കണ്ണൂർ: യുഡിഎഫ് അതികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ രമേശ് ചെന്നിത്തലയെന്ന് കെ സുധാകരൻ. പേരാവൂരിൽ സണ്ണി ജോസഫിന്റെ പ്രചാരണത്തിന് താൻ പോകുമെന്നും കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ല എന്നും സുധാകരൻ പറഞ്ഞു.പാർട്ടി തീരുമാനത്തെ ചോദ്യം ചെയ്യൽ അല്ല തന്റെ കീഴ്വഴക്കം പാർട്ടിയെ അംഗീകരിച്ച് വിധേയനായി പ്രവർത്തിക്കുന്ന പ്രവർത്തകനാണ് താനെന്ന് കെ സുധാകരൻ.
പാർട്ടി തീരുമാനങ്ങളെ ചലഞ്ച് ചെയ്യാൻ ഞാൻ ആളല്ല ആരൊക്കെ സ്ഥാനാർഥി ആകണം ആകേണ്ട എന്നുള്ള തീരുമാനം എടുക്കുന്നത് എ ഐ സി സി ആണ്. അവർ എടുത്ത തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് മുൻപോട്ട് പോകുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ ഉത്തരവാദിത്വമല്ല എന്ന തിരിച്ചറിവാണ് മനഃപ്രയാസമില്ലാതെ താൻ സ്വീകരിച്ചതെന്നും കെ സുധാകരൻ വ്യക്തമാക്കി.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാൻ മകൻ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും സുധാകരൻ പറഞ്ഞു. മല്ലികാർജുൻ ഖർഗെ തന്നെ വിളിച്ചിരുന്നു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താൻ എടുക്കില്ലെന്ന് ഖർഗേയ്ക്ക് അറിയാമെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ ടി ഒ മോഹനനുമായി തനിക് ഒരു പ്രശ്നവുമില്ല എന്നും സുധാകരൻ പറഞ്ഞു.
താൻ സ്ഥാനാർഥി ആകുന്നില്ലെങ്കിൽ പകരം ടി ഒ മോഹനനെ ആക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താൻ പറഞ്ഞത്. പാർട്ടിക്കകത്ത് ഒരു പ്രശ്നവുമില്ല എന്നും തെരഞ്ഞെടുപ്പിൽ നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും സുധാകരൻ പറഞ്ഞു. താൻ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല എന്നും സുധാകരൻ തറപ്പിച്ചുപറഞ്ഞു.
സ്ഥാനാർഥി നിർണയത്തിൽ തന്നോട് അഭിപ്രായം ചോദിക്കേണ്ട കാര്യം ഇല്ല. പാർട്ടി ഒരു തീരുമാനം തന്നെ അറിയിച്ചു ആ തീരുമാനം താൻ അംഗീകരിക്കുകയായിരുന്നു. എന്റെ അഭിപ്രായം ഞാൻ അറിയിച്ചിരുന്നു പക്ഷെ അഖിലേന്ത്യാ നേതാക്കന്മാർക്ക് അത് സ്വീകാര്യമായിരുന്നില്ല അതുകൊണ്ട് ഭൂരിപക്ഷവും അവരുടെ തീരുമാനമാണ് പ്രാവർത്തികമായത്. അതിനെ ചോദ്യം ചെയ്യാൻ തനിക്ക് പറ്റില്ലായിരുന്നു.
താൻ വളർത്തിയ നേതാക്കൾ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രകടിപ്പിക്കേണ്ട വികാരങ്ങളെല്ലാം വ്യക്തമാക്കുകയും നേതാക്കളുമായി സംസാരിക്കുകയുമെല്ലാം ചെയ്തിരുന്നു. പക്ഷെ ഇക്കാര്യങ്ങളെല്ലാം നേതാക്കൾ പങ്കുവെച്ചിരുന്നില്ല എന്നുള്ളതാണ് വലിയ പോരായ്മ. സമാധാനപരമായി ഒരു വിഷയത്തെ കൈകാര്യം ചെയ്യാനും അതിനൊക്കെ ഉത്തരം കൊടുക്കാനും സാധിക്കുന്ന ഒരു മനസാന്നിധ്യം തന്റെ പൊതുസ്വത്താണെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.










