കേരളാ ഹൗസിലെ റെയ്‌ഡ്; പരിശോധനക്കെതിരെ മുഖ്യമന്ത്രിയും പിണറായിയും. മാധ്യമസൃഷ്ടിയെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളാഹൗസ് കാന്റീനില്‍ ഡല്‍ഹിപോലീസ് പശുവിറച്ചി അന്വേഷിച്ചെത്തിയ സംഭവം വിവാദമാകുന്നു. ഗോമാംസം വിളമ്പിയെന്ന്‌ ആരോപിച്ച്‌ കേരളാ ഹൗസില്‍ റെയ്‌ഡ് നടത്തിയ ഡല്‍ഹി പോലീസിന്റെ നടപടി തെറ്റെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളാ ഹൗസ്‌ സ്വകാര്യ ഹോട്ടല്‍ അല്ലെന്നും സര്‍ക്കാര്‍ സ്‌ഥാപനമാണെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. ഡല്‍ഹി പോലീസ്‌ മിതത്വം പാലിക്കേണ്ടിയിരുന്നുവെന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോഴിക്കോട്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് മിതത്വം പാലിക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ ഔദ്യോഗിക അതിഥിമന്ദിരമാണിത്. മുഖ്യമന്ത്രിയും ഗവര്‍ണറും താമസിക്കുന്ന സ്ഥലമാണെന്ന് മറക്കരുത്- ഉമ്മന്‍ചാണ്ടി പറഞ്ഞു.കേരള ഹൗസിന് കീഴില്‍ ജീവനക്കാര്‍ നടത്തുന്ന ‘സമൃദ്ധി റസ്റ്റോറന്റി’ലാണ് തിങ്കളാഴ്ച മുപ്പതോളം പോലീസുകാര്‍ പശുവിറച്ചി തേടി എത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ മടങ്ങി. ഇതേത്തുടര്‍ന്ന് റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഐ.എ.എസിന്റെ നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കാന്റീനില്‍ ബീഫ് കറി വില്പന നിര്‍ത്തിവെച്ചു. പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. പശുമാംസമല്ല പോത്തിറച്ചിയാണ് നല്‍കിയിരുന്നതെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നവര്‍ തന്നെയാണ് പശുവിറച്ചി അന്വേഷിച്ച് കേരളാ ഹൗസിലും കയറിയതെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറുമെന്ന മുന്നറിയിപ്പാണ് ഇത് നല്‍കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ഭക്ഷണം കഴിക്കാനെത്തിയ മലയാളി യുവാവും രണ്ട് കര്‍ണാടക സ്വദേശികളുമാണ് പോലീസില്‍ വിവരമറിയിച്ചത്. വിലവിവരപ്പട്ടികയില്‍ ബീഫ് എന്ന് മലയാളത്തിലും ബാക്കി ഇനങ്ങള്‍ ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ എഴുതി നിയമവിരുദ്ധമായി ഗോമാംസം വില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു.

ഇതിനിടെ ഇവര്‍ വിഭവങ്ങള്‍ രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഫോട്ടോ എടുക്കുന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തിനിടയാക്കി. ബീഫ് എന്ന് രേഖപ്പെടുത്തിയത് പോത്തിറച്ചിയാണെന്നും പശുവിറച്ചി കേരളഹൗസില്‍ വിളമ്പാറില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം െറസ്റ്റോറന്റില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

വൈകിട്ട് നാലരയോടെയാണ് പോലീസ് എത്തിയത്. കേരളഹൗസില്‍ സംഘര്‍ഷം നടക്കുന്നുവെന്നറിഞ്ഞ് വന്നതാണെന്നാണ് പോലീസ് പറഞ്ഞത്. കേരള സര്‍ക്കാറിന്റെ അധീനതയിലുള്ള സമുച്ചയത്തിലേക്ക് അനുമതിയില്ലാതെ പ്രവേശിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിലക്കി. പിന്നീടാണ് ബീഫിന്റെ കാര്യം പറഞ്ഞത്. അധികൃതരുടെ അനുമതിയോടെ റെസ്റ്റോറന്റിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസുകാര്‍ മടങ്ങിയെങ്കിലും റെസ്റ്റോറന്റിലെ മെനുവില്‍ നിന്ന് ബീഫ് നീക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

Top