ന്യൂഡൽഹി : ആരൊക്കെ കോൺഗ്രസിന്റെ തലപ്പത്തെത്തിയാലും അഴിമതിക്കറ പുരണ്ട അവരുടെ പ്രവർത്തന വഴികളിൽ വ്യത്യാസമൊന്നും ഉണ്ടാകില്ലെന്നു ബിജെപി പരിഹസിച്ചു.കോൺഗ്രസിന്റെ പ്രവർത്തനശൈലിയും ചിന്താധാരയും അഴിമതി നിറഞ്ഞതാണ് . പ്രസിഡന്റ് പഴയതായാലും പുതിയതായാലും ഇതിനു മാറ്റമുണ്ടാകില്ല. എന്നും അവരുടെ വഴി അഴിമതി നിറഞ്ഞതുതന്നെ. നേതൃമാറ്റത്തെക്കുറിച്ച് കോൺഗ്രസ് ഇപ്പോൾ വാചാലരാവുകയാണ്. എന്നാൽ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനിടെ 14 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നത് ഇതേ നേതാക്കൾക്കു കീഴിലാണെന്നും പാത്ര ചൂണ്ടിക്കാട്ടി.പാർട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്ത് നടത്തിയ പ്രസംഗത്തിൽ ബിജെപിയെ രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു.കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടത് ‘ചെറിയ സംഭവ’മെന്ന് വിശേഷിപ്പിച്ചാണ് ബിജെപിതിരിച്ചടിച്ചത് .
രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോൺഗ്രസ് അധ്യക്ഷസ്ഥാനമേറ്റ ശേഷം രാഹുൽ പറഞ്ഞു. തങ്ങൾക്കു വേണ്ടി മാത്രം പോരാടുന്ന പടയാളികളാണ് ബിജെപിയിലുള്ളത്. ആശയപരമായ വിയോജിപ്പ് നിലനിൽക്കുമ്പോഴും ബിജെപിക്കാരെ സഹോദരങ്ങളായാണ് കാണുന്നത്. ബിജെപി വെറുപ്പ് പടർത്തുമ്പോൾ സ്നേഹത്തെക്കുറിച്ചാണ് കോണ്‍ഗ്രസ് പറയുന്നത്. ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിച്ചത് കോൺഗ്രസാണെങ്കിൽ, രാജ്യത്തെ മധ്യകാലഘട്ടത്തിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവുമെന്നും രാഹുൽ പറഞ്ഞു.
രാഹുൽ അധികാരമേറ്റെടുക്കുന്ന സമയത്തുതന്നെ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡയെ ഉദാഹരിച്ചായിരുന്നു ബിജെപി വക്താവ് സാംപിത് പാത്രയുടെ മറുപടി. ഒരു കാലത്ത് കോൺഗ്രസ് പിന്തുണച്ചിരുന്ന വ്യക്തിയായിരുന്ന മധു കോഡയെന്ന് പറഞ്ഞ പാത്ര, അഴിമതിയുെട പിടിയിൽനിന്നു കോൺഗ്രസിന് ഒരിക്കലും മുക്തിയില്ലെന്നും അഭിപ്രായപ്പെട്ടു. ഇരുകൂട്ടരും ചേർന്നുള്ള ഭരണം അവസാനിച്ച് നാലു വർഷം പിന്നിടുമ്പോഴും അന്നു നടത്തിയ അഴിമതിയുടെ പേരിൽ ഓരോരുത്തരായി ശിക്ഷിക്കപ്പെടുകയാണ്.