പത്തനംതിട്ടയില്‍ ഇന്ന് ഒന്‍പത് പരിശോധനാ ഫലങ്ങള്‍ കൂടി ലഭിച്ചു. ഒന്‍പതും നെഗറ്റീവ് ഫലങ്ങളാണ്. ഒന്നരവയസ്സുകാരന്റെയും ഫലം നെഗറ്റീവാണ്. അതേസമയം, കൊല്ലത്ത് കര്‍ശന നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം റവന്യു ജില്ലയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ ഓഡിറ്റോറിയങ്ങള്‍, കല്യാണ മണ്ഡപങ്ങള്‍ കണ്‍വെന്‍ഷന്‍ സെന്റ്ററുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയില്‍ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 (അന്‍പത്) ആയി നിജപ്പെടുത്തി ഉത്തരവായി. ഈ നിയന്ത്രണം ലംഘിച്ച് നിശ്ചിത അന്‍പതില്‍ കൂടുതല്‍ പേര്‍ ഒരുമിച്ച് കൂടുന്ന പക്ഷം യുക്തമെന്ന് തോന്നുന്ന വിധത്തില്‍ ആള്‍ക്കൂട്ടത്തെ പിരിച്ചു വിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവി, കൊല്ലം സിറ്റി/ റൂറല്‍ എന്നിവരെ ചുമതലപ്പെടുത്തുന്നു.
കൂടാതെ അതത് ജില്ലാ പോലീസ് മേധാവിമാര്‍ ആവശ്യപ്പെടുന്ന പക്ഷം ടി സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷനും, ജലവിതരണവും വിച്ഛേദിക്കാന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, കേരള സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡ് ലിമിറ്റഡ്, കൊല്ലം, കൊട്ടാരക്കര /സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, കേരള വാട്ടര്‍ അതോറിറ്റി, പി എച്ച് സര്‍ക്കിള്‍, കൊല്ലം എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. തുടര്‍ന്നും ടി നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ക്കോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കോ (ആരോഗ്യം) ബോധ്യപ്പെടുന്നപക്ഷം ടി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും അവ പൂട്ടി സീല്‍ വെക്കുവാനും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തുന്നു.
വിവിധ ആരാധനാലയങ്ങളിലെ ഉത്സവങ്ങള്‍, പെരുന്നാളുകള്‍ എന്നിവയോടനുബന്ധിച്ചുള്ള വിശ്വാസപരമായ ആചാര ചടങ്ങുകള്‍ നടത്തുന്നതിനത്ത്യാവശ്യമായ വ്യക്തികളെ മാത്രം ഉള്‍പ്പെടുത്തി അവ നടത്തേണ്ടതാണ്. കൂടാതെ ഘോഷയാത്രകള്‍, കൂട്ടപ്രാര്‍ത്ഥനകള്‍, മരണാനന്തര ചടങ്ങുകള്‍ മുതലായവയിലും ഇതേ നടപടിക്രമം തന്നെ പാലിക്കേണ്ടതാണ്. മേല്‍പ്പറഞ്ഞവയിലേതിലും അത്യാവശ്യത്തിലധികം ആള്‍ക്കാര്‍ പങ്കെടുക്കുന്നുവെന്നു തോന്നിയാല്‍ അവരെ പിരിച്ചുവിടുവാന്‍ പോലീസ്, ആരോഗ്യവകുപ്പുകള്‍ക്ക് അതത് പ്രദേശത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ നിര്‍ദ്ദേശ പ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്.
ജില്ലയില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് അവരവരുടെ മാതൃ ഭാഷയില്‍ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയും മറ്റും ഉചിതമായ മാര്‍ഗ്ഗങ്ങളിലും നല്‍കാന്‍ ജില്ലാ ലേബര്‍ ഓഫീസറെ ചുമതലപ്പെടുത്തുന്നു.
ജില്ലയിലെ എല്ലാ പൊതു പരിപാടികളും കലാകായിക മത്സരങ്ങളും, വാണിജ്യ മേളകളും ഇതിനാല്‍ നിരോധിച്ചുത്തരവാകുന്നു .
ഏതു സാഹചര്യത്തിലും അത്യാവശ്യങ്ങള്‍ക്കായല്ലാതെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നു എന്ന് ബോധ്യപ്പെട്ടാല്‍ അവരെ പിരിച്ചുവിടാന്‍ സബ് ഇന്‍സ്‌പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത പോലീസ് ഉദ്യോഗസ്ഥരേയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ പദവിയില്‍ താഴെയല്ലാത്ത ആരോഗ്യ വകുപ്പുദ്യോഗസ്ഥരേയും വില്ലേജാഫീസറുടെ പദവിയില്‍ താഴെയല്ലാത്ത റവന്യു ഉദ്യോഗസ്ഥരേയും ചുമതലപ്പെടുത്തിയും ഇതിനാല്‍ ഉത്തരവാകുന്നു.
ഈ ഉത്തരവിന് 2020 മാര്‍ച്ച് 31 വരെ പ്രാബല്യമുണ്ടായിരിക്കും. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങളിലേതിനു പുറമെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷന്‍ 51 ,56 എന്നീ വകുപ്പുകള്‍ പ്രകാരം കൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.