
കണ്ണൂർ :സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടി മരിച്ചതാണ്…കൊന്നതാണ് എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന്റെ പോസ്റ്റുമായി കോൺഗ്രസിലെ പ്രമുഖ നേതാവ് കെ പ്രമോദ് !..കെ.സുരേന്ദ്രൻ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ രക്തസാക്ഷി!..കണ്ണൂർ കോൺഗ്രസിൽ കലാപം തുടങ്ങിയിരിക്കയാണ് !പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് . ഐ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സുരേന്ദ്രന്റെ മരണം കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്നെന്ന ആരോപണവുമായി കെ.സുരേന്ദ്രന്റെ സഹയാത്രികർ. കോൺഗ്രസ് നേതാവ് പ്രമോദിന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങൾ ചർച്ചയാവുന്നത്. കോൺഗ്രസ് പ്രവർത്തകൻ കൂടിയായ ദീവേഷ് ചേനോളി എന്ന സൈബർ ഗുണ്ട കഴിഞ്ഞ രണ്ടു ദിവസമായി ചിലരുടെ വ്യക്തി താൽപര്യത്തിനായി കെ.സുരേന്ദ്രനെതിരെ സൈബർ ആക്രമണം നടത്തിയിരുന്നതായും കെ പ്രമോദിന്റെ പോസ്റ്റിൽ പറയുന്നു .
അഴിമതിക്കാരനായി പൊതുസമൂഹത്തിനുമുന്നിൽ സമൂഹമാധ്യമങ്ങളിലൂടെ ചിത്രീകരിക്കാൻ ശ്രമിച്ചതായും. ഇതേതുടർന്ന് കെ.സുരേന്ദ്രൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും തന്റെ രാഷ്ട്രീയ ഭാവി തർക്കാൻ കോൺഗ്രസ്സിൽ നിന്ന് തന്നെ ശ്രമം നടക്കുന്നതായും അദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞതായാണ് പോസ്റ്റിൽ പറയുന്നത്.
കണ്ണൂർ മേയർ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്ന് തുടങ്ങി സി പി എമ്മിന്റെ ചാരനാണ് എന്നുവരെ പ്രചരണം നടത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നടന്ന ഈ കുപ്രചരണം കണ്ട് നിരവധി പേർ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയും സത്യാവസ്ഥ ആരായുകയും ചെയ്തായി സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഇതോടെ അദ്ദേഹം മാനസികമായി തളർന്നുവെന്നും മറ്റൊരു അസുഖവുമില്ലാതിരുന്ന അദ്ദേഹം നെഞ്ചുപൊട്ടി മരിക്കാൻ കാരണം ഈ കുപ്രചരങ്ങളാണെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.ഇതോടെ കോൺഗ്രസിൽ നിന്ന് തന്നെ കെ.സുരേന്ദ്രന് നേരെ തിരിഞ്ഞ ശത്രുക്കൾ ആരെന്ന ചോദ്യം കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള പൊട്ടിത്തെറിക്ക് വഴിമരുന്നിടുകയാണ്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
#സുരേന്ദ്രേട്ടൻ #ഹൃദയം #പൊട്ടി #മരിച്ചതാണ്… #കൊന്നതാണ്…
ധനലക്ഷ്മി ആശുപത്രിയിലെ ഫ്രീസറിൽ മരവിച്ചു കിടക്കുകയാണ് ഇന്നലെ വെകുന്നേരം വരെ നമ്മളോടൊപ്പമുണ്ടായിരുന്ന സുരേന്ദ്രേട്ടൻ. സുരേന്ദ്രേട്ടൻ്റെ മരണം പെട്ടെന്നായിരുന്നു. ഏതെങ്കിലും കാര്യമായ രീതിയിലുള്ള അസുഖങ്ങൾ കൃത്യമായി മെഡിക്കൽ ചെക്കപ്പ് നടത്തുന്ന സുരേന്ദ്രേട്ടന് ഉണ്ടായിരുന്നില്ല എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ഒരാളെന്ന നിലയ്ക്ക് ഞാൻ ഒരു കാര്യം പറയുന്നു. സുരേന്ദ്രേട്ടൻ ഹൃദയം പൊട്ടിയാണ് മരിച്ചത്. ആ മനസിനെ അത്രമേൽ ഉലച്ച ഒരു സംഭവം ഞായറാഴ്ച ഉണ്ടായിരുന്നു.
ഇപ്പോഴിത് പറഞ്ഞില്ലെങ്കിൽ സുരേന്ദ്രേട്ടനെന്ന നിസ്വാർത്ഥനായ കോൺഗ്രസ് നേതാവിനോടുള്ള വലിയ തെറ്റായിരിക്കും.ആ മനസിനെ വല്ലാതെ ഉലച്ച സംഭവത്തെ നിസാരമായി കാണാൻ ഒരു കോൺഗ്രസ് പ്രവർത്തകനും സാധിക്കില്ല.
