തിരുവനന്തപുരം : ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചത് 63, 832 പേര്‍.അതിനിടെ കൊവിഡ് 19 വൈറസിന്റെ സാന്നിദ്ധ്യം 15 മിനിട്ടിൽ കണ്ടെത്തുന്ന യഥാർത്ഥ റാപ്പിഡ് ടെസ്റ്റ് കിറ്റ് ഇന്ത്യയിൽ ആദ്യമായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ (ആർ.ജി.സി.ബി) ശാസ്ത്രജ്ഞർ വികസിപ്പിച്ചു. സംസ്ഥാനത്ത് ഈ കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധന 10 ദിവസത്തിനുള്ളിൽ ആരംഭിക്കും.നിലവിൽ ഉപയോഗിക്കുന്ന പി. സി. ആർ കിറ്റിന് 4,000 രൂപ വരെ വിലയുള്ളപ്പോൾ ഈ കിറ്റിന് 380 രൂപമാത്രമാണ് വില.
ഇപ്പോൾ സംസ്ഥാനത്ത് നടത്തുന്നത് സാമ്പിളുകൾ ലാബുകളിൽ എത്തിച്ച് യന്ത്രസഹായത്തോടെയുള്ള പി.സി.ആർ പരിശോധനകളാണ്. ഫലം അറിയാൻ മൂന്നു മണിക്കൂറിൽ കൂടുതൽ എടുക്കുന്ന ഈ പരിശോധനകളൊന്നും റാപ്പിഡ് ടെസ്റ്റ് അല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ.രാധാകൃഷ്ണൻ ആർ.നായരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം രണ്ടാഴ്ചത്തെ ശ്രമഫലമായാണ് കിറ്റ് വികസിപ്പിച്ചത്. കിറ്റിന് അംഗീകാരത്തിനും നിർമ്മാണ അനുമതിക്കുമായി വരുന്ന ബുധനാഴ്‌ചയ്‌ക്കകം ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലിന് ( ഐ.സി.എം.ആർ ) സമർപ്പിക്കും. അഞ്ചു ദിവസത്തിനുള്ളിൽ നിർമ്മാണാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അനുമതി കിട്ടിയാലുടൻ കളമശേരി കിൻഫ്ര പാർക്കിലുള്ള രാജീവ് ഗാന്ധി സെന്ററിന്റെ നിർമ്മാണ യൂണിറ്റായ യൂ ബയോടെക്നോളജീസിൽ ഉത്പാദനം തുടങ്ങും.