അഡ്വ.സിബി സെബാസ്റ്റ്യന്‍
ഡബ്ലിൻ :ചങ്കുപൊട്ടുമ്പോ ഴും സത്യങ്ങൾ എഴുതുമ്പോഴും കമ്മിയും സംഘിയുമാക്കുന്ന ചിലർ ഉണ്ട് മരണമുഖത്ത് നിൽക്കുമ്പോൾ എന്ത് ഡാറ്റായാണ്? ജീവിതമാണ് പ്രധാനം എന്ന തിരിച്ചറിവിൽ ആണ് അനുഭവങ്ങൽ എഴുതിയത്. കൊറോണ കാലത്തെ നേരിന്റെ അനുഭവങ്ങൾ തുറന്ന് എഴുതുമ്പോൾ മുത്തച്ഛനെ വരെ ചിലർ ഓർമിപ്പിക്കുന്നത്.അതിനാൽ ശവം തീനികളായ ഇത്തരം സൈബറിടങ്ങളിൽ നിന്നും കുറച്ച് നിശബ്ദത പാലിക്കാം എന്നും ചിന്തിക്കുകയായിരുന്നു.എന്നാൽ ചില മാധ്യമ പ്രവർത്തകരുടെ നികൃഷ്ടത കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ ആവില്ല .സത്യങ്ങൾ എഴുതുമ്പോൾ -പറയുമ്പോൾ ചങ്കുപോലെ കൂടെയുള്ളവരും ”കോൺഗ്രസ് വിരുദ്ധൻ ”എന്നൊക്കെ പറയുമ്പോഴും മരിക്കുന്നതുവരെ ”മനുഷ്യ വിരുദ്ധൻ” ആകാതിരിക്കാൻ ശ്രമിക്കയാണ്.
ഞാൻ ഉറപ്പിച്ച് പറയുന്നു ജീവനോടെ തിരിച്ചു നാട്ടിൽ എത്താനായാൽ അവസരം കിട്ടിയാൽ കേരളത്തിൽ അങ്ങോളമിങ്ങോളം പിണറായി വിജയൻ നേതൃത്വം നൽകുന്ന -ഷൈലജ റ്റീച്ചർ ഭരിക്കുന്ന ആരോഗ്യ വകുപ്പിനെ പാടി നടക്കാൻ ഞാൻ മുന്നിലുണ്ടാകും.അത് സി.പി.എം കാരനായിട്ടല്ല മനുഷ്യനായിട്ടു നിന്നുകൊണ്ട്.ഇത് പിണറായി വിജയൻറെ പി ആർ വർക്ക് എന്നുപറഞ്ഞു നിലവിളിക്കാൻ ആളുകൾ വരും .അവർക്കത്തിനെ കഴിയൂ.മനുഷ്യനെ അറിയില്ലല്ലോ .മനുഷ്യനായതുകൊണ്ടും ആർദ്രത ഉള്ള ഒരു മനസുള്ളതുകൊണ്ടും പറയുന്നതാണ്..മരണത്തെ ഭയന്നിട്ടല്ല; ഭയക്കുന്നുമില്ല.ആ മനുഷ്യനെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞാൽ നിപ്പയും പ്രളയവും ഇപ്പോൾ മനുഷ്യൻ വെറും നിസഹായകൻ ആയ കൊറോണക്ക് മുന്നിലും നിന്ന് ഇത്രയും മനുഷ്യരെ രക്ഷിക്കാൻ കാണിക്കുന്ന കരുതലിന് അദ്ദേഹത്തിന്റെ കാലിൽ വീണു ആ പാദത്തിൽ ഞാൻ ചുംബിക്കും.
