തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടു പോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ വിട്ടു നല്‍കാതെ ബാര്‍ അസോസിയേഷന്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാട് മുഴുവന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍ തൃശൂരില്‍ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചത്.
മുറികള്‍ തുറന്ന് നല്‍കാന്‍ തൃശൂരിലെ ബാര്‍ അസോസിയേഷന്‍ വിസമ്മതിച്ചതോടെ കളക്ടര്‍ നേരിട്ട് ഇടപെട്ട് പൂട്ട് പൊളിച്ച് അകത്ത് കയറി.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ജില്ലാ കളക്ടറേറ്റില്‍ ശേഖരിച്ച അരിയുള്‍പ്പെടെയുളള ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും സൂക്ഷിക്കാന്‍ സ്ഥലം അപര്യാപ്തമായ സാഹചര്യത്തില്‍ സിവില്‍ സ്റ്റേഷനിലെ തൃശൂര്‍ ബാര്‍ അസ്സോസിയേഷന്‍ ഉപയോഗിക്കുന്ന 35, 36 നമ്പര്‍ മുറികള്‍ ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണനും ജില്ലാ കളക്ടറുമായ ടി വി അനുപമ ഒഴിപ്പിച്ചെടുത്തു.
മുറികള്‍ തുറന്ന് നല്‍കാന്‍ ബാര്‍ അസ്സോസിയേഷന്‍ വിസമ്മതം അറിയിച്ച സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമം 2005 ലെ സെക്ഷന്‍ 34 (എച്ച്), (ജെ), (എം) പ്രകാരം നോട്ടിസ് നല്‍കിയ ശേഷമാണ് പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ച ശേഷം കലക്ടര്‍ വേറെ താഴിട്ട് പൂട്ടി. മുറികളില്‍ തമിഴ്‌നാട്ടില്‍ നിന്നും സംഭാവനയായി ലഭിച്ച ആയിരം കിലോ അരിയും മറ്റ് അവശ്യവസ്തുക്കളും ഹാളില്‍ സംഭരിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും വന്‍തോതില്‍ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും സംഭാവനയായി ലഭിക്കുന്ന സാഹചര്യത്തിലാണ് സ്ഥലപരിമിതി രൂക്ഷമായത്. ലഭിക്കുന്ന സാധനങ്ങള്‍ ആവശ്യത്തിനുസരിച്ച് ദുരിതാശ്വാസക്യാമ്പുകളിലെത്തിക്കാന്‍ ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരും അഹോരാത്രം ശ്രദ്ധചെലുത്തുന്നുണ്ട്. മഴക്കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ച ജില്ലയില്‍ ഒന്ന് കൂടിയാണ് തൃശൂര്‍.