ഹരിയാനയില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരം ! കോണ്‍ഗ്രസ് തിരിച്ചുകയറി..

ന്യുഡൽഹി: ബിജെപിക്കും അമിത് ഷാക്കും കനത്ത പ്രഹരം നൽകുന്ന ജനവിധിയാണ് ഹരിയാനയിലേത് . അമിത്ഷായുടെ നീക്കങ്ങളെ അടപടലം വാരിയെറിയുകയാണ് കോണ്‍ഗ്രസ് ഹരിയാനയില്‍ ചെയ്തത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടാന്‍ ബി.ജെ.പിക്ക് ആയില്ല. വന്‍ മുന്നേറ്റവുമായി കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തി. എക്‌സിറ്റ് പോളുകളെയും രാഷ്ട്രീയ പ്രവചനങ്ങളെയും അപ്രസക്തമാക്കി മികച്ചൊരു ജനവിധിയാണ് ഹരിയാന കോണ്‍ഗ്രസിന് നല്‍കിയത്.

അനായാസം അധികാരത്തിലേറുമെന്ന ബി.ജെ.പി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത്. കോണ്‍ഗ്രസിന് എട്ട് ശതമാനം വോട്ടുകള്‍ വര്‍ദ്ധിച്ച് 16 സീറ്റുകള്‍ അധികം നേടി. ബി.ജെ.പിയുടെ ഏഴ് സീറ്റുകളാണ് അവര്‍ക്ക് കൈവിട്ടുപോയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 22 ശതമാനം വോട്ടുകള്‍ ബി.ജെ.പിക്ക് നഷ്ടമായി. മുന്‍മന്ത്രിമാരെയും ഹരിയാന ജനങ്ങള്‍ വെറുതെ വിട്ടില്ല. ഖട്ടാര്‍ മന്ത്രിസഭയിലെ രണ്ടുപേരെ മാത്രമാണ് ഇത്തവണ അസംബ്ലി കാണാന്‍ ജനം അനുവദിച്ചത്. ക്യാപറ്റന്‍ അഭിമന്യു, ഒ.പി. ധന്‍കര്‍, റാം ബിലാസ് ഷര്‍മ, കവിത ജെയന്‍, ക്രിഷന്‍ലാല്‍ പന്‍വാര്‍, മനീഷ് ഗ്രോവര്‍, കൃഷന്‍കുമാര്‍ ബേദി ഉള്‍പ്പെടെ ഏഴ് പോരാണ് ജനവിധിയുടെ കൈയ്പ്പ് നീര് കുടിച്ച മുന്‍മന്ത്രിമാര്‍. സര്‍ക്കാര്‍ വിരുദ്ധ വികാരത്തില്‍ നിന്ന് കരകയറാന്‍ ബി.ജെ.പിക്ക് ആകില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി.ജെ.പിയുടെ സ്റ്റാര്‍ സ്ഥാനാര്‍തഥിയും ഗുസ്തിതാരവുമായ ബബിത ഭോഗറ്റ് ദാദ്രി അസംബ്ലിയില്‍ മൂന്നാംസ്ഥാനത്തായിപ്പോയത് ബി.ജെ.പിക്കേറ്റ നാണക്കേടായി അവശേഷിക്കുന്നു. അതേസമയം, കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത് തിരിച്ചുവരവിന്റെ പൊന്‍കിരണങ്ങളാണ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബി.എസ്. ഹൂഡ ഗര്‍ഹി സാമ്പ്‌ല കിലോയ് മണ്ഡലത്തില്‍ വന്‍ വിജയമാണ് നേടിയത്. 58312 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ സതീഷ് നന്ദലിനെ ഹൂഡ മലര്‍ത്തിയടിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷവും ബി.എസ്. ഹൂഡയ്ക്കാണ്.

ബി.ജെ.പിയുടെ ടിക്ടോക് സ്റ്റാര്‍ സോണാലി ഭഗോറ്റിനെ 29000 വോട്ടുകള്‍ക്കാണ് കുല്‍ദീപ് ബിഷ്‌നോയ അദംബൂര്‍ മണ്ഡലത്തില്‍ തോല്‍പ്പിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ടുനേടിയ ബി.ജെ.പി അസംബ്ലി തെരഞ്ഞെടുപ്പില്‍ 36.45 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്നത് അവരുടെ തിരിച്ചടിയുടെ ആഴം വ്യക്തമാക്കുന്നു.

അപ്രതീക്ഷിതമായി ഉണ്ടായ ഹരിയാനയടി വൈകുന്നേരം പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രസംഗങ്ങളിലും നിഴലിച്ചു നിന്നു. 75 സീറ്റിലപ്പുറം കിട്ടുമെന്നു പ്രതീക്ഷിച്ച് കേവല ഭൂരിപക്ഷം നേടാനാവാതെ പോയ ഹരിയാനയുടെ ക്ഷീണം പ്രസംഗങ്ങളെ പ്രതിരോധത്തിലൂന്നാന്‍ പ്രേരിപ്പിച്ചു. മോദിയും അമിത്ഷായും നേതൃത്വം കൊടുത്തിടത്താണ് ഏറ്റവും വലിയ തിരിച്ചടികള്‍ ബി.ജെ.പി ഏറ്റുവാങ്ങിയത്.

Top