കൊച്ചി:കേഡർ സംവിധാനം ഇല്ലാത്തതാണ് തെരെഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോൺഗ്രസ് നേരിടുന്ന വലിയ പ്രശ്നം. അത് പരിഹരിക്കാനും അണികളെ ഊർജസ്വലരാക്കാനും കോൺഗ്രസ് പുതിയ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. രാഹുൽ ഗാന്ധി നേരിട്ടാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ശക്തി എന്ന സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ പ്രവർത്തകനും ഒരു പ്രത്യേക മൊബൈൽ നമ്പറിലേക്കു മെസ്സേജ് അയച്ച് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത് അംഗങ്ങൾ ആയവർ കൂടുതൽ പ്രവർത്തകരെ ഈ നെറ്റ്‌വർക്കിൽ ചേർക്കണം. ഈ കൂട്ടായ്മയെ പാർട്ടി വിളിക്കുന്നത് കോൺഗ്രസ് കുടുംബം എന്നാണ്.
ഓരോ പ്രവർത്തകരെ ചേർക്കുമ്പോഴും ചേർക്കുന്ന അംഗത്തിന് ബോണസ് പോയിന്റുകൾ ലഭിക്കും. സംസ്ഥാന തലത്തിൽ നന്നായി പണിയെടുക്കുന്ന മൂന്ന് പേരെ ഓരോ ദിവസവും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അനുമോദിക്കും.ബ്ലോക്ക് തലത്തിൽ അമ്പത് പേരെയും ജില്ലാ തലത്തിൽ ഇരുന്നൂറ് പേരെയും സംസ്ഥാന തലത്തിൽ അഞ്ഞൂറ് പേരെയും ചേർക്കുന്ന പ്രവർത്തകരെ രാഹുൽ ഗാന്ധി നേരിട്ട് വിളിക്കും. ഇവർക്ക് ഡൽഹിയിൽ രാഹുൽ ഗാന്ധിയെ നേരിട്ട് കാണാനും അവസരം ഉണ്ടാകും.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഡൽഹി, മുംബൈ, തെലങ്കാന എന്നിവിടങ്ങളിൽ ആണ് ആദ്യ ഘട്ടത്തിൽ ഇത് നടപ്പാക്കുന്നത്. മധ്യപ്രദേശ്, ഒഡിഷ, ഗുജറാത്ത് എന്നിവിടങ്ങളിൽ ജൂലൈ മുതൽ ഇത് നടപ്പാക്കും. തെരെഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളിൽ മികച്ച പ്രവർത്തകർക്ക് മുൻഗണന കിട്ടാൻ പുതിയ ക്രെഡിറ്റ് സംവിധാനം ഉപയോഗിക്കും.