ആശ്വസിക്കാറായിട്ടില്ല; കൊറോണയ്ക്ക് ശേഷം അഞ്ച് വർഷത്തിനിടെ ക്ഷയം,മലേറിയ, എയ്ഡ്സ് മൂലമുള്ള മരണനിരക്ക് കൂടുമെന്ന് റിപ്പോർട്ട്.ആരോഗ്യരംഗം കാത്തിരിക്കുന്നത് വൻ വെല്ലുവിളി.

ഹേമ ശിവപ്രസാദ് (ഹെറാൾഡ് സ്പെഷ്യൽ )

“ഞങ്ങൾ ആശങ്കയിലാണ്. ലോകത്തിലെ ഭൂരിഭാഗം ഗവേഷകരുടെയും ശ്രദ്ധ കൊറോണയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കുന്നതിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. വളരെക്കുറച്ചു പേർ മാത്രമാണ് മറ്റ് ഗവേഷണങ്ങൾ തുടരുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന; നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷയരോഗത്തിന് ഫലപ്രദമായ മരുന്നുകൾ ഇല്ല. എയ്ഡ്സിനും മലേറിയക്കും ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കാണിക്കുന്ന ജാഗ്രതയൊന്നും ക്ഷയത്തിന്റെയോ മറ്റ് രോഗങ്ങളുടെ കാര്യത്തിൽ എന്താണ് എടുക്കാത്തത്? എന്താണ് നമ്മുടെ ഗവേഷകർ ഇങ്ങനെ? നമ്മൾ ഭൂഗോള മണ്ടൻമാരാണെന്നാണ് എനിക്ക് തോന്നുന്നത്! ഇതിനപ്പുറം ഞാൻ എന്താണ് പറയേണ്ടത്!! ” പറയുന്നത് ലൂസിക്ക ടിറ്റ്യൂ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ക്ഷയരോഗത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന Stop TB Partnership എന്ന പ്രസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലൂസിക്ക ടിറ്റ്യൂ. വെറും ആത്മരോഷത്തിൽ നിന്നുണ്ടായ വാക്കുകളല്ല ഇത്; കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കുന്നതിന്റെ ആവശ്യകത അറിയാഞ്ഞിട്ടുമല്ല. ഭയപ്പെടുത്തുന്ന ഒരു യാഥാർത്ഥ്യം തിരിച്ചറിഞ്ഞപ്പോൾ ഉണ്ടായ നിസ്സഹായാവസ്ഥയിൽ നിന്ന് ഉടലെടുത്ത അഭിപ്രായ പ്രകടനമാണ്.

ലൂസിക്കയെ പോലെ ഗവേഷണ രംഗത്തെ പലരും ആശങ്കയിലാണ്. സൂക്ഷിച്ചില്ലെങ്കിൽ ദു:ഖിക്കേണ്ടി വരുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. ഒരു ഭാഗത്ത് ലോകം കൊറോണയെന്ന മഹാമാരിയെ കീഴടക്കാൻ നോക്കുന്നു. മറുഭാഗത്ത് കീഴടക്കിയെന്ന് കരുതിയിരുന്ന രോഗങ്ങൾ വരുതിയിൽ നിന്ന് വഴുതിമാറിപ്പോകുന്നുവെന്ന യാഥാർത്ഥ്യം ചിലരെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു.

ഇനി മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്താൻ പോകുന്നത് ക്ഷയം, മലേറിയ, എയ്ഡ്സ് തുടങ്ങിയ രോഗങ്ങളാണ്. ഈ രോഗങ്ങൾ മൂലമുള്ള മരണം അടുത്ത അഞ്ചു വർഷം കൊണ്ട് വർദ്ധിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ലോകത്തിന്റെ മുഴുവൻ പരിശ്രമവും സാമ്പത്തിക സ്രോതസുകളും കോവിഡിൽ മാത്രം ഒതുങ്ങുമ്പോൾ മലേറിയ, ക്ഷയം, എയ്ഡ്സ് എന്നിവ മൂലമുള്ള മരണനിരക്ക് യഥാക്രമം 36%, 20% ഉം, 10% എന്നിങ്ങനെ വർദ്ധിക്കുമെന്ന് വിലയിരുത്തൽ.