അനുഭവത്തിലെ കൊറോണകാലം
ഞങ്ങൾ ഒരുവീട്ടിൽ ഏഴുപേർ കൊറോണ ബാധിതർ ആയിരുന്നു .ആദ്യം പോസറ്റിവ് ആയി സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിൽ ജോലിക്കാരിയായ എന്റെ വൈഫിനാണ് .അതും കൊറോണ ബാധിച്ച രോഗികളെ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ നോക്കിയതിനാൽ . ലക്ഷണങ്ങൾ കണ്ട് ഡോക്ടറെ വിളിച്ചിട്ടു രണ്ടാമത്തെ ദിവസം ടെസ്റ്റിനുള്ള അനുമതികിട്ടി .സ്വാബ് എടുത്ത് അഞ്ചു ദിവസം കഴിഞ്ഞു പോസറ്റിവ് ആണെന്ന് ടെസ്റ്റ് മെസേജ് വന്നു .സ്വാബ് എടുക്കുന്ന അന്ന് വരെ ഞങ്ങൾ ഒരു റൂമിൽ ആയിരുന്നു കിടന്നിരുന്നത്. ഡോക്ടർ വിളിച്ച് എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു -ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുള്ളപ്പോൾ ആംബുലൻസ് വിളിച്ചുകൊള്ളാൻ പറഞ്ഞു .അല്ലെങ്കിൽ വീട്ടിൽ തന്നെ ഇരുന്നുകൊള്ളുക .ഭാര്യ അറ്റാച്ച്ഡ് ആയ റൂമിൽ ഐസലേറ്റ് ചെയ്തു .ആ റൂമിൽ കൊണ്ടുപോയി ഭക്ഷണം കൊടുക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
മോൾക്ക് പനി കൂടി വന്നു.രാത്രി മുഴുവൻ പകച്ചിരുന്നു .രാവിലെ പത്തുമണിയാകാതെ ഡോക്ടറെ കാണാൻ ആവില്ല .അടുത്ത മുറിയിൽ ഭാര്യ വേദനയാൽ പുളയുന്ന ഞരക്കം കേൾക്കാം.പൊള്ളുന്ന ചൂടുമായി മോൾ കൈകളിലും.എന്തൊരു നിസഹായ അവസ്ഥ.തുണി നനച്ച് മോളുടെ ടെമ്പറേച്ചർ പിടിച്ചുനിർത്തിക്കൊണ്ട് പുലരുന്നതുവരെ കാത്തിരുന്നു.രാവിലെ പത്തുമണിക്ക് ശേഷം ഡോക്ടറെ വിളിച്ച് കാര്യം പറഞ്ഞു .ടെസ്റ്റിന് റക്കമെന്റ് ചെയ്യാമെന്നും പറഞ്ഞു.മൂന്നുനാലുദിവസം കഴിഞ്ഞപ്പോൾ മോൾക്കും ടെസ്റ്റ് നടന്നു.പതിനാലു ദിവസം കഴിഞ്ഞപ്പോൾ റിസൾട്ടും വന്നു പോസറ്റിവ്.
അതിനിടയിൽ എനിക്ക് പനികൂടി.ആരോഗ്യ വകുപ്പിനെ വിളിച്ച് ആദ്യമുതൽ ചരിത്രം പറഞ്ഞുകൊടുത്തു. വീട്ടിൽ മൂന്നു കൊറോണ രോഗികൾ സ്ഥിരീകരിച്ചവർ ഉണ്ട് .അപ്പോൾ എന്നോട് പറഞ്ഞു ഒരു റൂമിൽ ഐസലേറ്റ് ചെയ്തുകൊള്ളുവാൻ .ഞാൻ ചോദിച്ചു -ഭാര്യ ഒരു റൂമിൽ -മറ്റൊരു റൂമിൽ മറ്റൊരു നേഴ്സ് , എനിക്ക് മൂന്നു കുട്ടികൾ ഉണ്ട് . ഞാൻ ഐസലേറ്റ് ചെയ്‌താൽ ഇവരെ ആര് നോക്കും എന്ന് ചോദിച്ചപ്പോൾ -കുറച്ച് ഡിസ്കഷന് ശേഷം പറഞ്ഞു;നിങ്ങൾ ആ വീട്ടിൽ കുട്ടികളെ നോക്കി ഐസലേറ്റ് ചെയ്തുകൊള്ളാൻ.അത്ര ക്രൂരമായ നിസംഗതയാണ് മനുഷ്യാവകാശങ്ങൾ പാടിപ്പുകഴ്ത്തുന്ന യൂറോപ്പിലെ ഈ രാജ്യത്ത്. രോഗികളെ നോക്കി രോഗം ബാധിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരെ വരെ ചികില്സിക്കാതെ -അവരെ ഐസലേറ്റ് ചെയ്യാൻ അവസരം ഒരുക്കാതെ അവരുടെ ഫാമിലി മെമ്പർമാരെയും കില്ലർ വൈറസ് പിടിച്ചുകൊള്ളട്ടെ എന്ന നിസംഗത .അതിലൂടെ എത്രപേർക്ക് രോഗവ്യാപനം നടക്കുന്നു .ഇവിടെയാണ് കേരളവും ഇന്ത്യയുമായി നാം താരതമ്യ പഠനം നടത്തേണ്ടത്.വിമർശിക്കേണ്ടത്.
