ന്യൂഡല്‍ഹി: അവശ്യസാധങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നടപ്പിലാക്കി കേന്ദ്രസര്‍ക്കാര്‍. 33 അവശ്യസാധനങ്ങളുടെ ജി.എസ്.ടി നിരക്ക് കുറച്ചുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വാക്കുപാലിച്ചത്. ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാദ്ധ്യമാക്കുകയെന്ന് മുംബയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
40 ഉല്‍പന്നങ്ങളുടെ ചരക്ക്, സേവന നികുതി (ജിഎസ്ടി) കുറയ്ക്കാന്‍ ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ഏഴ് ഉല്‍പന്നങ്ങളുടെ നികുതി 28 ശതമാനമായിരുന്നത് 18 ശതമാനമാക്കി കുറച്ചു. 18 ശതമാനം നികുതി ഉണ്ടായിരുന്ന 33 ഉല്‍പന്നങ്ങളുടെ ജിഎസ്ടി 12%, 5% ആയും ചുരുക്കി. ചെരുപ്പിനു രണ്ടു നികുതി സ്ലാബുണ്ടായിരുന്നത് 12 ശതമാനമായി ഏകീകരിച്ചു. ശീതികരിച്ച പച്ചക്കറിയുടെ നികുതി ഒഴിവാക്കി.
സിമന്റിന്റെയും വാഹനങ്ങളുടെയും നികുതി 28 ശതമാനമായി തുടരും. 100 രൂപയില്‍ താഴെയുള്ള സിനിമാ ടിക്കറ്റിന് 12% ഉം 100 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റിന് 18% ഉം ആയിരിക്കും ജിഎസ്ടി. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് 12 ശതമാനമായിരിക്കും ജിഎസ്ടി. 28 ശതമാനം ജിഎസ്ടി ഉള്ള ഉല്‍പന്നങ്ങളുടെ എണ്ണം 28 ആയി കുറച്ചു.
അതേസമയം, പ്രളയത്തെ തുടര്‍ന്നു കേരളത്തിനായി സെസ് ഏര്‍പ്പെടുത്തുന്നതില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടര്‍ന്നാണിത്. അടുത്ത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
99% ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെ നികുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ജിഎസ്ടി ഘടന വീണ്ടും ലളിതമാക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്.
വില കുറയുന്നവ : ഉപയോഗിച്ച ടയര്‍, ലിഥിയം ബാറ്ററികള്‍, വിസിആര്‍, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കേര്‍സ്, എസി, വിഡിയോ ഗെയിംസ്, സിനിമാ ടിക്കറ്റ്