ഡല്ലി : കോൺഗ്രസിലെ ആശയ ദാദിദ്ര്യവും, പ്രതിഭാ ദാരിദ്ര്യവും പരിഹരിക്കാൻ രാഹുൽ ഗാന്ധി ആഗോള ഇന്ത്യക്കാരുടെ റിസോഴ്‌സ് പൂൾ ഉണ്ടാക്കുന്നു. ഇന്റലക്ചൽ പവർഗ്രിഡ് എന്ന പേരിലായിരിക്കും ഇത്. മൻമോഹൻ സിംഗിന്റെ നിർദ്ദേശാനുസരണമാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഇപ്പോൾ രാഹുലിന്റെ പ്രധാന ഉപദേശകാരിലൊരാളായ സാം പിട്രോഡയാണ് ഇതിനു നേതൃത്വം നൽകുന്നത്. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനാണ് ഗ്രിഡിലേക്കുള്ള ആദ്യ കണ്ടെത്തൽ.
പ്രതിഭാധനരായ ആഗോള ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കി വരുന്നതായി രാഹുൽ ഗാന്ധിയുടെ ഓഫീസ് സൂചിപ്പിച്ചു. നേരത്തെ യു ഐ ഡി ചെയർമാനായിരുന്ന നന്ദൻ നിലേക്കനി ഗ്രിഡിൽ ഉണ്ടാകുമെന്നറിയുന്നു. അദ്ദേഹം ഇപ്പോൾ ഇൻഫോസിസ് ചെയർമാനാണ്. പ്രൊഫഷണൽ കോൺഗ്രസിനെ നയിക്കുന്ന ശശി തരൂർ ഇപ്പോഴും രാഹുലിന്റെ ഇഷ്ടക്കാരനാണ്. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് തിരിച്ചടി ആയില്ലെങ്കിൽ തരൂർ സജീവമായി ഈ പ്രക്രിയയിൽ ഉണ്ടായേക്കും. ഇന്ത്യയിലും, വിദേശത്തും ഏറെ ശ്രദ്ധേയമായ രീതിയിൽ നിലവിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ബന്ധങ്ങളില്ലാത്തവരെയാണ് ഇത് വഴി രാജ്യത്തിൻറെ പൊതുപ്രവർത്തന ധാരയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്.
കോർപറേറ്റ് തലവന്മാർ, ടെക്നോളജി മാനേജ്‌മെന്റ് പ്രൊഫഷണലുകൾ, മികവുറ്റ സംരംഭകർ, ഇക്കണോമിസ്റ്റുകൾ, വ്യത്യസ്ത മേഖലകളിലെ വിദഗ്ധർ, ശാസ്ത്രജ്ഞർ, ഉന്നത കലാകാരൻമാർ എന്നിവർ ഈ പൂളിൽ വരും. രാജ്യത്തെ ആസൂത്രണ പ്രക്രിയയിൽ ഔപചാരികമായും, അല്ലാതെയും ഇവർക്ക് പ്രാതിനിധ്യം ലഭിക്കും. താല്പര്യവും, സാമർഥ്യവുമുള്ളവരെ സജീവ രാഷ്ട്രീയത്തിലേക്കും ക്ഷണിക്കും. രാഷ്ട്രീയക്കാരെ മാത്രം വച്ചുകൊണ്ട് ഭാവിയിൽ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.
ഗ്രിഡിലേക്കു പരിഗണിക്കുന്നവരുടെ പേരുകൾ പുറത്തു വന്നിട്ടില്ല. സൂചനകൾ മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത്. ആദ്യ യുപി എയുടെ കാലത്ത് മൻമോഹൻസിങ് ആസൂത്രണ വിദഗ്ധരുടെ സേവനം ഉപയോഗിച്ചിരുന്നു. തൊഴിലുറപ്പു പദ്ധതി പോലുള്ള ആശയങ്ങളുടെ പിറവി അങ്ങനെയാണ്. കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രിമാരെല്ലാം രാഷ്രിയ വൃത്തത്തിനു പുറത്തു നിന്നുള്ള ‘ടാലന്റ്’ ഉപയോഗിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. പലപ്പോഴും ഇത് ഫലപ്രദമായിട്ടുമുണ്ട്. പ്രധാനമന്ത്രി പദത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ കൂടി ഭാഗമായി ഈ വിഭവ സമാഹരണത്തെ കാണാം.