പരാജയത്തിന്റെ നീറലില്‍ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാകും; ഉമ്മന്‍ ചാണ്ടിയുടെ വാശി തോല്‍വിയ്ക്ക് കാരണമായതായി ഹൈക്കമാന്റും

തിരുവനന്തപുരം: വന്‍ പരാജയമേറ്റുവാങ്ങിയ കോണ്‍ഗ്രസിനുള്ളില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ പൊട്ടിത്തെറി തുടങ്ങി. തോല്‍വിക്ക് ഇരയായ കെ ബാബുതന്നെ കെപിസിസി അധ്യക്ഷനെതിരെ രംഗത്ത് വന്നത് ഇതിന്റെ ഭാഗമാണ്. തേല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ സ്ഥാനവും കയ്യൊഴിയുന്നതോടെ ആഭ്യന്തര കലഹവും രൂക്ഷമാകും.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തര്‍ക്ക് വേണ്ടിയുള്ള പിടിവാശിയാണ് ദയനീയ പരാജയത്തിലേക്കെത്തിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അത് കൊണ്ട് തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറാകേണ്ടിവരും.

ൃഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച്, തിരിച്ചടി നേരിട്ടതിനാല്‍ ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്‍ഡ് ഇനിയും പിന്തുണയ്ക്കുമോ എന്ന് കണ്ടറിയണം. പ്രത്യേകിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആരോപണവിധേയരായവര്‍ക്ക് സീറ്റ് നേടിക്കൊടുക്കുന്നതില്‍ ഉമ്മന്‍ചാണ്ടി കാട്ടിയ വാശിയില്‍ കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ടായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ഉമ്മന്‍ചാണ്ടി വഴങ്ങിയിരുന്നില്ല. മന്ത്രിമാരെ മാറ്റിനിറുത്തിയാല്‍ താനും മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കാമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിരുന്നു. ഒടുവില്‍ ബെന്നി ബെഹനാന്‍ ഒഴികെ മറ്റുള്ളവര്‍ക്ക് സീറ്റ് വാങ്ങി നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിരുന്നു. അതിന് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയതും ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീക്ഷ കൊണ്ടാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, അത് തിരഞ്ഞെടുപ്പില്‍ ദോഷം ചെയ്തുവെന്ന വിലയിരുത്തലില്‍ ഉമ്മന്‍ചാണ്ടിയെ വീണ്ടും പിന്തുണയ്ക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തയാറാകുമോ എന്നാണ് കണ്ടറിയേണ്ടത്. രാഹുല്‍ ഗാന്ധിയുടെ വരെ നിര്‍ദ്ദേശത്തെ തളളികളഞ്ഞതിനാല്‍ കേന്ദ്രനേതൃത്വം ഇനി ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ തയ്യാറാകില്ല.

സര്‍ക്കാരിന്റെ അഴിമതിയാണ് യു.ഡി.എഫ് തോല്‍വിക്ക് പ്രധാനമായും കാരണമായതെന്നാണ് വിലയിരുത്തല്‍. തോല്‍വിയുടെ ഉത്തരവാദിത്തം അതുകൊണ്ടുതന്നെ ഉമ്മന്‍ചാണ്ടിക്കാണെന്ന വാദവും പാര്‍ട്ടിയില്‍ ഉയരാം. അതിനാല്‍ ഐ ഗ്രൂപ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ തിരിയാനും ഇടയുണ്ട്. ഭരണത്തിലിരിക്കുമ്പോള്‍ തന്നെ ഐ ഗ്രൂപ്പ് നേതൃമാറ്റമെന്ന ആശയം പലപ്പോഴും ഉയര്‍ത്തിയിരുന്നെങ്കിലും അതൊന്നും ഉമ്മന്‍ചാണ്ടിയുടെ തന്ത്രത്തിനുമുന്നില്‍ വിലപ്പോയിരുന്നില്ല. എന്നാല്‍, ഇന്ന് സ്ഥിതി വ്യത്യസ്തമായിരിക്കുന്നു.

അതിനാല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തുവരാതിരിക്കാനുള്ള ചരടുവലി കോണ്‍ഗ്രസില്‍ നിന്നുണ്ടാകാം. കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായമാകും. യു.ഡി.എഫ് ഘടകകക്ഷികളും ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞാല്‍ സംഗതി പരുങ്ങലിലാകും.
പരാജയമേറ്റുവാങ്ങിയ ഘടകകക്ഷികളും കോണ്‍ഗ്രസിനെതിരെ രംഗത്തുവരുന്നതോടെ പ്രതിസന്ധി മൂര്‍ഛിക്കും.

Top