പോസറ്റിവ് ആയ കുട്ടിക്കൊപ്പം ഒരേ കട്ടിലിൽ ആണ് ഞാനും ഉറങ്ങിയത് .മറ്റുകുട്ടികളും ഞാന് ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത് .ഒരു ടോയ്‌ലറ്റാണ് ഉപയോഗിച്ചത് .5 പേര് പോസറ്റിവ് ആയിട്ടും ഒരു ഡോക്ടറും ഒരു അധികാരികളും ഒരു ഹെൽത്ത് ഡിപ്പാർട്ട്മെന്റും ഞങ്ങളെ വിളിച്ചില്ല.അങ്ങോട്ട് വിളിച്ചാൽ ഫോൺ കിട്ടുന്നത് തന്നെ ചുരുക്കം .ഒരു അപ്പോയിമെന്റിന് 65 യൂറോ കൊടുക്കുന്ന സ്വന്തം ഡോക്ടറെ വിളിച്ചാൽ ഉപദേശം കിട്ടും .
ചികിത്സയോ സംരക്ഷണമോ ഇല്ല;സ്വയം രക്ഷപ്പെടണം
ഒരാളുടെ ഇൻകുബേഷൻ പീരിയഡായ 14 ദിവസത്തിനുശേഷം ആണ് മറ്റുള്ള ഞങ്ങൾ ടെസ്റ്റിനായി വരെ കൊടുക്കുന്നതും. ടെസ്റ്റ് നടന്നത് ആദ്യത്തെ ആൾക്ക് കൊറോണ റിപ്പോർട്ട് ചെയ്തതിനു 18 ദിവസത്തിനുശേഷവും.അതെ സമയം കേരളത്തിൽ നടക്കുന്ന ജാഗ്രതയും കരുതലും കാണുമ്പോൾ ചങ്കുപൊട്ടുകയും നിരാശ ബാധിക്കുകയും ആദ്മാരോക്ഷം ഉണ്ടാവുകയും ചെയ്യുന്നത് സ്വാഭാവികം.അപ്പോഴാണ് ഇത്ര ക്രൂരമായ മാധ്യമ പ്രവർത്തനവുമായി പ്രതിപക്ഷവും അയ്യപ്പദാസും വരുന്നത്.എന്തൊരു വേദനയാണിത് നൽകുന്നത് .പ്രവാസികൾ ആയവർ അവരുടെ ആകുലതകൾ ഉള്ളിൽ പേറുമ്പോഴും നാട്ടിലുള്ളവർ സുരക്ഷിതർ എന്ന ആശ്വാസത്തിലാണ് .അവിടയാണ് ഇത്തരം നികൃഷ്ടത .ഇത് ദൈവം പൊറുക്കില്ല അയ്യപ്പദാസേ …
പിണറായി വിജയനും ശൈലജ ടീച്ചറും ഇത്രയും കരുതലോടെയും ജാഗ്രതയോടെയും ഓരോ കാര്യവും കൃത്യമായി ചെയ്യുന്നത് കാണുമ്പോൾ കണ്ണുനിറയുക മാത്രമല്ല അവരെ കാത്തുകൊള്ളണേ എന്ന് ലക്ഷക്കണക്കിന് ആളുകൾ നെഞ്ചുരുകി പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട് .പ്രവാസികൾ പലരും ഇതേ മനോഭാവക്കാർ ആണ്. വെറും 49 ലക്ഷം ജനങ്ങൾ മാത്രമാണ് അയർലണ്ടിൽ ഉള്ളത് .മൂന്നരക്കോടി ജനതയെ കണ്ണിലെ കൃഷ്‌ണമണിപോലെ നോക്കി സംരക്ഷിച്ചിട്ടും -മലയാളികൾ അടക്കം ലോകമെമ്പാടും ഉള്ള ഒരുപാടു മനുഷ്യൻ ശ്വാസം കിട്ടാതെ മരിച്ചു വീഴുന്നത് കാണുമ്പോഴും നികൃഷ്ടമായ മാധ്യമ പ്രവർത്തനവും രാഷ്ട്രീയവുമാണ് കേരളത്തിൽ നടക്കുന്നത് .ക്യാൻസർ ചികിത്സയിൽ ഉള്ള പിണറായി വിജയൻ സ്വന്തം ആരോഗ്യം വരെ നോക്കാതെ നടത്തുന്ന പത്രസമ്മേളനത്തെ ഓരോ മലയാളിയും വീക്ഷിക്കാൻ കാത്തിരിക്കുന്നു എങ്കിൽ അത് ശ്രവിക്കുന്നുണ്ട് എങ്കിൽ അസൂയപ്പെട്ടിട്ടു കാര്യമില്ല .കേരളം ജനതയുടെ ഹൃദയത്തിൽ ആണ് പിണറായി ജീവിക്കുന്നത് .
