തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയുടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടും. വിദ്യാര്‍ഥികള്‍ക്ക് രണ്ടുജോടി യൂണിഫോമാണ് ഇത്തവണ നൽകുക. അടുത്ത വര്‍ഷം ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും കൈത്തറി യൂണിഫോം ലഭ്യമാക്കിത്തുടങ്ങും. തന്‍റെ ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം
പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദല്‍ സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കമ്പോളത്തില്‍ വില്പനക്ക് വെച്ചിരിക്കുന്ന ഒരു കച്ചവടച്ചരക്കല്ല വിദ്യാഭ്യാസം. അത് സംസ്കാരത്തിന്‍റെ രൂപപ്പെടുത്തിയെടുക്കലാണ് എന്നതാണ് സര്‍ക്കാരിന്‍റെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ എണ്‍പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠനത്തിനായി ആശ്രയിക്കുന്ന പൊതുവിദ്യാഭ്യാസമേഖലയെ ആധുനികവല്‍ക്കരിക്കേണ്ടതും സംരക്ഷിച്ചു നിര്‍ത്തേണ്ടതും ആവശ്യമാണ്. സംസ്ഥാനത്ത് നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ഈ ഉദ്ദേശം മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്. ഒരു നിയോജകമണ്ഡലത്തില്‍ കുറഞ്ഞത് ഒരു സ്കൂളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ നാലായിരത്തോളം ക്ലാസുമുറികള്‍ ഇതിന്‍റെ ഭാഗമായി ഹൈടെക് ആകും.
ഇങ്ങനെ ഒരുപാട് നേട്ടങ്ങളുടെയും മാറ്റങ്ങളുടെയും ഘട്ടത്തിലാണ് നമ്മുടെ പൊതുവിദ്യാഭ്യാസരംഗം. അതിന്‍റെ ഭാഗമായാണ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും യൂണിഫോം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. പുതിയ പദ്ധതിയിലൂടെ അധ്യാപകരും രക്ഷിതാക്കളും അക്കാദമിക്‍ പ്രവര്‍ത്തകരും തൊഴിലാളികളും ഒത്തുചേരുന്ന ഒരു കൂട്ടായ്മയായി പൊതുവിദ്യാഭ്യാസരംഗം മാറുകയാണ്. ആ കൂട്ടായ്മയില്‍ തുണിയില്‍ ഊടുംപാവും നെയ്യുന്ന നെയ്ത്തുതൊഴിലാളികള്‍ ഇപ്പോള്‍ കുട്ടികള്‍ക്കായി യൂണിഫോം നെയ്യുക വഴി പരോക്ഷമായെങ്കിലും വിദ്യാഭ്യാസപ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയാണ്.
യൂണിഫോം ഉണ്ടാക്കിയെടുക്കാനുള്ള കാലതാമസം കൊണ്ടാണ് ഇത്തവണ അത് ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി പരിമിതപ്പെടുത്തിയത്. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷത്തേക്കുള്ള യൂണിഫോം, തൊഴിലാളികള്‍ ഇപ്പോള്‍ മുതല്‍ നിര്‍മിച്ച് തുടങ്ങിയിട്ടുണ്ട്. എല്ലാ നെയ്ത്തുതൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ ഇരുന്നൂറ് ദിവസം തൊഴില്‍ ഉറപ്പാക്കുമെന്നായിരുന്നു ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. ഒന്നാം വാര്‍ഷികവേളയില്‍ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊരു വാഗ്ദാനം നിറവേറ്റല്‍ കൂടിയാണ്. വരുന്ന വര്‍ഷത്തില്‍ എല്ലാ ദിവസവും തൊഴില്‍ദിനങ്ങള്‍ ലഭ്യമാകുന്ന നിലയിലേക്ക് ഈ പരമ്പരാഗതതൊഴില്‍മേഖല ഉയരും.
ഹാന്‍റ്റെക്സിന്‍റെയും ഹാന്‍വീവിന്റെയും നേതൃത്വത്തില്‍ മൂവായിരത്തോളം വരുന്ന പരമ്പരാഗത കൈത്തറി തൊഴിലാളികളുടെ നാലരമാസക്കാലത്തെ ശ്രമഫലമായാണ് ഇത് സാധ്യമായിരിക്കുന്നത്. രാവും പകലും ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി അധ്വാനിച്ച തൊഴിലാളികളുടെ പ്രയത്നത്തെ അഭിനന്ദാര്‍ഹമാണ്. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയേ നവകേരള നിര്‍മിതി സാധ്യമാവുകയുള്ളൂ. അതിനായി ഭാവിയിലും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.