യുപിയിലും കോണ്‍ഗ്രസ് പിടിമുറുക്കുന്നു!!! എസ്പി ബിഎസ്പി സഖ്യത്തില്‍ വിള്ളല്‍

ഉത്തര്‍പ്രദേശിലെ അധികാരത്തില്‍ നിന്നും കോണ്‍ഗ്രസ് മാറ്റി നിര്‍ത്തപ്പെട്ടിട്ട് 29 വര്‍ഷമായി. ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് യുപിയില്‍ കോണ്‍ഗ്രസ് നാമാവശേഷമായി. പ്രവര്‍ത്തകര്‍ അവരവരുടെ കൂടാരങ്ങളിലേക്കു മടങ്ങി. എ്‌നാല്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നേരിട്ടേറ്റുമുട്ടി ബിജെപിയെ പരാജയപ്പെടുത്തിയ പശ്ചാത്തലത്തില്‍ പുതിയൊരു കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്.

കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തി സഖ്യമുണ്ടാക്കാനുള്ള നീക്കമാണ് എസ്പി-ബിഎസ്പി സഖ്യം ലക്ഷ്യംവയ്ക്കുന്നത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കുമെന്ന് സമാജ്വാദി പാര്‍ട്ടിയിലെ വിമത വിഭാഗം അറിയിച്ചു. വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന ശിവപാല്‍ യാദവാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ എസ്പി വോട്ടുകളില്‍ ഒരുഭാഗം കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കുമെന്ന് ഉറപ്പായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നാണ് മായാവതിയും അഖിലേഷ് യാദവും തത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്. സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും രണ്ടു സീറ്റുകള്‍ മാത്രം നല്‍കാമെന്നാണ് എസ്പിയും ബിഎസ്പിയും അറിയിച്ചത്. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പുതിയ നീക്കമാണ് എസ്പിയിലെ വിമതരുടെ രംഗപ്രവേശനത്തിന് ഇടയാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ യുപിയിലെ രാഷ്ട്രീയം മാറിമറിയുകയാണ്.

അഖിലേഷ് യാദവിന്റെ വലംകൈ ആയിരുന്നു അമ്മാവനായ ശിവപാല്‍ യാദവ്. തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുവെന്ന് ആരോപണം ഉന്നയിച്ചാണ് ശിവപാല്‍ പാര്‍ട്ടി വിട്ടത്. എസ്പി പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഇദ്ദേഹത്തിനുണ്ട്. മാത്രമല്ല, സംസ്ഥാനത്തെ പ്രമുഖനായ നേതാവ് കൂടിയാണ് ശിവപാല്‍ യാദവ്.

ശിവപാല്‍ യാദവ് അടുത്തിടെ യുപിയില്‍ നടത്തിയ പൊതുപരിപാടിയില്‍ അഖിലേഷിന്റെ പിതാവ് മുലായം സിങ് യാദവ് പങ്കെടുത്തത് വന്‍ വാര്‍ത്തയായിരുന്നു. മുലായം ശിവപാലിന് ഒപ്പമാണെന്ന വാര്‍ത്തകള്‍ വന്നത് ഇതിന് പിന്നാലെയാണ്. എന്തുവില കൊടുത്തും ബിജെപിയെ പരാജയപ്പെടുത്തുമെന്നും കോണ്‍ഗ്രസിന് ഒപ്പംനില്‍ക്കുമെന്നും ശിവപാല്‍ പറഞ്ഞു.

യുപിയിലെ 75 ജില്ലകളിലും വ്യവസ്ഥാപിതമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ശിവപാല്‍ യാദവ് പറഞ്ഞു. ബിജെപിക്കെതിരെ മല്‍സരിക്കാനാണ് തീരുമാനം. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുമെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

ബറേലിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശിവപാല്‍ യാദവ്. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അമ്മാവനാണ് ശിവപാല്‍ യാദവ്. ബിജെപിയെ പരാജയപ്പെടുത്തുക മാത്രമാണ് വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ചില കോണ്‍ഗ്രസ് നേതാക്കള്‍ ശിവപാലുമായി ബന്ധപ്പെട്ടുവെന്ന് അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

