തിരുവനന്തപുരം: വിമതര്‍ക്കെതിരെ കോണ്‍ഗ്രസ്സില്‍ കൂടുതല്‍ നടപടി. കഴിഞ്ഞദിവസം കണ്ണൂരില്‍ വിമതര്‍ക്കെതിരെ നടപടിയെടുത്തതിന് പിന്നാലെ തിങ്കളാഴ്ച മലപ്പുറം, ആലപ്പുഴ ജില്ലകളിലും റിബലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചു.കാസറഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ ആറുപേരെയാണ് ഡിസിസി പുറത്താക്കിയത്. ഇവര്‍ക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
മലപ്പുറത്ത് ഇടതുപക്ഷവുമായി സഹകരിച്ച് മത്സരിക്കുന്ന ചെറിയമുണ്ടം, മാറാക്കര, കൊണ്ടോട്ടി എന്നീ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ കെ.പി.സി.സി. പ്രസിഡന്റ് പിരിച്ചുവിട്ടു. ഈ മണ്ഡലങ്ങളിലെ പ്രസിഡന്റുമാരായ എം.പി.സിദ്ദിഖ്, കെ.പി.സുരേന്ദ്രന്‍, കെ.എം.ബിച്ചു എന്നിവരെയും ഡി.സി.സി. അംഗം വി.പി.ഖാദറിനെയും കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.
മുസ്ലിം ലീഗുമായി ധാരണയിലെത്താതെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന സ്ഥലങ്ങളില്‍ യു.ഡി.എഫിന് പുറത്തുള്ള കക്ഷികളുമായി കൂട്ടുചേരരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇതുലംഘിച്ച് ഇടതുമുന്നണിയുമായി ധാരണയിലെത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടി. ഡി.സി.സി. പ്രസിഡന്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
ആലപ്പുഴയില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗികസ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്ന ചമ്പക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് വര്‍ഗീസ് വര്‍ഗീസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാജന്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
കണ്ണൂരില്‍ ആറ് വിമതരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കാസര്‍കോട് വോര്‍ക്കാടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി.എം.കെ. മുഹമ്മദിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.
പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകളായി മത്സരിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഡി.സി.സി. പ്രസിഡന്റുമാരെ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ചുമതലപ്പെടുത്തി. ഔദ്യോഗിക സ്ഥാനാര്‍ഥിയെ പരസ്യമായി പിന്തുണച്ച് മത്സരത്തില്‍നിന്ന് ഉടന്‍ പിന്മാറുന്നവരെ അച്ചടക്ക നടപടിയില്‍ നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചു.