പ് ലൈൻ നാട്ടിൽ പൂർത്തിയായി. കുറച്ച് നാൾ കഴിയുമ്പോൾ പൈപ്പിലൂടെ ഗ്യാസ് എത്തും. ഗെയ്ൽ പദ്ധതി നടപ്പാക്കിയത് തെറ്റായിപ്പോയോ ? ജലപാത ദശാബ്ദങ്ങളായുള്ള സ്വപ്നമാണ്. ഇപ്പോൾ പ്രവർത്തനം ത്വരിതഗതിയിലാണ്. അത് തെറ്റാണോ? കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികൾ നടത്തി.
യു ഡി എഫിന് അതിവേഗ റെയിൽ ആകാം, എൽഡിഎഫ് ചെയ്യരുത് എന്നാണ് അവരുടെ നിലപാട്. കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷ. എൽഡിഎഫ് കാലത്ത് ഒന്നും നടക്കാൻ പാടില്ല എന്നാണ് എതിർക്കുന്നവർ പറയുന്ന ന്യായം. രാഷ്ട്രീയമായി എതിർക്കാം, പക്ഷേ നാടിൻറെ വികസനത്തിനേ തടയാൻ നില്ക്കാമോ? വൈകിട്ട് ചർച്ചകൾ നടത്തുന്നവർക്ക് നാടിന്റെ വികസനം ആണോ താൽപര്യം. യഥാർത്ഥ പ്രശ്നം പ്രശ്നമായി ഉന്നയിക്കണം.
കേന്ദ അനുമതി ലഭിക്കാൻ പ്രധാനമന്ത്രിയെ അടക്കം കണ്ടു. നാടിൻ്റെ വികസനത്തിന് എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ. പ്രശ്നം പ്രശ്നമായി ഉന്നയിക്കുകയാണ് വേണ്ടത്, അല്ലാതെ വികസനത്തെ എതിർക്കലല്ല ചെയ്യേണ്ടത്. നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതാണ്. അത് നാളത്തെ തലമുറയ്ക്കായി വികസിക്കണം. ഒന്നിച്ചു നിൽക്കാം എന്നും പിണറായി വിജയൻ പറഞ്ഞു.