Deevesh chenoli എന്ന സൈബർ ഗുണ്ട കഴിഞ്ഞ രണ്ടു ദിവസമായി കെ.സുരേന്ദ്രനെന്ന നേതാവിനെ മാനസികമായി തകർക്കാനും അവഹേളിക്കാനും ശ്രമിച്ചതിൻ്റെ തെളിവുകൾ കൂടി ഞാൻ ഇതോടൊപ്പം ചേർക്കുന്നുണ്ട്. വിദേശത്തെവിടെയോ ലഹരിപ്പുറത്ത് ഓരോന്ന് പുലമ്പുന്ന ഒരു സൈബർ ഗുണ്ടയുടെ പ്രതികരണമെന്നതിനപ്പുറം അതിനു പിന്നിൽ പാർട്ടിയിൽ ചിലരുടെ കൃത്യമായ ഓപ്പറേഷനുണ്ടെന്ന കാര്യം സുരേന്ദ്രേട്ടനെ വല്ലാതെ തളർത്തി. കണ്ണൂർ മേയർ സ്ഥാനത്തിനായി കുപ്പായം തുന്നി വെച്ച് നടക്കുന്നു എന്നൊക്കെ ഒരു സൈബർ ക്രിമിനലിനെ ഉപയോഗിച്ച് വ്യാപകമായി പ്രചരിപ്പിച്ചതിനു പിന്നിലെ നീച മനസ് ആരുടേതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും. കണ്ണൂർ മേയർ സ്ഥാനത്തേക്ക് സുരേന്ദ്രേട്ടനെങ്ങാനും പരിഗണക്കപ്പെടുമോയെന്ന ആധിയിൽ ആ പാവം മനുഷ്യനെ തകർക്കാൻ സൈബർ ക്വട്ടേഷൻ കൊടുത്തവൻ , അവനോടൊന്നും ക്ഷമിക്കാനുള്ള വിശാലമനസ് ഞാനടക്കമുള്ള പ്രവർത്തകർക്കില്ല എന്ന് ആദ്യമേ പറയട്ടെ.
തികച്ചും അനവസരത്തിലാണ് സുരേന്ദ്രേട്ടനെതിരെ ഇത്തരമൊരു സൈബർ അക്രമണം നടന്നത്. അത് ജില്ലാ കോൺഗ്രസ് കമ്മിറ്റിയെയടക്കം ടാഗ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ആ ശുദ്ധമനസിന് വലിയ ആഘാതമായി. ഇന്നലെ സുരേന്ദ്രേട്ടൻ സംസാരിച്ചതൊക്കെ ഈ വിഷയമായിരുന്നു.
അപ്രതീക്ഷിതമായുണ്ടായ മാനസികാഘാതവും വ്യക്തിഹത്യയും താങ്ങാനാകാതെ ഹൃദയം പൊട്ടി മരിച്ച പ്രിയപ്പെട്ട സുരേന്ദ്രേട്ടാ, നാളെ മൃതദേഹം ചിതയിലേക്കെടുക്കും മുമ്പെങ്കിലും ഇതു പറഞ്ഞില്ലെങ്കിൽ എന്താത്മാർത്ഥതയാണ് നമ്മുടെ ബന്ധത്തിലുള്ളത് ..
അനുശോചനങ്ങൾ അറിയിക്കുന്ന നേതാക്കന്മാരോട് ..
പാർട്ടി പ്രവർത്തകനെന്ന ലേബലിൽ സുരേന്ദ്രേട്ടനെതിരെ വ്യക്തിഹത്യ നടത്തിയവനെതിരെ നിയമ നടപടിയാണ് ആദ്യം വേണ്ടത്. കെപിസിസിയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇതിന് തയ്യാറാകണം. യൂത്ത് കോൺഗ്രസും ഐ എൻ ടി യു സി യുമൊക്കെ ഇത് ഗൗരവത്തോടെ കാണണം.
നമ്മുടെ സുരേന്ദ്രേട്ടനെ കൊന്നവർ, അതിന് ഗൂഢാലോചന നടത്തിയവർ.. അവരെ ഇനിയും തോളിലേറ്റി നടക്കാനാണ് ഭാവമെങ്കിൽ അതൊന്നും പൊറുക്കാൻ സുരേന്ദ്രേട്ടനെ സ്നേഹിക്കുന്ന പ്രവർത്തകർ തയ്യാറാകില്ല..
സുരേന്ദ്രേട്ടന് നീതി വേണം .. കൊലക്കുറ്റത്തിനു തന്നെ ഈ സൈബർ ക്രിമിനലുകൾക്കെതിരെ കേസെടുപ്പിക്കണം.. ഇനിയൊരു മനുഷ്യനും ഈ ഗതിയുണ്ടാവരുതെന്ന പ്രാർത്ഥനയോടെ
കെ. പ്രമോദ്