The Potential Impact of Covid 19 Epidemic on HIV, TB and Malaria in Low -and Middle-Income countries എന്ന പേരിൽ Stop TB Partnership ന്റെ മേൽനോട്ടത്തിൽ ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല, അവെനിർ ഹെൽത്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്പ്മെന്റ് എന്നിവയും പഠനത്തിൽ സഹകരിച്ചിരുന്നു. ഇന്ത്യ, കെനിയ, ഉക്രൈൻ എന്നിവിടങ്ങളിലാണ് സംഘം പഠനം നടത്തിയത്.

നൂറു കണക്കിന് വർഷം പഴക്കമുള്ള രോഗമാണ് ക്ഷയം. ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് ഇടയാക്കുന്ന പത്ത് രോഗങ്ങളിൽ ഒന്ന്. വൈദ്യശാസ്ത്ര രംഗത്ത് ഇത്രയധികം വെല്ലുവിളി ഉയർത്തിയ മറ്റൊരു രോഗമില്ല. വർഷം തോറും പതിനഞ്ച് ലക്ഷം ആളുകൾ ക്ഷയം മൂലം മരിക്കുന്നു എന്നാണ് കണക്ക്. ഓരോ വർഷവും 28 ലക്ഷം ആളുകൾ ക്ഷയരോഗികളാകുന്നു. ഇതിനെ പ്രതിരോധിക്കാൻ നൂറു ശതമാനം ഫലപ്രദമായ മരുന്നുകൾ ഇതു വരെ കണ്ടെത്തിയിട്ടില്ല.

എങ്കിലും കുറേ വർഷങ്ങളായുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമായി ഒരു പരിധി വരെ ക്ഷയത്തെ വരുതിയിലാക്കാൻ വൈദ്യശാസ്ത്ര ലോകത്തിന് കഴിഞ്ഞിരുന്നു. 2030 ഓടെ ക്ഷയരോഗത്തെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയായിരുന്നു നമ്മൾ. ഇതിനായി കനത്ത തുകയാണ് ലോക രാഷ്ട്രങ്ങൾ നീക്കിവച്ചത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഫണ്ടിംഗ് ഇരട്ടിയാക്കാനും 2018ൽ തീരുമാനിച്ചിരുന്നു. ആ ലക്ഷ്യങ്ങളൊക്കെ തകിടം മറിയുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്.

കൊറോണ പ്രതിസന്ധിക്കിടെ മറ്റ് രോഗങ്ങളെ അവഗണിക്കുന്നതാണ് തിരിച്ചടിയാവുന്നത്.  കൃത്യ സമയത്ത് ഫലപ്രദമായ ചികിത്സ ലഭ്യമാകാതിരിക്കുക, രോഗനിർണ്ണയിലുണ്ടാകുന്ന കാലതാമസം എന്നിവയാണ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മരണം കൂടാൻ കാരണം. ഈ കാലയളവിൽ ലോകത്തുള്ള ക്ഷയരോഗികളുടെ എണ്ണം 63 ലക്ഷമായി ഉയരുമെന്നും മരണം 14 ലക്ഷം കവിയുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ക്ഷയരോഗത്തിന്റെ കാര്യത്തിൽ ഏറ്റവും അധികം പുരോഗതി കൈവരിച്ചത് കഴിഞ്ഞ ആറേഴു വർഷക്കാലത്തിനിടയ്ക്കാണ്. ഈ കാലയളവിലുണ്ടായ മുന്നേറ്റമൊക്കെ കൊറോണാ വൈറസിന്റെ വരവോടു കൂടി ഇല്ലാതായി എന്ന് ഗവേഷകർ ഭയപ്പെടുന്നു. 2013 ലെ ദയനീയാവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കാം.

