സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇഡി സംഘം വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രവീന്ദ്രന് നോട്ടീസ് കൈമാറിയിരുന്നു. മുന്‍പ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ കൊവിഡ് ആണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ കൊവിഡ് മുക്തനായ ഇദ്ദേഹം ഒരാഴ്ചയോളം വിശ്രമം എടുത്തതിന് പിന്നാലെയാണ് വെള്ളിയാഴ്ച ഹാജരാകണമെന്ന് കാട്ടി ഇഡി രണ്ടാമതും നോട്ടീസ് നല്‍കിയത്. കൊവിഡ് മുക്തനായെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അറിയുന്നു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇഡി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്കുകൂടി അറിവുണ്ടായിരുന്നെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.


ശിവശങ്കറിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡി അറസ്റ്റു ചെയ്തിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിനെയും സിപിഎമ്മിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ അന്വേഷണ സംഘത്തിന്റെ നടപടികള്‍ സിപിഎമ്മിനെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top