ന്യുഡല്‍ഹി: ഡല്‍ഹി പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമില്‍ നിന്നും മോചിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ എ.കെ ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
നിയമത്തിന്റെ പരിധി ലംഘിക്കാന്‍ കഴിയില്ലെന്നും ബാലനീതി വകുപ്പുകള്‍ അനുസരിച്ചുള്ള ശിക്ഷയെ നിലവില്‍ നല്‍കാന്‍ കഴിയൂ എന്നും കോടതി നിരീക്ഷിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞും പ്രതിയെ തടവില്‍ വച്ചാല്‍ പൗരന്റെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാകും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 15, 16 പ്രകാരം കുറ്റവാളിയുടെ മാനസികനില മാറിയോ എന്ന് പരിശോധിക്കേണ്ടതുണ്‌ടെന്നും ഇതു നടന്നിട്ടില്ലെന്നും വനിത കമ്മീഷനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിക്കാന്‍ തയാറായില്ല. പ്രതിയെ വിട്ടയക്കുന്നതിനെതിരേ വലിയ ഭീഷണികള്‍ ഉണ്‌ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അംഗീകരിക്കാന്‍ കോടതി തയാറായില്ല.
നിലവിലെ നിയമപ്രകാരം പ്രതിയുടെ മോചനത്തിന് തടസ്സമില്ല. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ തടവില്‍ വയ്ക്കാനാവില്ല. നിയമം അനുസരിച്ചേ കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ. നിയമങ്ങളുടെ വ്യഖ്യാനം മൗലിക അവകാശങ്ങളുടെ ലംഘനമാകരുതെന്നും കോടതി വ്യക്തമാക്കി.വിധി ഇതുതന്നെയായിരിക്കുമെന്ന് അറിയാമായിരുന്നുവെന്ന് മരിച്ച ജ്യോതി സിങ്ങിന്റെ അമ്മ പ്രതികരിച്ചു. ജ്യോതിക്ക് വീണ്ടും നീതി നിഷേധിക്കപ്പെട്ടു. സ്ത്രീസുരക്ഷ പ്രസംഗത്തില്‍ മാത്രമെന്നും ജ്യോതിയുടെ മാതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഡല്‍ഹി വനിതാ കമ്മിഷന്‍ സ്റ്റേ തേടി സുപ്രീം കോടതിയെ സമീപിച്ചത്. കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍ ആണു ഹര്‍ജി നല്‍കിയത്. പ്രതിയെ വിട്ടയക്കുന്നത് സമൂഹത്തിന് ആപത്താണെന്നായിരുന്നു വനിതാ കമ്മിഷന്റെ ഹര്‍ജിയിലെ വാദം. ഡല്‍ഹി കൂട്ടമാനഭംഗക്കേസില്‍ മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയായെങ്കിലും പ്രതിയെ വിട്ടയക്കുന്നത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്നുവര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സംഘടനയ്ക്ക് കൈമാറിയത്. പ്രതിയുടെ സുരക്ഷയും പുനരധിവാസവും കണക്കിലെടുത്തായിരുന്നു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ തീരുമാനം. പ്രതിയുടെ സ്വഭാവവും പെരുമാറ്റവും നിരീക്ഷിച്ച ശേഷം മാത്രമേ ബന്ധുക്കള്‍ക്കു വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ. അതുവരെ സര്‍ക്കാരിതര സംഘടനയുടെ നിയന്ത്രണത്തിലായിരിക്കും പ്രതി.