അരൂരിൽ തോൽവി ഉറപ്പിച്ച ഷാനിമോൾ സുധാകരനോട് മാപ്പ് പറഞ്ഞു..ഫോണിൽ പോലും സംസാരിക്കാതെ പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവ്’ എന്നും ഷാനിമോൾ

തിരുവനന്തപുരം: അടുത്ത തിരഞ്ഞെടുപ്പിൽ അരൂരിൽ തോൽവി ഉറപ്പായി എന്ന തോന്നലിൽ കോൺഗ്രസ് നേതാവ് കെ സുധാകരനെ വിമർശിച്ചതിൽ ക്ഷമ ചോദിച്ച് ഷാനിമോൾ ഉസ്മാൻ രംഗത്ത് എത്തി . ഷാനിമോളിന്റെ പ്രതികരണം വലിയ വിവാദം ആയിരുന്നു .കോൺഗ്രസ് സൈബർ ടീമുകളും നേതാക്കളും അതൃപ്തി രേഖപ്പെടുത്തിയിരുന്നു .സുധാകരനോട് ഫോണിൽ പോലും സംസാരിക്കാതെ വിമർശിച്ചത് തന്റെ പിഴയാണ് എന്നും ഷാനിമോൾ പറഞ്ഞു . തന്റെ പ്രതികരണത്തിന് പിന്നിൽ ഒരു നേതാവിനും പങ്കില്ല. സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും ഷാനിമോൾ ഉസ്മാൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ‌ ആവശ്യപ്പെട്ടു.

ഷാനിമോൾ ഉസ്മാന്റെ കുറിപ്പിന്റെ പൂർണരൂപം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ വി.എസ്. ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നത് കൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. കെ.സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്.

എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർകൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ്‌ നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രസ്താവനയില്‍ സിപിഎമ്മിനില്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിലുള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് ചോദിച്ച, കെ സുധാകരൻ ഷാനിമോൾ ഉസ്മാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. കോണ്‍ഗ്രസിൽ നിന്ന് അങ്ങനെ വരുന്നതില്‍ സംശയമുണ്ടെന്നും മൂന്ന് ദിവസമായിട്ടും സി.പിഎമ്മില്‍ നിന്നും ആരും പ്രതികരിക്കാത്ത വിഷയം കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നത് എന്തിനാണെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

“സി പി എമ്മാണ് ഇത് വിഷയമാക്കേണ്ടത്. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇതില്‍ കോണ്‍ഗ്രസിന്റെ താത്പര്യം എന്താണ്? അതില്‍ സംശയം ഉണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കെ പി സി സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. അവര്‍ നയം വ്യക്തമാക്കണം. ഞാന്‍ തെറ്റ് പറഞ്ഞാല്‍ കാലുപിടിച്ച് മാപ്പുപറയും. പിണറായി വിജയനെ കുറിച്ച് നല്ലത് പറയേണ്ട കാലത്ത് നല്ലത് പറഞ്ഞിട്ടുണ്ട്”

“ഒരു തൊഴിലാളി വര്‍ഗനേതാവിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. ആ വളര്‍ച്ച പാരമ്യതയിലെത്തുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് ഒരു പ്രതീക്ഷയുണ്ട്. എന്നാൽ പിണറായി ആ രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. ആ പ്രതീക്ഷ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം വിനിയോഗിച്ചോ അതോ അദ്ദേഹത്തിന്റെ സുഖസൗകര്യത്തിന് വേണ്ടി ഈ വളര്‍ച്ചയും വികാസവും ഭരണത്തിന്റെ സ്വാധീനവും ഉപയോഗപ്പെടുത്തിയോ എന്നതാണ് അതിലെ സാംഗത്യം. ഞാന്‍ സൂചിപ്പിച്ചത് അതാണ്. 18 കോടിയാണ് ഹെലികോപ്ടറിനായി ചെലവഴിച്ചത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർ ഹെലികോപ്ടറിലാണോ യാത്രചെയ്തത്? അതിനാൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, ” സുധാകരൻ വ്യക്തമാക്കി.

“അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ? ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽ ക്കുന്നു. അതിന്റെ തെറ്റും ശരിയും ഞാൻ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ചെത്ത് തൊഴിലാളി എന്ന് പറയുന്നത് കുറ്റമാണോ കര്‍ഷക തൊഴിലാളി, നെയ്ത്തുതൊഴിലാളി, ബീഡി തൊഴിലാളി എന്നിങ്ങനെ ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച് പറഞ്ഞാല്‍ എന്താണ് അപമാനം? എന്താണ് തെറ്റ്? ഇതുവരെ മനസിലായില്ല.”

” പിണറായി വിജയനെ കുറിച്ച് പറഞ്ഞതില്‍ ഏതെങ്കിലും സി.പി.എം നേതാവ് പ്രതികരിച്ചോ? എന്തുകൊണ്ടാണ് അവര്‍ പ്രതികരിക്കാത്തത്. പ്രതികരിക്കാനില്ല എന്ന തിരിച്ചറിവുകൊണ്ടാണത്. പിന്നെ ഷാനിമോള്‍ക്ക് എന്താണ് ഇത്രയും അസന്തുഷ്ടിയും മനപ്രയാസവും ഉണ്ടാവാന്‍ കാരണം? ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ അവര്‍ (സിപിഎം ) ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റി?” -സുധാകരന്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം. “ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന് സഞ്ചരിക്കാൻ ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതിൽ അഭിമാനിക്കുകയാണോ അപമാനം തോന്നുകയാണോ വേണ്ടതെന്ന് സിപിഎം പ്രവർത്തകർ ആലോചിക്കണമെന്നുമായിരുന്നു” സുധാകരൻ പറഞ്ഞത്.

Top