രാമക്ഷേത്ര വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ശിവപാല്‍ യാദവ് കൃത്യമായ മറുപടി നല്‍കിയില്ല. വിവാദത്തിലിരിക്കുന്ന വിഷയമാണതെന്ന് ശിവപാല്‍ പറഞ്ഞു. സരയൂ നദിയോട് ചേര്‍ന്ന് ഒരുപാട് സ്ഥലമുണ്ട്. എവിടെ വേണമെങ്കിലും ക്ഷേത്രം പണിയാം. വേണമെങ്കില്‍ ഞാനും സംഭാവന തരാമെന്നും ശിവപാല്‍ യാദവ് പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ഒഴികെയുള്ള കക്ഷികളെ ചേര്‍ത്താണ് ബിഎസ്പി സഖ്യത്തിന് ശ്രമിക്കുന്നത്. എസ്പിയുമായി അവര്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. ഈമാസം അവസാനം മായാവതി ലഖ്‌നൗവില്‍ അഖിലേഷുമായി അന്തിമ ചര്‍ച്ചകള്‍ക്ക് ശേഷം പ്രഖ്യാപനം നടത്തും. ജനുവരി 15ന് മായാവതിയുടെ 63ാം ജന്‍മദിനമാണ്. അന്ന് വന്‍ പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

യുപിയിലേക്ക് പ്രതിപക്ഷ നേതാക്കളില്‍ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ സഖ്യം സംബന്ധിച്ച് അന്ന് മായാവതിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്. മൂന്നാം മുന്നണി രൂപീകരിക്കാനാണ് മായാവതിയുടെ ശ്രമമമെന്ന് ബിഎസ്പി നേതാവ് പറഞ്ഞു. എസ്പി, ബിഎസ്പി, ആര്‍എല്‍ഡി, ജെസിസി എന്നീ കക്ഷികള്‍ ഒരുമിച്ച് യുപിയില്‍ മല്‍സരിക്കും.

ഇക്കാര്യം ബോധ്യമായ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ബദല്‍ മാര്‍ഗം ആലോചിക്കാന്‍ തുടങ്ങി. ജനുവരി 15ന് നടക്കുന്ന മായാവാതിയുടെ ജന്‍മദിനാഘോഷത്തിലേക്ക് കോണ്‍ഗ്രസിനെ ഇതുവരെ ക്ഷണിച്ചിട്ടില്ല. കോണ്‍ഗ്രസ് യുപിയിലെ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം യോഗം ചര്‍ച്ച ചെയ്യും. എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്.

പ്ലാന്‍ ബി ആസൂത്രണം ചെയ്യാനാണ് കോണ്‍ഗ്രസ് തീരുമാനം. സഖ്യം സാധ്യമായില്ലെങ്കില്‍ തനിച്ചുമല്‍സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 543 അംഗ ലോക്‌സഭയില്‍ ശക്തി തെളിയിക്കുന്നതിന് യുപിയില്‍ കൂടുതല്‍ സീറ്റ് കിട്ടേണ്ടത് നിര്‍ബന്ധമാണ്. ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. കഴിഞ്ഞതവണ ബിജെപിക്ക് 71 സീറ്റ് ലഭിച്ചിരുന്നു.

ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ യുപിയില്‍ ഒന്നിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്. എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. എന്നാല്‍ ഒറ്റയ്ക്ക് ജനവിധി തേടാന്‍ ആലോചിക്കുന്ന കോണ്‍ഗ്രസിന് പ്രതീക്ഷയാണ് ശിവപാല്‍ യാദവിന്റെ പ്രഖ്യാപനം.

2019ലെ പൊതുതിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് ഒരുങ്ങിയെന്ന് ഉത്തര്‍ പ്രദേശ് ചുമതലയുള്ള എഐസിസി സെക്രട്ടറി പ്രകാശ് ജോഷി പറഞ്ഞു. ബൂത്ത് തല യോഗങ്ങള്‍ ചേര്‍ന്നുകഴിഞ്ഞു. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള യോഗങ്ങള്‍ ഉടന്‍ ചേരും. പ്രതിപക്ഷ സഖ്യത്തില്‍ ചേരണമോ അതോ ഒറ്റയ്ക്ക് ജനവിധി തേടണമോ എന്ന കാര്യം ഹൈക്കമാന്റ് തീരുമാനിക്കുമെന്നും ജോഷി പറഞ്ഞു.

കോണ്‍ഗസ് മറ്റു പാര്‍ട്ടികളുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. എന്നാല്‍ ചില നേതാക്കള്‍ സംസാരിച്ചിരുന്നു. കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ സാധിക്കില്ലെന്നാണ് എസ്പിയും ബിഎസ്പിയും അറിയിച്ചതത്രെ. കോണ്‍ഗ്രസിന് രണ്ടുസീറ്റ് നല്‍കാമെന്നാണ് എസ്പി-ബിഎസ്പി സഖ്യം പറയുന്നത്. റായ്ബറേലിയും അമേത്തിയും. ഇത് കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കാന്‍ സാധ്യതയില്ല. രണ്ടുപാര്‍ട്ടികളും 15 സീറ്റുകള്‍ വിട്ടുതരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top