ന്യുഡൽഹി:രാഹുൽ വീണ്ടും വരുന്നു .2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിനുണ്ടായ ദയനീയ തോൽവിയുടെ പിന്നാലെയാണ് രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. പിന്നീട് സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ 2022 സെപ്റ്റംബറില്‍ തിരഞ്ഞെടുക്കുമെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുത്തേക്കുമെന്ന് തന്നെയാണ് വിവരങ്ങൾ. അധ്യക്ഷ സ്ഥാനത്ത് നിലവിൽ സോണിയ ഗാന്ധിയാണെങ്കിലും പാർട്ടിയുടെ നിർണായക തിരുമാനങ്ങളെല്ലാം ഇപ്പോഴും കൈക്കൊള്ളുന്നത് രാഹുൽ ഗാന്ധി തന്നെയാണ്.
ഇപ്പോൾ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സജീവ പ്രചരണം നടത്താനാണ് രാഹുലിന്റെ ലക്ഷ്യം എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിട്ടും പ്രചരണത്തിൽ സജീവമാകാതെ രാഹുൽ ഗാന്ധി വിദേശത്ത് തുടരുന്നതിൽ പാർട്ടിയിൽ മുറുമുറുപ്പുകൾ ശക്തമായിട്ടുണ്ട്. ഡിസംബര്‍ അവസാനമാണ് ‘ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. രാഹുൽ ഇറ്റലിയിലാണെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. അതേസമയം ഇക്കാര്യത്തിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
അതേസമയം ഈ വർഷം ആദ്യം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിലും 2024 ലെ പൊതു തിരഞ്ഞെടുപ്പിലും ശക്തമായ തിരിച്ചുവരവിന് ശ്രമം നടത്തുകയാണ് കോൺഗ്രസ്. അതിനായി സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണങ്ങൾ ശക്തമാക്കാനുള്ള തന്ത്രങ്ങളാണ് പാർട്ടി മെനയുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രചരണങ്ങളാണ് ബി ജെ പി ഉൾപ്പെടെ ശക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബി ജെ പിക്ക് സമാനമായി സമൂഹമാധ്യമങ്ങളിലും സാന്നിധ്യം വർധിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്. രാഹുൽ കണക്ട് എന്ന പേരിൽ ഒരു ഡിജിറ്റൽ ആപ്പ് രൂപീകരിച്ച് പ്രചരണം ശക്തമാക്കാനാണ് കോൺഗ്രസ് നീക്കം.
കൊവിഡ് കേസുകളിൽ വൻ കുതിപ്പ് വന്നതോടെ തിരഞ്ഞെടുപ്പ് പ്രചരണം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറ്റണമെന്ന നിർദ്ദേശമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് വെച്ചിരിക്കുന്നത്. 014 മുതൽ പ്രത്യേക ഇന്റർനെറ്റ് വിഭാഗം തന്നെ രൂപീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. സോഷ്യൽ മീഡിയ പ്രചരണത്തിൽ മറ്റ് പാർട്ടികളെ ബഹുദൂരം പിന്നിൽ നിർത്തിക്കുന്ന ബിജെപിക്ക് അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് പ്രചരണം ഏറെ എളുപ്പമാണ്.
ഈ സാഹചര്യത്തിലാണ് സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചുള്ള പ്രചരണത്തിന് കോൺഗ്രസും തയ്യാറെടുക്കുന്നത്. ഇതിനായി രാഹുൽ/ ആർജി കണക്ട് 2024 എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പുകളാണ് ആരംഭിക്കുക. ഈ ഗ്രൂപ്പുകൾ വഴി പാർട്ടി സന്ദേശങ്ങളും നിർദ്ദേശങ്ങളും പ്രവർത്തകർക്ക് കൈമാറും. ഇവർ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്യണം. തുടക്കത്തിൽ സംസ്ഥാനങ്ങളിൽ ഒന്നിലധികം വലിയ ഗ്രൂപ്പുകൾ ഉണ്ടാക്കാനാണ് പദ്ധതി.പിന്നീട് അവയെ സോണൽ തലത്തിലോ അസംബ്ലി സെഗ്‌മെന്റ് തലത്തിലോ വിഭജിക്കും. ചില സംസ്ഥാനങ്ങളിൽ ബൂത്ത് തലത്തിലും ഗ്രൂപ്പുകൾ രൂപീകരിക്കും. സജീവ പ്രവർത്തകരെ വാട്സ് ആപ് ഗ്രൂപ്പുകളുടെ അംഗങ്ങളാക്കും. ഇവർ പാർട്ടി പ്രവർത്തകരുമായും വോട്ടർമാരുമായും അടുത്ത ബന്ധം പുലർത്തും.