കൊച്ചി: ഒമിക്രോൺ രോഗി നിരീക്ഷണ നിർദേശം ലംഘിച്ചു കറങ്ങി നടന്നു. നിരീക്ഷണ സമയത്ത് ഹോട്ടലുകളിലും റസ്റ്റോറൻറുകളിലുമാണ് ഇയാൾ പോയത്. രോഗിക്ക് നിരവധി പേരുമായി സമ്പർക്കമുണ്ടെന്നും സമ്പർക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതർ അറിയിച്ചു.
കോംഗോ ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാൽ കേന്ദ്ര മാർഗനിർദേശമനുസരിച്ച് സ്വയം നിരീക്ഷണമായിരുന്നു അനുവദിച്ചത്. എന്നാൽ ഇയാൾ ധാരാളം ആളുകളെത്തുന്ന ഷോപ്പിംഗ് മാളിലും റസ്റ്റോറന്റുകളിലും ഉൾപ്പെടെ പോയിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരികയാണ്. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്നും എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ജില്ലകൾ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയാവുന്നതാണ്. എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരുടേയും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ റാൻഡം പരിശോധനയിൽ കോവിഡ് പോസിറ്റീവാകുന്നവരുടേയും ഇവരുടെ സമ്പർക്കത്തിൽ വന്ന് കോവിഡ് പോസിറ്റീവാകുന്നവരുടേയും സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കുന്നത് തുടരും. ഒമിക്രോൺ സാഹചര്യത്തിൽ കൂടുതൽ സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയക്കും. ക്ലസ്റ്ററുകൾ രൂപപ്പെടുന്ന പ്രദേശങ്ങളിലെ കോവിഡ് പോസിറ്റീവ് സാമ്പിളുകളും ജനിതക പരിശോധനയ്ക്ക് അയയ്ക്കും.