ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനേയും ഒപ്പമുളള വിമത എംഎല്‍എമാരേയും പൂട്ടാനുളള നീക്കം കടുപ്പിച്ച് കോണ്‍ഗ്രസ്. സച്ചിൻ പൈലറ്റിന് ഒപ്പമുള്ള എംഎൽഎമാർക്ക് എതിരെ നടപടിയുമായി കോൺഗ്രസ് നേതൃത്വം. രണ്ട് എംഎൽഎമാരെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇവർക്ക് നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സസ്‌പെൻഷൻ. കൂടാതെ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ എഫ്‌ഐആർ എടുക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. എംഎൽഎമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.
അതേസമയം സ്പീക്കർ സി പി ജോഷി നൽകിയ അയോഗ്യത നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും നൽകിയ ഹർജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനുനയ നീക്കങ്ങൾക്ക് കോൺഗ്രസ് വാതിൽ തുറന്നെങ്കിലും സച്ചിൻ പൈലറ്റും വിമത എംഎൽഎമാരും മൗനം തുടരുകയാണ്.
കോൺഗ്രസ് നേതൃത്വം പരാതിപ്പെട്ടതിനെ തുടർന്നാണ് സ്പീക്കർ എംഎൽഎമാർക്ക് അയോഗ്യത നോട്ടീസ് നൽകിയത്. രണ്ട് ദിവസങ്ങളിലെ ഭരണ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതാണ് പ്രകോപനം. പാർട്ടി വിപ്പിനെ ധിക്കരിച്ചാണ് എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും നേതൃത്വം.
ഇതുവരെയും അനുനയ ശ്രമങ്ങളോട് പച്ചക്കൊടി കാട്ടാത്ത സച്ചിന്‍ പൈലറ്റിനോടും വിമതരോടും ഇനി മൃദുസമീപനം ഇല്ലെന്ന് ഉറപ്പിക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. വിമത പക്ഷത്തെ രണ്ട് എംഎല്‍എമാരെ പുറത്താക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. മാത്രമല്ല കുതിരക്കച്ചവടത്തിന്റെ പേരില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന് എതിരെ കേസും ഫയല്‍ ചെയ്ത് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതോടെ പൈലറ്റിന് മുന്നില്‍ കോണ്‍ഗ്രസ് വാതിലടക്കുകയാണെന്ന് വേണം കരുതാന്‍.
മധ്യപ്രദേശിലേതിന് സമാനമായ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനേയും അട്ടിമറിക്കാനുളള ശ്രമം ബിജെപി നടത്തുന്നു എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതിന് പിന്നാലെയാണ് സച്ചിന്‍ പൈലറ്റും എംഎല്‍എമാരും വിമത നീക്കം നടത്തിയത്. ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനാണ് സച്ചിന്‍ പൈലറ്റ് ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.