തങ്കച്ചനും ഉമ്മന്‍ ചാണ്ടിയും തെറിയ്ക്കും; കെപിസിസി അധ്യക്ഷനെ മാറ്റേണ്ടെന്ന് ഹൈക്കമാന്റ്; പ്രതിപക്ഷ നേതാവാകാന്‍ മുരളിയെ സുധീരന്‍ പിന്തുണയ്ക്കും

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയുടെ തകര്‍ച്ചയില്‍ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്ഥാനചലനുമുറപ്പെന്ന് സൂചന. അതേ സമയം വി.എം സുധീരനെ മാറ്റുന്ന കാര്യം പരിഗണനയിലില്ലെന്ന് ഹൈക്കമാന്റ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സുധീരന്‍ നേരത്തെ ചൂണ്ടികാട്ടിയ അപകടം തന്നെയാണ് കേരളത്തില്‍ സംഭവിച്ചതെന്ന വിലയിരുത്തലിലാണ് ദേശിയ നേതൃത്വം. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമുടി മാറ്റമാവശ്യപ്പെടുന്നില്ലെങ്കിലും വീണ്ടുമൊരു തിരിച്ച് വരവിന് അനിവാര്യമായ ചില സ്ഥാനചലനങങ്ങള്‍ അത്യാവശ്യമാണെന്നാണ് ഹൈക്കമാന്റ് കരുതുന്നു. നേരത്തെ തന്നെ ഹൈക്കമാന്റിന്റെയും രാഹുല്‍ ഗാന്ധിയുടേയും കണ്ണില്‍ കരടായ ഉമ്മന്‍ചാണ്ടിയെ വെട്ടണമെന്ന തീരുമാനത്തിലാണ് പല നേതാക്കളും. യുഡിഎഫ് കണ്‍വീനറും, പ്രതിപക്ഷ നേതാവും മാറുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍ക്കാര്‍ കൈക്കൊണ്ട മെത്രാന്‍ കായല്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളും, അഴിമതിയാരോപണ വിധേയരായവരെ മത്സരിപ്പിച്ചതുമാണ് യുഡിഎഫിന്റെ പരാജയത്തിന് പ്രധാന കാരണമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെ ബാബു ഉള്‍പ്പെടെയുള്ളവരുടെ തോല്‍വി ചൂണ്ടി കാട്ടിയാണ് ഈ നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെപിസിസി പ്രസിഡന്റ് എന്ന രൂപത്തില്‍ തികഞ്ഞ ജാഗ്രത സുധീരന്‍ കാണിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അദ്ദേഹം ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും ഹൈക്കമാന്റ് വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു.
ഇടതു തരംഗത്തിനിടയിലും സുധീരന്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശിച്ച പി.ടി തോമസ് തൃക്കാക്കരയില്‍ നിന്നും വടക്കാഞ്ചേരിയില്‍ നിന്ന് അനില്‍ അക്കരയും വിജയിച്ചത് സുധീരന്റെ നിലപാട് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ടി ഐ ഗ്രൂപ്പ് പിടി മുറുക്കിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ വിള്ളലുണ്ടാക്കി ഉമ്മന്‍ ചാണ്ടിയെ തന്നെ അവരോധിക്കാനാണ് എ ഗ്രൂപ്പ് തന്ത്രം. ഇതിനായി ഘടക കക്ഷികളുടെ പിന്തുണയും എ ഗ്രൂപ്പ് ഉറപ്പ് വരുത്തിയിട്ടുണ്ട്.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് വരുന്നതിനോട് കേരള കോണ്‍ഗ്രസ്സ് എമ്മിനും താല്‍പര്യമില്ല. ബാര്‍കോഴയില്‍ മാണിയെ ‘കുടുക്കി’യതാണ് പകയ്ക്ക് കാരണം.മുസ്ലീം ലീഗും ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമാണ്. എന്നാല്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ കൂടുതല്‍ പേര്‍ ഐ ഗ്രൂപ്പുകാരായതാണ് ചെന്നിത്തലയുടെ കരുത്ത്. ഈ പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രി ഇടപ്പെട്ടത് കൊണ്ട് മാത്രം സീറ്റ് ലഭിച്ച അടൂര്‍ പ്രകാശ് കളം മാറ്റിയേക്കുമെന്നാണ് അഭ്യൂഹം.

നിര്‍ണ്ണായക ഘട്ടത്തില്‍ കെ മുരളീധരന്‍ അടക്കമുള്ള ചില ഐ ഗ്രൂപ്പ് എംഎല്‍എമാരുമായി ‘ധാരണ’യുണ്ടാക്കാനും എ ഗ്രൂപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.ഭരണം നഷ്ടപ്പെട്ടതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ഒന്നാമനായി വി എം സുധീരന്‍ മാറിക്കഴിഞ്ഞതാണ് ഗ്രൂപ്പുകളുടെ ഉറക്കം കെടുത്തുന്നത്. അതേ സമയം ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും പകരക്കാരനായി ചൂണ്ടികാട്ടുന്ന കെ മുരളീധരനെ പിന്തുണയ്ച്ച് പുതിയ രഷ്ട്രീയ സമവാക്ക്യം തീര്‍ക്കാനും സുധീരന്‍ ശ്രമം നടത്തിയേക്കും. ഇതു വഴി ചെന്നിത്തല ഉമ്മന്‍ ചാണ്ടി അച്ചുതണ്ട് തകര്‍ക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. മുരളിധരന്‍ സുധീരനെതിരെ ശക്തമായി പരസ്യ നിലപാടെടുക്കുന്ന നേതാവാണെങ്കിലും പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ പിന്തുണ മുരളിയ്ക്കായിരിക്കുമെന്നാണ് സൂചന.

Top