തിരുവനന്തപുരം :കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മേല്‍ ലീഗ് ചെലുത്തുന്നത് കടുത്ത രാഷ്ട്രീയ സമ്മര്‍ദം. ഏക സിവില്‍ കോഡിനെതിരെ ദേശീയ തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കോണ്‍ഗ്രസ് ഒരുങ്ങണമെന്നാണ് ലീഗിന്റെ ആവശ്യം. ഒന്നിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ നാളെ യുഡിഎഫ് യോഗം ചേരും.
വോട്ടുറുപ്പ് നല്‍കുന്ന സമുദായ സംഘടനയെപ്പോലും അകലത്തില്‍ നിര്‍ത്തിയാണ് മുന്നണി രാഷ്ട്രീയത്തിന്റെ മര്യാദയ്ക്ക് ലീഗ് കൈകൊടുക്കുന്നത്. സെമിനാറിലേക്കുള്ള സിപിഎം ക്ഷണം തള്ളുമ്പോഴും മുസ്ലിംലീഗ് നേതൃത്വം കോണ്‍ഗ്രസില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നു.
ദേശീയ തലത്തില്‍ ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സമരപരിപാടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് തീയതിയും കണ്ടിട്ടില്ല. ഇങ്ങനെ പോയാല്‍ പറ്റില്ലെന്നും വിഷയം ഗൗരവമായി കാണണമെന്നുമാണ് ലീഗിന്റെ ആവശ്യം. സമ്മര്‍ദ സാധ്യത കൂടിയാണ് സിപിഎം ക്ഷണം തള്ളാന്‍ സമയമെടുത്തതിന്റെയും ഒരു കാരണം. കോണ്‍ഗ്രസിനാകട്ടെ ആശ്വാസമാണ് ലീഗിന്റെ ഇന്നത്തെ പ്രതികരണം.