ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിന് പുറമേ മറ്റൊരു പരാതിയും കൂടി. ലക്ഷ്മി നായരുടെ ഹോട്ടലില്‍ ജോലി ചെയ്യിച്ചെന്ന ആരോപണവുമായാണ് വിദ്യാര്‍ഥി രംഗത്തെത്തിയത്. തന്നെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ യൂണിഫോമില്‍ ബിരിയാണി വിളമ്പിച്ചെന്നാണ് പരാതി. പേരൂര്‍ക്കട പോലീസിലാണ് വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. എന്നാല്‍ ഹോട്ടലിലെ ജോലിക്ക് കൂലിയായി ലഭിക്കുന്നത് ഇനന്റേണല്‍ മാര്‍ക്കാണെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.
അതേസമയം വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ ലക്ഷ്മി നായര്‍ നിഷേധിച്ചു. ആരോപണം ഉന്നയിക്കുന്നത് സമരം നടത്തുന്ന വിദ്യാര്‍ഥികളെന്നാണ് പ്രിന്‍സിപ്പലിന്റെ ആരോപണം.നേരത്തെ, ലക്ഷ്മി നായര്‍ക്കും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കുമെതിരേ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിരുന്നു. ഇവിടെ ദളിത് വിദ്യാര്‍ഥികളെ ജാതീയമായി അധിക്ഷേപിക്കുന്നു, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാക്കുന്നു തുടങ്ങിയ പരാതികളെ തുടര്‍ന്നാണ് പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹനദാസ് പറഞ്ഞു.
രണ്ടാഴ്ചയായി തുടരുന്ന സമരം പരിഹരിക്കാത്തതിനാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കെതിരേ കേസ്. അഭിഭാഷകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും അടക്കമുള്ളവരില്‍നിന്നും നിരവധി പരാതികള്‍ കമ്മീഷനു മുമ്പില്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.