കോൺഗ്രസ് മുഖപത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട്; കെപിസിസി സെക്രട്ടറിക്കെതിരെ കേസെടുക്കാൻ കോടതി

സ്വന്തം ലേഖകൻ

തൃശൂർ: വീക്ഷണത്തിന്റെ ഫണ്ട് വകമാറ്റി ചിലവഴിച്ച കോൺഗ്രസ് നേതാക്കൾ വീണ്ടും വിവാദത്തിൽ. ഇത്തവണ വിവാദക്കുരുക്കിലും കേസിലും കുടുങ്ങിയിരിക്കുന്നത് കെപിസിസി സെക്രട്ടറി തന്നെയാണെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. കോൺഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയെന്ന പരാതിയിൽ കെ.പി.സി.സി. സെക്രട്ടറിയും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമായ ബി.എ. അബ്ദുൾ മുത്തലിബിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. കടുങ്ങല്ലൂർ സ്വദേശി വി.എ. ഹംസയുടെ പരാതിയിലാണ് കോടതി ഉത്തരവ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആലുവ അർബൻ ബാങ്ക് ചെയർമാനായ അബ്ദുൾ മുത്തലിബും വൈസ് ചെയർമാനായ ജോസി പി. ആൻഡ്രൂസും ജനറൽ മാനേജരുടെ ചുമതലയുള്ള കെ.പി. സുലൈഖയുടെ ഒത്താശയോടെ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വീക്ഷണം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ പേരിൽ ആലുവ മെയിൻ ബ്രാഞ്ചിൽ സി.ഡി. 550ാം നമ്പർ കറണ്ട് അക്കൗണ്ട് തുടങ്ങി വീക്ഷണത്തിന്റെ പേരിൽ വരുന്ന ചെക്കുകൾ വ്യാജ അക്കൗണ്ടിൽക്കൂടി മാറിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. കൂടാതെ സുലൈഖ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നുമാണ് കേസ്. 2012 ഒക്ടോബർ അഞ്ചിന് ഇതു സംബന്ധിച്ച് പ്രഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവായിരുന്നു.

തുടർന്നു നടന്ന അന്വേഷണത്തിൽ ഭരണസ്വാധീനത്തിന്റെ ഫലമായി സത്യം മറച്ചുവച്ചുള്ള റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും ആ റിപ്പോർട്ട് അംഗീകരിച്ച് കോടതി നടപടി അവസാനിപ്പിക്കുകയും ചെയ്തുവെന്നും ഹർജിക്കാരൻ ആരോപിച്ചു. തുടർന്ന് ഹർജിക്കാരൻ വി.എ. ഹംസ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി 2015 മാർച്ച് 23ന് വിജിലൻസ് റിപ്പോർട്ട് റദ്ദാക്കി. കേസ് വീണ്ടും തൃശൂർ വിജിലൻസ് കോടതിയോട് പരിഗണിക്കാൻ ഉത്തരവാകുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ആറു മാസത്തോളം കോടതിയിൽ ജഡ്ജി ഇല്ലാതിരുന്നതിനാൽ കേസ് നൽകാൻ കാലതാമസമുണ്ടായി. തുടർന്ന് 2016 ജനുവരി 28നാണ് തൃശൂർ വിജിലൻസ് കോടതി കേസിൽ എതിർകക്ഷികൾക്കെതിരേ കേസെടുക്കാൻ ഉത്തരവായത്. തൃശൂർ വിജിലൻസ് കോടതി ജഡ്ജി എസ്.എസ്. വാസനാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

Top