കോണ്‍ഗ്രസിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിന്നു കൂടുതല്‍ പേര്‍ ബിജെപിയിലേക്കെത്തുമെന്ന പ്രസ്താവനയ്ക്കു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ശ്രീധരന്‍പിള്ള രംഗത്തെത്തി. കോണ്‍ഗ്രസില്‍ നിന്നു മാത്രമല്ല സിപിഎമ്മില്‍ നിന്നും സംസ്ഥാന നേതാക്കള്‍ ബിജെപിയില്‍ എത്തുമെന്ന് ശ്രീധരന്‍ പിള്ള. എത്രപേരാണ് ബിജെപിയിലേക്ക് എത്തുന്നതെന്ന് എണ്ണം സഹിതം വ്യക്തമാക്കിയിരിക്കുകയാണ് ശ്രീധരന്‍പിള്ള.
സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന 12 സി.പി.എം – കോണ്‍ഗ്രസ് നേതാക്കള്‍ നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ഈ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം കൈമാറിയിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും. എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
എല്ലാ വര്‍ഷവും അഞ്ച് കോടിയിലേറെ പേര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കോടതി വിധിക്ക് പകരം പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടക്കുന്നത്. മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരത്തല്‍ രേഖയില്‍ പറയുന്നത്. ഈ തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞതിനെ തുടര്‍ന്നാണ് വളഞ്ഞ വഴിയില്‍ ഇക്കാര്യം നടപ്പിലാക്കുന്നത്. നാണക്കേടേ നിന്റെ പേരോ സി.പി.എം എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വെറും ദിവാസ്വപ്നമാണെന്നായിരുന്നു കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരും ബി.ജെ.പിയിലേക്ക് പോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ഇക്കാര്യത്തില്‍ സി.പി.എം നേതാക്കളാരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.