ഞാൻ ഇപ്പോഴും കോൺഗ്രസ് ആശങ്ങളിൽ വിശ്വസിക്കുന്ന കോൺഗ്രസുകാരൻ ആണ് .നിരവധി ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട് .രാഷ്ട്രീയം അല്ല ഇപ്പോൾ വേണ്ടത് .മരണ സർട്ടിഫിക്കറ്റുകളെ കുറിച്ചുള്ള ഡാറ്റകളെ ആല നമുക്ക് ചർച്ച ആകേണ്ടത് .മനുഷ്യർക്കൊപ്പമാണ് നിൽക്കേണ്ടത് .നിങ്ങൾക്ക് വിമർശിക്കാം, പ്രതിഷേധിക്കാം, പക്ഷെ അത് പ്രകൃതിക്ക് നിരക്കാത്തതോ ദൈവത്തിനു നിരക്കാത്തതോ ആകരുത്.മരണം മുന്നിൽ കണ്ട് ജീവിതാനുഭവത്തിൽ നിന്നുകൊണ്ടാണ് പറയുന്നത് .ഇത് അതിനുള്ള സമയം ആല്ല .ഒന്നാം കാലഘട്ടം കഴിഞ്ഞു കോറാണ വീണ്ടും വരും.വാക്സിൻ കണ്ടുപിടിക്കുന്നതുവരെ ഇതിനെ പിടിച്ചുനിർത്തനം .ജനസാന്ദ്രതയുള്ള കേരളത്തിൽ നിയന്ത്രവിധേയം ആണിപ്പോൾ .ഇത് നിങ്ങളുടെ ചീപ്പ് രാഷ്ട്രീയത്തിൽ തകർത്താൽ കേരളം ശവപ്പറമ്പാകും. എത്ര നികൃഷ്ടമായിട്ടാണ് ഒരു മാധ്യമ പ്രവർത്തകൻ കൊറോണ ബാധിച്ച ആൾ പറഞ്ഞിട്ടും വാർത്തയെ വളച്ചോടിക്കാൻ ശ്രമിക്കുന്നത്.ഇത്രയും നികൃർഷ്ടർ ആകരുത് നിങ്ങൾ .
രണ്ടാമത് ടെസ്റ്റില്ല-പതിനാലു ദിവസം കഴിയുമ്പോൾ ജോലിക്ക് പോകണം
അധികം എഴുതുന്നില്ല.നല്ലൊരുശതമാനം മലയാളികളുടെയും സ്വപ്നമാണ് യൂറോപ്പിൽ അമേരിക്കയിൽ എത്തുക എന്നൊക്കെ .നല്ലതുതന്നെയാണ് .നല്ല മനുഷ്യാവകാശങ്ങൾ ഉണ്ട് താനും.എല്ലാ സുഖങ്ങളോടെയും ജീവിക്കാം .പക്ഷെ ഈ കൊറോണ എന്ന മഹാമാരിയെ ഹാൻഡിൽ ചെയ്യുന്നതിൽ അമ്പേ പരാജയമാണ് യൂറോപ്യൻ രാജ്യങ്ങൾ .അനുഭവത്തിലാണിത് പറയുന്നത് .തെളിവുകളോടെ .ഒരു ഏകദേശം 2000 സ്കയർ ഫീറ്റ് ഉള്ള വീട്ടിൽ ആണ് ഞങ്ങൾ 7 പേര് താമസിക്കുന്നത് .ആദ്യം കൊറോണ സ്ഥിരീകരിച്ചത് വൈഫിന് കൊറോണ രോഗികളെ നോക്കിയതുകൊണ്ട് ആണ് രോഗം പിടിപെട്ടത് .ആ സമയത്ത് മാസ്‌കോ കൈ ഉറയൊ ഒന്നും തന്നെ വലിയ പെരുമായുള്ള ഹാർട്ട് ഹോസ്പിറ്റൽ ആയ അവിടെ ഉപയോഗിക്കാൻ അനുവാദം ഇല്ലായിരുന്നു .ജനങ്ങൾ -വരുന്നവർ പാനിക്ക് ആകും എന്ന മണ്ടൻ ന്യായീകരണം ആണ് ആദ്യമൊക്കെ അധികാരികളെ സ്ഥാപനങ്ങൾ ഒക്കെ ആദ്യമൊക്കെ നിരത്തിയത് .വളരെ ലാഘവത്തോടെ ഈ മഹാമാരിയെ നോക്കി കണ്ട് .യാതൊരു ഇച്ഛ ശക്തിയും പ്ലാനിങ്ങുമില്ലാത്ത അധികാരികൾ .ഇതുവരെ 1,102 പേര് മരിച്ചു ,19,648 കേസുകൾ .എങ്ങനെ നിയന്ത്രിക്കണം എന്നറിയില്ല മിക്ക ജോലിസ്ഥലത്തും ഇതാണ് അവസ്ഥ .ഹെൽത്ത് ഡിപ്പാർട്ട്മെന്റും സർക്കാരും അലസമായിട്ടാണ് ഇതിനെ നോക്കികണ്ടതും.ജനങ്ങൾ പാനിക്കാകാതെ ഇട്ടിരിക്കണം എന്ന ന്യായീകരണവും നൽകുന്നു.
