എറണാകുളത്ത് മുതിർന്ന നേതാവ് രാജി വെച്ച് സിപിഎമ്മിൽ ചേർന്നു.ബിജെപി ബന്ധവും സുധാകരന്റെ വരവും കോൺഗ്രസിന് വൻ തിരിച്ചടി.

കൊച്ചി: കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് ശക്തം .എറണാകുളം ഡിസിസി അംഗവും കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ എബി സാബു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നു.യുഡിഎഫിന് സ്വാധീനക്കൂടുതലുളള എറണാകുളത്തെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് എ ബി സാബു. മുന്‍ കെപിസിസി ഭാരവാഹി കൂടിയാണ് സാബു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് നാളുകളായി കോണ്‍ഗ്രസിനുളളില്‍ അതൃപ്തനായിരുന്നു സാബു. കെ ബാബുവിനോട് നേരിട്ട് ഏറ്റുമുട്ടിയതോടെയാണ് എ ബി സാബു പാര്‍ട്ടിക്കുള്ളില്‍ അനഭിമതനായിത്തുടങ്ങിയത്.

തൃപ്പൂണിത്തുറ എംഎല്‍എ ആയ കെ ബാബുവിന് എതിരെ നേരത്തെ പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയ നേതാവ് കൂടിയാണ് എ ബി സാബു. കെ ബാബു ബിജെപിയുമായി വോട്ട് കച്ചവടം നടത്തിയാണ് വിജയിച്ചത് എന്നാണ് സാബു ആരോപിക്കുന്നത്.എറണാകുളത്ത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് സാബുവിന്റെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ ബാബുവിനെ മത്സരിപ്പിക്കുന്നതിന് എതിരെ സാബു ശക്തമായി രംഗത്ത് വന്നിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബു തോല്‍ക്കുമെന്നും ബിജെപിയുമായി ചേര്‍ന്ന് ബാബു തിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടത്തിന് ധാരണ ഉണ്ടാക്കിയിട്ടുണ്ട് എന്നും സാബു നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആരോപിച്ചരിരുന്നു.

തൃപ്പൂണിത്തുറ മണ്ഡലത്തിലെ സാഹചര്യം ഇടത് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് അനുകൂലമാണെന്നും ബിജെപിയോട് ചേര്‍ന്നുളള വോട്ട് കച്ചവടം കോണ്‍ഗ്രസിന് തിരിച്ചടിയാകും എന്നും സാബു അന്ന് അഭിപ്രായപ്പെട്ടിരുന്നു. കെ ബാബുവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും സാബു ഉയര്‍ത്തിക്കാട്ടുകയുണ്ടായി. ആരോപണ വിധേയനെ മത്സരിപ്പിക്കുന്നത് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരെ നിരാശരാക്കിയെന്നും സാബു പ്രതികരിച്ചിരുന്നു.

തൃപ്പൂണിത്തുറയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ കെ ബാബു ബിജെപിയില്‍ ചേരാനുളള ധാരണ ഉണ്ടാക്കിയതായും സാബു ആരോപിച്ചിരുന്നു. തുടര്‍ന്ന് സാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി രംഗത്ത് വന്നു. തൃപ്പൂണിത്തുറയില്‍ എം സ്വരാജിനെ തോല്‍പ്പിച്ച് കെ ബാബു തന്നെയാണ് വിജയിച്ചത്. പിന്നാലെ സിപിഎം കെ ബാബുവിന് എതിരെ ബിജെപിയുമായുളള വോട്ട് കച്ചവടം ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് സാബു രാജി വെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരിക്കുന്നത്. സാബുവിന് സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലേക്ക് സ്വീകരണം നല്‍കി. ഗ്രൂപ്പ് പ്രവര്‍ത്തനത്തിന്റെ ഏറ്റവും മോശമായ അവസ്ഥയിലാണ് കോണ്‍ഗ്രസ് ഉളളതെന്ന് സാബു കുറ്റപ്പെടുത്തി. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് മാന്യത ഉണ്ടായിരുന്നു.

