ന്യൂഡല്‍ഹി:ലോകത്ത് ഭീതി പരത്തി കൊറോണ താണ്ഡവം ആടുകയാണ് . രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യക്കാരെ സംബന്ധിച്ച് ഹോളി എന്നത് പ്രധാന ആഘോഷമാണെങ്കിലും കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികളില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സ്വന്തം സുരക്ഷിതത്വത്തിനൊപ്പം കുടുംബത്തിന്റെ സുരക്ഷയും ഉറപ്പുവരുത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷായ്ക്ക് പുറമെ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും പൊതുപരിപടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈറസ് ബാധയെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങളും ആരോഗ്യ രംഗവും നടപടികള്‍ സ്വീകരിക്കുന്ന വേളയില്‍ ഹോളി ആഘോഷത്തില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുമെന്ന് നദ്ദ അറിയിച്ചു. എല്ലാവരും സുരക്ഷിതരും ആരോഗ്യവാന്‍മാരുമായി ഇരിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തവണത്തെ ഹോളി ആഘോഷ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിച്ചിരുന്നു.