സിപിഎമ്മിനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങി കോൺഗ്രസ് ; ഇനി ലഘുലേഖകൾ ഏറ്റുമുട്ടും

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്. കോൺഗ്രസും സിപിഎമ്മിന്റെ മാതൃകയിൽ വീടുകയറി ലഘുലേഖ വിതരണം ചെയ്യും. ഭൂമി നഷ്ടപെടുന്നവരെയും അല്ലാത്തവരെയും സമരമുഖത്തേക്ക് കൊണ്ടുവരാനാണ് പാർട്ടിയുടെ ആലോചന. സമരത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് ആലോചിക്കാൻ കോൺഗ്രസ് നേതൃത്വം ഇന്ന് യോഗം ചേരും. സിൽവർലൈൻ പദ്ധതിയെ പ്രതിരോധിച്ചുകൊണ്ട് ലഘുലേഖയുമായി സിപിഎം വീടുകയറുമ്പോൾ അതേ നാണയത്തിൽ തന്നെ ചെറുക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. പദ്ധതിയുടെ ദോഷവശങ്ങൾ വിശദമാക്കുന്ന ലഘുലേഖയുമായി വീടുകൾ തോറും കയറി ഇറങ്ങുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കി.

പദ്ധതി മൂലം ഭൂമിയും കിടപ്പാടവും ഉപജീവനമാർഗ്ഗവും നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകി സർക്കാർ പ്രതിഷേധം ഒതുക്കാൻ ശ്രമിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിൽ പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളുടെ സമീപവാസികളെയും സംഘടിപ്പിക്കാനാണ് നീക്കം. പദ്ധതികൊണ്ട് ഗുണമില്ലെന്നും, ഒറ്റപ്പെടുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നും വീടുകൾതോറും കയറി ഇറങ്ങി ബോധ്യപ്പെടുത്തും. പദ്ധതി കടന്നുപോകുന്ന ഇടങ്ങളിൽ ചെറിയ പ്രതിഷേധ കൂട്ടായ്മകൾക്കും ആക്ഷൻ കൗൺസിലുകൾക്കും പാർട്ടി രൂപം നൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാ ജില്ലകളിലും പൗരപ്രമുഖരുടെ യോഗം വിളിച്ച് തങ്ങളുടെ അവകാശവാദങ്ങൾ വിശദീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ ബഹുജന പിന്തുണയോടെ നേരിടുമെന്ന് കെ. സുധാകരൻ പറഞ്ഞു. പാരിസ്ഥിതിക – സാമൂഹിക പ്രവർത്തകരെ അണിനിരത്തി താഴെത്തട്ടിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. പദ്ധതിക്ക് എതിരായ അടുത്തഘട്ട സമരപരിപാടികൾ കെ. സുധാകരനും വി.ഡി സതീശനും ഇന്ന് യോഗം ചേർന്ന് ആസൂത്രണം ചെയ്‌തേക്കും. തുടർന്ന് യുഡിഎഫ് ഒത്തുചേർന്ന് തീരുമാനം അന്തിമമാക്കും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

Top