ദേശീയഗാനത്തിന്റെ ചരിത്ര വസ്തുതകള്‍ പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷണര്‍; നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസിനോട്

ജനഗണമന ദേശീയഗാനവും വന്ദേമാതരം ദേശീയഗീതവുമാണോ, ഇതുമായി ബന്ധപ്പെട്ട ഫയല്‍ കുറിപ്പുകളും ചരിത്രപശ്ചാത്തലവുമെന്ത് തുടങ്ങിയ ചോദ്യങ്ങളുന്നയിച്ചു ഹരീന്ദര്‍ ധിംഗ്ര എന്നയാള്‍ നല്‍കിയ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തിരിച്ചയച്ചതിനെത്തുടര്‍ന്നാണ് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. തങ്ങളുടെ അധികാരപരിധിയില്‍ ഇക്കാര്യം വരുന്നില്ലെന്നായിരുന്നു കാരണം പറഞ്ഞിരുന്നത്. തുടര്‍ന്ന് ദേശീയഗാനവും ദേശീയഗീതവുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ വെളിപ്പെടുത്താന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ പ്രധാനമന്ത്രിയുടെ ഓഫിസിനോടാവശ്യപ്പെട്ടു.
ദേശീയ പ്രാധാന്യമുള്ള ഈ പ്രശ്‌നത്തിനു മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്നൊഴിയാനുള്ള ശ്രമം ആശ്ചര്യകരമാണെന്നു മുഖ്യ വിവരാവകാശ കമ്മിഷണര്‍ ശ്രീധര്‍ ആചാര്യലു പറഞ്ഞു. സര്‍ക്കാരിന്റെ പക്കല്‍ ഇതു സംബന്ധിച്ചു രേഖകളുണ്ടോയെന്നു പോലും സംശയമുണരുന്നു. ദേശീയഗാനത്തെ അനാദരിക്കുന്നതിന്റെ പേരില്‍ ശിക്ഷ വിധിക്കും മുന്‍പു ദേശീയഗാനത്തിന്റെ ചരിത്രപ്രാധാന്യവും മഹത്വവും വേണ്ടവിധം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതേക്കുറിച്ചു വീണ്ടും അന്വേഷിച്ചു മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ മുഖ്യ വിവരാവകാശ ഓഫിസര്‍ക്കു നല്‍കിയ ഉത്തരവില്‍ അദ്ദേഹം പറഞ്ഞു.

Top