കളമശേരിയിൽ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്താൻ മുസ്ലിംലീഗ്‌ കാണിച്ച ധൈര്യംപോലും കെ ബാബുവിന്റെ കാര്യത്തിൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസിന്‌ കാണിക്കാനായില്ലെന്ന്‌ കോൺഗ്രസ്‌ വിട്ട മുൻ കെപിസിസി അംഗം എ ബി സാബു. സ്ഥാനാർഥി നിർണയത്തിലും ഗ്രൂപ്പുകളുടെ വീതംവയ്‌പും കച്ചവടവുമാണ്‌ നടന്നത്‌. അതുകൊണ്ടാണ്‌ കെ ബാബുവിനെപ്പോലുള്ള ആരോപണവിധേയരെ ഒഴിവാക്കാൻ കോൺഗ്രസിന്‌ കഴിയാതിരുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബാബുവിനെ സ്ഥാനാർഥിയാക്കരുതെന്ന്‌ താനുൾപ്പെടെ പലരും ആവശ്യപ്പെട്ടു. പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്താൻ ലീഗിന്‌ കഴിഞ്ഞു. അത്രയെങ്കിലും ബാബുവിന്റെ കാര്യത്തിലും വേണമെന്നായിരുന്നു ആവശ്യം. ബിജെപി വോട്ട്‌ വാങ്ങിയും ബാർ കോഴ ആരോപണത്തിൽ വിജിലൻസ്‌ ക്ലീൻ ചിറ്റ്‌ നൽകിയെന്ന്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുമാണ്‌ ബാബു വിജയിച്ചത്‌. ബിജെപി വോട്ടുകൾ തനിക്ക്‌ കിട്ടുമെന്ന്‌ തെരഞ്ഞെടുപ്പിനുമുമ്പേ ബാബു അവകാശപ്പെട്ടു. കച്ചവടം ഉറപ്പിച്ചശേഷമാണ്‌ അദ്ദേഹം അത്‌ പറഞ്ഞത്‌. വോട്ടുകൾ ചോർന്നതായി ബിജെപി സ്ഥാനാർഥിയും പിന്നീട്‌ വ്യക്തമാക്കിയെന്നും സാബു പറഞ്ഞു.

കോൺഗ്രസിൽ ഗ്രൂപ്പിന്റെ പേരിലുള്ള കച്ചവടവും വീതംവയ്‌പുമൊന്നും നേതൃമാറ്റംകൊണ്ട്‌ ഇല്ലാതാകാൻ പോകുന്നില്ല. ഗ്രൂപ്പുകളിയുടെ ഭാഗമായുണ്ടായ സംഘടനാദൗർബല്യവും അന്ധമായ കമ്യൂണിസ്‌റ്റ്‌ വിരോധ നയവും നിലപാടുകളുമാണ്‌ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക്‌ കാരണം. അത്‌ നേതൃത്വം തിരിച്ചറിഞ്ഞിട്ടില്ല. കോൺഗ്രസ്‌ നേതൃത്വം കാലാനുസൃതമായി മാറാനോ വസ്‌തുനിഷ്‌ഠമായി കാര്യങ്ങൾ വിലയിരുത്താനോ ശ്രമിക്കുന്നില്ല. മഹാദുരിതങ്ങളുടെ കാലത്ത്‌ കൈത്താങ്ങായി നിന്നതിന്‌ ജനതയർപ്പിച്ച വിശ്വാസമാണ്‌ എൽഡിഎഫ്‌ ഭരണത്തുടർച്ചയ്‌ക്ക്‌ കാരണം. ദുരിതകാലത്ത്‌ സർക്കാർ ഭക്ഷ്യകിറ്റുകൾ നൽകിയതുകൊണ്ടാണ്‌ സാധാരണക്കാരന്റെ വീടുകളിൽ അടുപ്പ്‌ പുകഞ്ഞതെന്ന കാര്യം കോൺഗ്രസ്‌ തിരിച്ചറിയുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ്‌ കിട്ടാത്തതുകൊണ്ടാണോ രാജി എന്ന ചോദ്യത്തിന്‌, അങ്ങനെയായിരുന്നെങ്കിൽ മുമ്പേ രാജിവയ്‌ക്കാമായിരുന്നെന്ന്‌ സാബു മറുപടി നൽകി. തെരഞ്ഞെടുപ്പുകാലത്തൊക്കെ പേര്‌ പരിഗണിക്കാറുണ്ട്‌. ഗ്രൂപ്പ്‌ പങ്കിടലിൽ അവഗണിക്കപ്പെടുകയാണ് പതിവ്‌. അന്നൊന്നും രാജിവച്ചിട്ടില്ലെന്നും സാബു പറഞ്ഞു.

Top