38 ദിവസമായിട്ടും ഇറ്റലിയിൽ മലയാളികൾ അടക്കമുള്ളവരുടെ കൊറോണ നെഗറ്റിവ് ആയിട്ടില്ല .ഇവിടെ വെറും പതിനാലു ദിവസം കഴിയുമ്പോൾ രണ്ടാമതൊരു ടെസ്റ്റ് വരെ നടത്താതെ ആണ് വീണ്ടും ജോലിക്ക് പോകുന്നത് .രോഗം ഭേദമായി എന്ന് കണക്കുകൂട്ടുന്നത് ഈ ഇൻകുബേഷൻ പീരിയഡ് വെച്ചുമാത്രമാണ് അതേസമയം രോഗം ബാധിച്ചവരെ ആശുപത്രിയിൽ ആക്കി -ചികിൽസിച്ച് -രോഗം ഭേദമായി എന്ന് രണ്ടും മൂന്നും തവണ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷം -രാജകീയമായി അവരെ ആംബുലൻസിൽ വീട്ടിൽ എത്തിച്ച് ,അവിടെയും സംരക്ഷണം നൽകിയശേഷം രാവിലെ ഹെൽത്ത് ,ഉച്ചക്ക് പോലീസ് ,പിന്നെ ആരോഗ്യ മാനസിക വകുപ്പ് എന്നിവർ വിളിച്ച് അന്വോഷണം നടത്തി -എല്ലാ കരുതലും നൽകുന്നതു കാണുമ്പോൾ പിണറായി വിജയൻ സാറിനെ പിടിച്ച് ഉമ്മ കൊടുക്കാൻ എനിക്ക് തോന്നും എന്നത് വെറും പറച്ചിൽ അല്ല. മരണത്തെ നേരിൽ മുഖാമു ഖം കണ്ട അനുഭവത്തിൽ ആണ് പറയുന്നത് .ഹോട് സ്പോട്ടിൽ ഉള്ളവർക്ക് ഫോൺ വിളിച്ചാൽ അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചും കൊടുക്കുന്നത് കണ്ടപ്പോൾ ‘ഇയാൾ എന്തൊരു മനുഷ്യൻ -ഇത് ദൈവമാണോ എന്നുപോലും ചിന്തിച്ചുപോകും .
ലോകത്തെ മുൾമുനയിൽ നിർത്തി ഭരിച്ച അമേരിക്കൻ പ്രസിഡന്റ് പോലും ഭയന്നിരിക്കയാണ് .അമ്പത്തി ആയ്യാരത്തിൽ അധികം ആളുകൾ മരിച്ചുവീണു .ആയിരങ്ങൾ മരണക്കിടക്കയിൽ ആണ്.ഇറ്റലിയിലും സ്പെയിനിലും ,ബ്രിട്ടനിലും ആളുകൾ മരിച്ചുവീഴുന്നു .ബോഡികൾ പേരില്ലാതെ നമ്പറുകളാക്കി വെക്കുന്ന കാഴ്ച്ചകൾ നാം കാണുന്നു .അപ്പോഴും കേരളത്തിലെ മനുഷ്യർക്ക് രക്ഷാകവചം ഒരുക്കി എല്ലാവരെയും മരണത്തിൽ നിന്ന് രക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ നികൃഷ്ടമായ മാധ്യമപ്രവർത്തനം കൊണ്ട് ക്രൂരത കാട്ടുന്ന അയാപ്പ ദാസിനെ ദൈവം രക്ഷിക്കട്ടെ എന്ന് മാത്രമാണ് പ്രാർത്ഥന.ദൈവം വരെ പറയുന്നു ഇത് ലാസ്റ്റ് വാണിങ്ങാന്നാണ്.ഇനിയെങ്കിലും നിങ്ങൾ നന്നാകുമോ?