രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിച്ചു; മടിച്ചു നിന്നപ്പോള്‍ പുറകില്‍ നിന്ന് പരിശീലകന്‍ തള്ളി; കോയമ്പത്തൂരില്‍ ബിബിഎ വിദ്യാര്‍ഥിനിക്ക് ദുരന്ത നിവാരണ പരിശീലനത്തിനിടെ ദാരുണാന്ത്യം

കോയമ്പത്തൂര്‍: ദുരന്തമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടണമെന്നതിനുള്ള പരിശീലന ക്ലാസിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ കലൈ മഗള്‍ ആര്‍ട്‌സ് ആന്‍ സയന്‍സ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കാണ് അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. ലോകേശ്വരിയെ പരിശീലകന്‍ രണ്ടാം നിലയില്‍ നിന്ന് ചാടാന്‍ നിര്‍ബന്ധിക്കുന്നതും ഇതിന് മടിച്ച പെണ്‍കുട്ടിയെ മുകളില്‍ നിന്ന് പരിശീലകന്‍ തള്ളുന്നതും വീഡിയോയില്‍ കാണാം. വീഴ്ചയില്‍ കെട്ടിടത്തില്‍ ലോകേശ്വരിയുടെ തലയിടിക്കുകയായിരുന്നു. താഴെ ലോകേശ്വരിയെ പിടിക്കാന്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും കെട്ടിടത്തില്‍ ഇടിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു. അവിടെ വച്ചാണ് ലോകേശ്വരി മരിച്ചത്. മുകളില്‍നിന്ന് ചാടാന്‍ പെണ്‍കുട്ടിയ്ക്ക് പേടിയായിരുന്നുവെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പരിശീലകന്‍ അറമുഖനെ അറസ്റ്റ് ചെയ്തു.

Top