മഴക്കെടുതി; കുപ്രചരണങ്ങള്‍ ഏശിയില്ല; ഒറ്റദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെത്തിയത് 2.55 കോടി രൂപ

സംസ്ഥാന സര്‍ക്കാര്‍ ധനസമാഹരണ അഭ്യര്‍ഥന നടത്താതെ തന്നെ ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 2.55 കോടി രൂപ. സര്‍ക്കാരിനു സംഭാവന നല്‍കരുതെന്ന തരത്തിലുള്ള തെറ്റായ പ്രചാരണത്തിനെതിരെ പ്രമുഖരും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ധനസമാഹരണം നടന്നത്.

സാമൂഹിക മാധ്യമങ്ങള്‍ വഴി തുടക്കമിട്ട സംഭാവന സമാഹരണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വീണ്ടും പണമെത്താന്‍ സഹായകമായത്. സാധാരണ 25 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ദുരിതാശ്വാസ നിധിയിലേക്കു ദിവസേന എത്തുക. എന്നാല്‍, ഞായറാഴ്ച രാത്രി മുതല്‍ ഇന്നലെ വൈകുന്നേരം വരെ 15,029 പേര്‍ ചെറുതും വലുതുമായ തുക സംഭാവന നല്‍കിയതോടെ ഒറ്റ ദിവസത്തെ വരവ് 1.60 കോടി കവിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റിമ കല്ലിങ്കല്‍, ബിജിബാല്‍, ആഷിഖ് അബു, ടോവിനോ തോമസ് തുടങ്ങി ചലച്ചിത്രമേഖലയിലെ നിരവധി പേരാണ് രണ്ട് ദിവസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കഥാകൃത്ത് ടി.പത്മനാഭന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി.

ഈ വര്‍ഷത്തെ മഴയിലും ഉരുള്‍പൊട്ടലിലും എത്ര കോടിയുടെ നഷ്ടം സംഭവിച്ചെന്നു സര്‍ക്കാര്‍ തിട്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനത്തിനു ദുരിതാശ്വാസത്തിനുമായി 22 കോടി രൂപ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ വിഹിതമായ സാലറി ചാലഞ്ചും ഇതര സംസ്ഥാന സര്‍ക്കാരുകളുടെയും ജനങ്ങളുടെയും വിഹിതമായ തുകയും ചേര്‍ത്ത് ആകെ 4,356 കോടി രൂപയാണ് ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയത്. വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും ഒക്കെ ആകെ വിതരണം ചെയ്തതു 2008 കോടി രൂപയാണ്.

Top