കണ്ണൂർ:ജനപ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ സംവിധാനം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ .പതിനെട്ടു വയസ് കഴിഞ്ഞവർക്ക് വോട്ടവകാശം ഉള്ള രാജ്യത്ത് പതിനെട്ടു വയസ് കഴിഞ്ഞവർ സംഘടിക്കാൻ പാടില്ലെന്നു പറയുന്നത് ഭരണഘടനയുടെ മൗലികമായ കാഴ്ചപ്പാടിന് നിരക്കാത്തതാണെന്നു പിണറായി വിജയൻ. കാന്പസ് രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ വിമർശനം. ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം കൂടി ഉൾക്കൊള്ളിക്കുന്നത് ആലോചിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംഘടിക്കാനും ജനാധിപത്യപരമായി സമരം ചെയ്യാനുമുള്ള അവകാശം ഭരണഘടന മുന്നോട്ടുവയ്ക്കുന്നുണ്ട്. സ്കൂൾ, കോളജ് തലങ്ങളിൽ ജനാധിപത്യ പ്രവർത്തനത്തിന്‍റെ സാധ്യത വികസിപ്പിക്കൽ ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് ആവശ്യമാണ്. രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാ ജനങ്ങളുടേതുമാണ്. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണവും സംരക്ഷണം നൽകലും ഏറ്റവും പ്രധാനമാണ്. ഫെഡറലിസത്തിന്‍റെ സംരക്ഷണം രാജ്യത്തിന്‍റെ ജനാധിപത്യ ഘടനയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഇതിൽനിന്ന് വ്യത്യസ്തമായ ഘടനയുണ്ടാകുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
ജനകീയ അഭിപ്രായം എതിരായാൽ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള സംവിധാനം കൂടി ഉൾക്കൊള്ളിക്കുന്നത് ആലോചിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനം പൂർണമായി നിഷ്പക്ഷമാവേണ്ടതുണ്ട്. നിഷ്പക്ഷമായ നിലപാടുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.