കോഴിക്കോട്: യുഡിഎഫിന്റെ ഉറച്ച സീറ്റിനായി ‘അടി ‘തുടങ്ങി ! ഉമ്മന്‍ ചാണ്ടിയുടെ മാനസപുത്രന്‍ ടി.സിദ്ദിക്കിനെ രംഗത്തിറക്കാന്‍ കരുനീക്കം രഹസ്യമായി നടക്കവേ ‘ഉറച്ച സീറ്റ് തരപ്പെടുത്താന്‍’ സിദ്ദിക്കും ശ്രമം തുടങ്ങി. അതേ സമയം ഷാനിമോള്‍ ഉസ്മാനും സീറ്റിനായി ചരടുവലി തുടങ്ങിയിട്ടുണ്ട്. വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം കൊടുത്ത് ഷാനിമോള്‍ ഉസ്മാനെ ഒഴിവാക്കാനും നീക്കം ചിലര്‍ നടത്തുന്നു. ടി.സിദ്ദിക്കാനായി ഉമ്മന്‍ ചാണ്ടി ശക്തമായി നീക്കം നടത്തും എന്നാണ് അണിയറ സംസാരം .
എന്നാല്‍, സീറ്റിനായുള്ള തമ്മിലടി തുടങ്ങിയത് മനസിലാക്കി കെ.മുരളീധരന്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കയാണ്. മണ്ഡലത്തിന്റെ പള്‍സറിയാത്തവര്‍ മല്‍സരിക്കാനുള്ള ആഗ്രഹം തല്‍ക്കാലം മാറ്റിവയ്ക്കുക എ്‌നാണ് മുരളീധരന്‍ പറയുന്നത്. വയനാട് സീറ്റില്‍ കണ്ണുവയ്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു മുന്നറിയിപ്പാണിത്. കോണ്‍ഗ്രസിന്റെ പ്രചാരണവിഭാഗം തലവനാണ് കെ.മുരളീധരന്‍. മുന്നറിയിപ്പ്. എം.ഐ.ഷാനവാസിന്റെ പിന്‍ഗാമിയാകാന്‍ നേതാക്കളുടെ തള്ളിക്കയറ്റം തുടരുമ്പോഴാണ് നേതൃത്വം യോഗ്യതകള്‍ മുന്നോട്ടുവയ്ക്കുന്നത്.
വയനാട്ടില്‍ ഇന്ന് മല്‍സരിക്കണമെന്നുപറഞ്ഞാല്‍ തയാറാണ് ഷാനിമോള്‍ ഉസ്മാന്‍ അറിയിച്ചു. രണ്ടുവട്ടം മണ്ഡലത്തില്‍ അനൗപചാരിക സന്ദര്‍ശനവും നടത്തിക്കഴിഞ്ഞു. ഒട്ടും മോശമല്ല കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖിന്റെ ആഗ്രഹവും പരിശ്രമങ്ങളും. എം.ഐ.ഷാനവാസിന്റെ അകാലവിയോഗം സൃഷ്ടിച്ച വിടവ് നികത്താന്‍ മറ്റാരെക്കാളും അനുയോജ്യരാണെന്നാണ് ഇരുവരുടേയും നിലപാട്.
തെക്കന്‍ കേരളത്തില്‍ നിന്നാണ് വരവ് എന്നത് ഷാനിമോളുടെ മൈനസ് പോയന്റാണെന്ന് പാര്‍ട്ടിയിലെ എതിരാളികള്‍ പറയുമ്പോള്‍ ഷാനവാസിന്റെ തുടര്‍വിജയങ്ങളാണ് ഷാനിമോളുടെ പ്രതിരോധം. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശും സീറ്റിനുവേണ്ടി തീവ്രശ്രമം നടത്തുന്നുണ്ട്. വാദങ്ങള്‍ പലതുണ്ടെങ്കിലും വിജയസാധ്യതയാണ് പാര്‍ട്ടി പരിഗണിക്കുന്ന ഒന്നാമത്തെ യോഗ്യത.
2009 തില്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് എം ഐ ഷാനവാസ് ജയിച്ചത്. കഴിഞ്ഞ തവണ ഭൂരിപക്ഷം കുത്തനെകുറഞ്ഞത് വിജയത്തിന്റെ തിളക്കം കുറച്ചിരുന്നു. മുസ്ലീം സമുദായത്തിന് ഏറെ സാന്നിധ്യമുള്ള മണ്ഡലത്തില്‍ ഇക്കുറിയും വിവിധ ഘടകങ്ങള്‍ നിര്‍ണായകമാകും.
യുഡിഎഫിന്റെ ശക്തികേന്ദ്രമാണെങ്കിലും എം.പി.വീരേന്ദ്രകുമാര്‍ മറുപക്ഷത്തെത്തിയത് ഇക്കുറി ചെറുതല്ലാത്ത ക്ഷീണമാകും. അത് മറികടക്കാന്‍ കരുത്തന്മാരെ തേടുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും ദേശീയനേതൃത്വത്തിലെ സജീവസാന്നിധ്യവുമായ കെ.സി.വേണുഗോപാലിന്റെ പേര് ചിലര്‍ ഉയര്‍ത്തുന്നതിന് കാരണവും മറ്റൊന്നല്ല.
എല്‍ഡിഎഫില്‍ സിപിഐ തന്നെയാണ് ഇക്കുറിയും എതിരാളി. അവിടെ സാധ്യത കൂടുതല്‍ സത്യന്‍ മൊകേരിക്കും. സി.കെ.ജാനു കൂടി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന് സീറ്റ് നിലനിര്‍ത്താന്‍ സ്ഥാനാര്‍ഥി ചില്ലറക്കാരനായാല്‍ പോര.