കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനാകും; സുധാകരനെ ഡൽഹിയ്ക്കു വിളിപ്പിച്ച് ഹൈക്കമാൻഡ്; തിരഞ്ഞെടുപ്പ് തോൽവിയ്ക്കു പിന്നാലെ സ്ഥാനം ഒഴിയാൻ സന്നദ്ധനായി മുല്ലപ്പള്ളി

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയ നീക്കങ്ങൾക്ക് അവസാനമാകുന്നതായി സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കണ്ണൂരിൽ നിന്നുള്ള തീപ്പൊരി നേതാവ് കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കിയേക്കും. സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്നുള്ള നിർദേശം കോൺഗ്രസിലെ നേതാക്കളെല്ലാം ഗ്രൂപ്പ് വ്യത്യാസമില്ലാതെ അറിയിച്ചതായാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്കു പിന്നാലെ, മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സിയിൽ വൻ അഴിച്ചു പണി വരുന്നത്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത് ഉമ്മൻചാണ്ടി തന്നെ യു.ഡി.എഫിനെയും കോൺഗ്രസിനെയും നയിക്കുമെന്നാണ് സൂചന. ഇത്തരത്തിൽ യു.ഡി.എഫിനെ ഉമ്മൻചാണ്ടി നയിക്കുമ്പോൾ പാർട്ടിയിൽ നിന്നും ശക്തമായ പിൻതുണ ലഭിക്കേണ്ടി വരും. ഇത്തരത്തിൽ ശക്തമായ പിൻതുണ നൽകാൻ ജനകീയനായ നേതാവിനെ സാധിക്കൂ എന്നാണ് വിലയിരുത്തൽ. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു കെ.സുധാകരനെ നിയോഗിക്കുന്നത്. നിലവിൽ കണ്ണൂരിൽ നിന്നുള്ള എം.പിയും, കെ.പി.സി.സി വൈസ് പ്രസിഡന്റുമാർ കെ.സുധാകരൻ.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന യോഗത്തിൽ ഉമ്മൻചാണ്ടിയെ തന്നെ കോൺഗ്രസിന്റെ നേതൃത്വം ഏൽപ്പിക്കാൻ ധാരണയായിരുന്നു. ഈ സാഹചര്യത്തിൽ ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. ഇത് മറികടക്കുന്നതിനു വേണ്ടിയാണ് പേരിനെങ്കിലും ഐഗ്രൂപ്പിന്റെ ഭാഗമായ, എന്നാൽ സ്വതന്ത്രമായ നിലപാടുള്ള കെ.സുധാകരനെ തന്നെ കെ.പി.സി.സി പ്രസിഡന്റ് ആക്കുന്നതിനു ധാരണയുണ്ടായിരിക്കുന്നത്.

നിലവിൽ സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് കണ്ണൂർ ലോബിയാണ്. ഇവർക്കൊപ്പം ശക്തമായ സമ്മർദവുമായി നില നിൽക്കണമെങ്കിൽ കണ്ണൂരിൽ തന്നെ വേരുകളുള്ള നേതൃത്വം കോൺഗ്രസിനുണ്ടാകണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് തന്നെയാണ് ഇപ്പോൾ പാർട്ടിയെ കൂടുതൽ ശക്തമാക്കുന്നതിനായി സുധാകരനെ രംഗത്തിറക്കാനുള്ള നീക്കത്തിനു പിന്നിലും.

Top