മുംബൈ:മഹാരാഷ്ട്ര സഖ്യസർക്കാർ തല്ലിപ്പിരിയുമെന്ന സൂചനകളാണിപ്പോൾ പുറത്ത് വരുന്നത് .കോൺഗ്രസുകാർ അതൃപ്തിയിലാണ് . മന്ത്രിസഭാ വികസനത്തിലും കോൺഗ്രസ് എംഎൽഎമാരിൽ അൃപ്തി പുകയുകയാണ്. മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെ തുടർന്ന് മുതിർന്ന നേതാവ് പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ളവർ അതൃപ്തി അറിയിച്ചു. ആദിത്യ താക്കറെ, അജിത് പവാർ ഉൾപ്പെടെ 36 പേരെ ഉൾപ്പെടുത്തിയാണ് തിങ്കളാഴ്ച മന്ത്രിസഭാ വികസനം നടത്തിയത്.വകുപ്പ് വിഭജനത്തിൽ കോൺഗ്രസ് അവഗണിക്കപ്പെട്ടു എന്ന വികാരമാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രവർത്തകർക്കുള്ളതെന്ന് മുതിർന്ന നേതാവ് ബാലാസാഹേബ് തോറാട്ട് പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് മൂലമാണ് പ്രധാന വകുപ്പുകൾ നഷ്ടമായതെന്ന വിമർശനവും ഉയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃത്വം കൂടുതൽ വകുപ്പുകൾക്കായി മുറവിളി ശക്തമാക്കിയിരിക്കുന്നത്.
ശിവസേനയ്ക്ക് മുഖ്യമന്ത്രി പദവും എൻസിപിക്ക് ഉപമുഖ്യമന്ത്രി പദവും ലഭിച്ചു. എന്നാൽ കോൺഗ്രസിന് ഒന്നും ലഭിച്ചില്ല, നിലവിൽ പാർട്ടിക്ക് അനുവദിച്ചിരിക്കുന്ന വകുപ്പുകൾ പരിശോധിച്ചാൽ സർക്കാരിൽ കാര്യമായ സ്വാധീനം ഞങ്ങൾക്കില്ലെന്ന് ബോധ്യമാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു. അതേ സമയം കൃഷിവകുപ്പ് വിട്ടു നൽകാൻ തയ്യാറാകില്ലെന്ന നിലപാട് ശിവസേന കഴിഞ്ഞ ദിവസം മുഖപത്രമായ സാംനയിലൂടെ വ്യക്തമാക്കിയിരുന്നു.
നീണ്ട നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ അധികാരത്തിൽ എത്താൻ കഴിഞ്ഞെങ്കിലും ഉദ്ധവ് താക്കറെ സർക്കാരിൽ പ്രതിസന്ധി തുടരുകയാണ്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരു മാസം പിന്നിട്ടപ്പോഴാണ് മന്ത്രിസഭാ വികസനം നടന്നത്. ഇതിനെതിരെ കോൺഗ്രസിൽ അതൃപ്തി പുകയുന്നതോടെയാണ് മന്ത്രിമാർക്ക് വകുപ്പുകൾ അനുവദിക്കുന്നത് അനന്തമായി നീളുന്നത്.
30 വർഷത്തെ ബിജെപി സഖ്യം അവസാനിപ്പിച്ചാണ് ശിവസേന കോൺഗ്രസിനോടും എൻസിപിയോടും കൈകൊടുത്ത് അധികാരത്തിൽ എത്തുന്നത്. മൂന്ന് പാർട്ടി നേതാക്കളും ദിവസങ്ങളോളം തുടർച്ചയായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ത്രികക്ഷി സർക്കാർ അധികാരത്തിൽ എത്തിയതെങ്കിലും സഖ്യത്തിൽ തങ്ങൾ അവഗണിക്കപ്പെട്ടു എന്ന വികാരമാണ് കോൺഗ്രസിനുള്ളത്. വകുപ്പ് വിഭജനത്തിലെ അതൃപ്തി കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
നിലവിലെ ധാരണ പ്രകാരം ശിവസേനയ്ക്ക് ലഭിച്ച ചില വകുപ്പുകൾ എൻസിപി നേരത്തെ തന്നെ നോട്ടമിട്ടതായിരുന്നു. ഗ്രാമ വികസനം, സഹകരണം എന്നീ വകുപ്പുകൾ നിലവിൽ എൻസിപിക്കാണ് ലഭിച്ചിരിക്കുന്നത്. കൃഷി വകുപ്പ് ശിവസേനയ്ക്കും. ഇവയിൽ രണ്ട് വകുപ്പുകൾ ലഭിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. എന്നാൽ ഒരു വകുപ്പ് കോൺഗ്രസിന് നൽകിക്കൊണ്ടുളള ഒത്തുതീർപ്പിന് ശിവസേനയും എൻസിപിയും തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.