
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87,978 ആയി. രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. 1496114 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 319160 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ ബുധനാഴ്ചയും കൂട്ടമരണങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1528 മരണമണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അവിടെ ആകെ മരണ സംഖ്യ 14369 ആയി. ഇറ്റലിയില്‍-542, സ്പെയിന്‍-628, ഫ്രാന്‍സ്-541 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത മരണ സംഖ്യ. ഇറ്റലിയില്‍ 17669 പേരാണ് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത്. സ്പെയിനിലും ഫ്രാന്‍സിലും ഇത് യഥാക്രമം 14673, 10869 എന്നിങ്ങനെയാണ്. യുകെയിലെ മരണം ഏഴായിരം കടന്നു. പുതുതായി 938 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കൊറോണ ഭീതിയുടെ നേര്‍ക്കാഴ്ചയാണ് സ്‌പെയിനില്‍ നിന്നും നമുക്ക് കാണാന്‍ കഴിയുന്നത്. അതിഭീകരമായ അവസ്ഥയാണ് ഇവിടെ. ഇതുവരെ മരണം 14,000 കവിഞ്ഞു. രാജ്യം സമ്പൂര്‍ണമായും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യാവശ്യമായ സര്‍വീസുകള്‍ മാത്രമാണ് അവിടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വിശ്രമമില്ലാതെ എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഒന്നുണ്ട് അവിടെ ശവപ്പെട്ടി നിര്‍മിക്കുന്ന ഫാക്ടറികള്‍. ശവപ്പെട്ടിക്കാണ് ഇപ്പോള്‍ അവിടെ ക്ഷാമം.
മറ്റെല്ലാ ഫാക്ടറികളും ലോക്ഡൗണിലായിട്ടും ശവപ്പെട്ടികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണ്. മുന്‍പ് ദിവസേന ഉണ്ടായിരുന്ന ഉല്‍പാദനത്തേക്കാള്‍ എട്ടും പത്തും മടങ്ങ് വർധനയാണ് ഇപ്പോഴുള്ളത്.സങ്കടകരമായ വസ്തുത പലപ്പോഴും ഈ ഉല്‍പാദനം തികയാതെ വരുന്നു എന്നതാണ്. വലിയ ട്രക്കുകളില്‍ അടുക്കടുക്കായി ഇവ കയറ്റിക്കൊണ്ടുപോകുന്ന കാഴ്ച ഹൃദയഭേദകമാണ്.
മരണനിരക്കില്‍ നേരിയ കുറവുവരുന്നുണ്ടെങ്കിലും ആശ്വാസതീരമണയാന്‍ സ്പെയിന്‍ ഇനിയുമേറെ പ്രയത്നിക്കണം. ഒന്നരലക്ഷത്തോളം പേർക്കാണ് സ്പെയിനിൽ രോഗം സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ പെട്ടികളിലാക്കി സംസ്കരിക്കുന്നതിനായി ബാഴ്സലോണയിലെ കൊള്‍സെറോളയില്‍ സൂക്ഷിച്ചിരിക്കുന്ന അതിദയനീയമായ കാഴ്ചയാണ് ഇവിടെ നിന്നും കാണാൻ കഴിയുന്നത്.
മരുന്ന് നിര്‍മാണത്തിനും ഊര്‍ജോല്‍പാദനത്തിലും മുന്‍പന്തിയിലുള്ള രാജ്യമാണ് സ്പെയിന്‍. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്പെയിനിലെ ഇപ്പോഴത്തെ ദുരന്തസാഹചര്യത്തില്‍ ശവപ്പെട്ടികളാണ് അവശ്യ വസ്തുക്കളിലൊന്ന്.കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ആൾക്കാർ മരണപ്പെട്ട രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. സ്പെയിൻ, ഇറ്റലി, ചൈന ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായിരിക്കുന്നത്.