ചണ്ഡീഗഢ്: ഹരിയാനയില്‍ ബിജെപി സർക്കാർ ഉടൻ നിലം പതിക്കുമെന്ന് സൂചന .ജെജെപി-ബിജെപി സഖ്യ സർക്കാരില്‍ അതൃപ്തി കടക്കുകയാണ് . നാല് സ്വതന്ത്ര എംഎല്‍എമാർ ഹരിയാനയുടെ ചുമതലയുള്ള ബിപ്ലബ് ദേബിനെ കണ്ടതായാണ് പുറത്തുവരുന്ന വിവരം. ജെജെപി -ബിജെപി ബന്ധം വഷളാകുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് എംഎൽഎമാരുടെ നീക്കം. അതേസമയം, സ്വതന്ത്ര എംഎല്‍എമാർ ബിജെപിയില്‍ വിശ്വാസം രേഖപ്പെടുത്തിയെന്ന് ബിപ്ലബ് ദേബ് പറഞ്ഞു.
ഹരിയാനയിൽ കുറച്ചു കാലമായി സഖ്യകക്ഷി സർക്കാരിൽ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ജെജെപി -ബിജെപി നേതാക്കള്‍ തമ്മില്‍ നിരന്തരമായി വ്യത്യസ്ഥ പ്രസ്താവനകളുമായുള്ള യുദ്ധം തന്നെയാണ് നടന്നിരുന്നത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പും നടക്കേണ്ടത്. ഈ സാഹചര്യം മുന്നിലുള്ളപ്പോൾ തന്നെ സഖ്യകക്ഷി സർക്കാർ നല്ല രീതിയിലല്ല മുന്നോട്ട് പോവുന്നതെന്നതാണ് പ്രശ്നം.
ഗുസ്തിതാരങ്ങളുടെ സമരവും കർഷകരുടെ സമരവും വലിയ രീതിയിൽ തിരിച്ചടിയായി നിൽക്കുമ്പോഴാണ് കർഷകർക്കെതിരെ ലാത്തി ചാർജ് നടന്നത്. ഇത് വലിയ അതൃപ്തിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ജെജെപി എംഎല്‍എ ഷുഗർഫെഡ് ചെയർമാൻ സ്ഥാനം രാജി വെക്കുകയും ചെയ്തു. എന്നാൽ രാജിയിൽ മാത്രം വിഷയം ഒതുങ്ങുന്നില്ലെന്ന സൂചനയാണ് എംഎൽഎമാരുടെ നീക്കത്തിലൂടെ ബോധ്യപ്പെടുന്നത്.
നാല് സ്വതന്ത്ര എംഎൽഎമാരാണ് ബിപ്ലവ് ദേബിനെ സന്ദർശിച്ചിരിക്കുന്നത്. കൂടിക്കാഴ്ച്ചയിൽ ബിജെപിക്കെതിരായ വികാരം എംഎൽഎമാർ രേഖപ്പെടുത്തിയതായാണ് വിവരം. ഇതോടെ ജെജെപി- ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമോ എന്ന ആശങ്ക ശക്തിപ്പെടുകയാണ്. സന്ദർശനത്തിന് ശേഷം എംഎൽഎമാർ ബിജെപിയിൽ വിശ്വാസം രേഖപ്പെടുത്തിയെന്നാണ് ബിപ്ലവ് ദേബിന്റെ പ്രസ്താവന വന്നത്. ഒറ്റവരി പ്രസ്താവനയിൽ ഒതുങ്ങുന്നതായിരുന്നു ബിപ്ലവ് ദേവിൻ്റെ പ്രതികരണം എന്നുള്ളതും ശ്രദ്ധേയമാണ്.
അതേസമയം, കർഷകരുടെ സമരവും ഗുസ്തിതാരങ്ങളുടെ സമരവും വലിയ തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ജെജെപി. ജാട്ട് പാർട്ടിയായ ജെജെപി 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വലിയ വിമർശനം ഉന്നയിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ ബിജെപിക്ക് അധികാരത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഉപമുഖ്യമന്ത്രി സ്ഥാനവും മന്ത്രി സ്ഥാനങ്ങളും നേടി സർക്കാർ രൂപീകരിക്കാൻ മുന്നോട്ട് വരികയായിരുന്നു.