ക്ഷയരോഗം ഏറ്റവും അധികം ഭീഷണി ഉയർത്തുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഇന്ത്യയിൽ വർഷം തോറും നാലു ലക്ഷത്തി മുപ്പത്തയ്യായിരം ആളുകൾ ഇതുമൂലം മരിക്കുന്നുവെന്നാണ് കണക്ക്. ക്ഷയം മാത്രമല്ല മലേറിയ, എയ്ഡ്സ് എന്നീ രോഗങ്ങളും ലോകത്തിന് തലവേദനയാകും. ഇന്ത്യയിൽ മാത്രം 2017ൽ 21.4 ലക്ഷം എയ്ഡ്സ് ബാധിതർ ഉണ്ടെന്നാണ് കണക്ക്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കു പ്രകാരം 8. 75 ലക്ഷം പുതിയ കേസുകൾ തൊട്ടു മുന്നത്തേ വർഷത്തേക്കാൾ 2018ൽ കൂടി. ആ വർഷം ഇന്ത്യയിൽ 67.73 ലക്ഷം മലേറിയ കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു.

കൊറോണയെ തുടർന്ന് ഉണ്ടായ സാമ്പത്തിക ബാധ്യത, മെഡിക്കൽ സാമഗ്രികളുടെ വൻതോതിലുള്ള ഉപയോഗം എന്നിവ ആരോഗ്യമേഖലയെയും ബാധിക്കും. ക്ഷയം, മലേറിയ, എയ്ഡ്സ് എന്നിവയുടെ ചികിത്സയ്ക്കും ഗവേഷണത്തിനും ഈ അമിതഭാരം തിരിച്ചടിയാകും. ക്ഷയരോഗത്തിന്റെ കാര്യത്തിൽ ചികിത്സയ്ക്കും രോഗനിർണ്ണയത്തിനുമുണ്ടാകുന്ന കാലതാമസമാണ് ഇരുട്ടടിയാവുക. മലേറിയ തടയാനുള്ള മുൻകരുതൽ നടപടികളെ ബാധിക്കും. എയ്ഡിനുള്ള ആന്റി റിട്രോവിയൽ തെറാപ്പിക്കും സാമ്പത്തിക ബാധ്യത തടസമാകും.

” ആരോഗ്യമേഖല ലോക്ഡൗണിന് മുൻപുള്ള അവസ്ഥയിൽ എത്തണമെങ്കിൽ ഇനി വർഷങ്ങൾ എടുക്കും. ലോക്ഡൗണിന്റെ കാഠിന്യം എത്രത്തോളം രൂക്ഷമായിരുന്നോ പ്രതിസന്ധി അതിനനുസരിച്ച് നീളുകയും ചെയ്യും.” ഇംപീരിയൽ കോളേജിലെ മാത്തമാറ്റിക്കൽ എപിഡമോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ നിമലൻ അരിനമിൻപതി ചൂണ്ടിക്കാട്ടുന്നു.

കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി പൊരുതേണ്ടത് അത്യാവശ്യം തന്നെ. എന്നാൽ പ്രതിസന്ധി ഘട്ടത്തിനിപ്പുറം മറ്റ് മേഖലകളിലേക്ക് കൂടി ശ്രദ്ധയൂന്നേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഇനിയങ്ങോട്ട് നമ്മെ കാത്തിരിക്കുന്ന ഭീഷണി കൊറോണ മാത്രമല്ല. കൊറോണയെ തുടർന്നുണ്ടായ തിരിച്ചടിയിൽ നിന്ന് കരകയറുക എന്നതാണ് ഇനിയങ്ങോട്ടുള്ള യഥാർത്ഥ വെല്ലുവിളി

Top