ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതർ മൂവായിരത്തോളം പേരുമായി സമ്പർക്കം പുലർത്തി!!സംസ്ഥാനത്ത് കനത്ത ജാഗ്രത;ബയോ മെട്രിക് സംവിധാനമില്ലാതെ റേഷൻ

കൊച്ചി:കൊവിഡ് 19 രോഗബാധയോടെ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം ഒരാഴ്ചയ്ക്കിടെ മൂവായിരത്തോളം പേരുമായി സമ്പർക്കം പുലർത്തിയെന്ന് കണ്ടെത്തൽ. ഇവരെ കണ്ടെത്തി ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റാൻ എട്ട് സംഘങ്ങളെ നിയോഗിച്ചു.ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയ മൂന്നു പേർ ഉൾപ്പടെ പത്തനംതിട്ടയിലെ അഞ്ചുപേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്‍റെ ഞെട്ടലിലാണ് കേരളം. എന്നാൽ കൊറോണബാധിത രാജ്യത്തുനിന്ന് തിരിച്ചെത്തിയതാണെന്ന കാര്യം മറച്ചുവെയ്ക്കുകയാണ് അച്ഛനും അമ്മയും മകനും ഉൾപ്പടെയുള്ള കുടുംബം ചെയ്തത്. എന്നാൽ സമാനലക്ഷണങ്ങളുമായി റാന്നി താലൂക്ക് ആശുപത്രിയിലെത്തിയ ഇവരുടെ ബന്ധുക്കളിൽനിന്നാണ് രോഗബാധിതരെ കണ്ടെത്തിയത്.

മതപരമായ ചടങ്ങുകളും കൺവെൻഷനുകളും അടക്കം മാറ്റിവയ്ക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ധാരണയായി. പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതയാണ് പാലിക്കുന്നത്. ഇറ്റലിയിൽ നിന്ന് എത്തിയ മൂന്നംഗ കുടുംബം വിവിധ ഇടങ്ങളിലുള്ള ബന്ധു വീടുകളിലാണ് സന്ദർശനം നടത്തിയത്. വിവാഹ ചടങ്ങുകളിലും പള്ളികളിലെ പ്രാർത്ഥനാ പരിപാടികളിലും സിനിമ തിയറ്ററിലും പൊതുജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടു. മൂവായിരത്തിനടുത്ത് ആളുകളെ നിരീക്ഷിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരെ കണ്ടെത്തുന്നതിനായി രണ്ട് ഡോക്ടർമാർ വീതം അടങ്ങിയ എട്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ ദമ്പതികളുടെ വൃദ്ധ മാതാപിതാക്കൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ദുബായിൽ നിന്നെത്തിയ മറ്റ് രണ്ട് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. എയർപോർട്ടിൽ നിന്ന് കുടുംബത്തെ സ്വീകരിച്ച് വീട്ടിലെത്തിച്ച കോട്ടയം സ്വദേശിയും കുടുംബവും വസതിയിൽ നിരീക്ഷണത്തിലാണ്. ശവസംസ്‌കാരം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. വോട്ടർ പട്ടിക പുതുക്കുന്ന നടപടി ജില്ലയിൽ നീട്ടിവയ്ക്കും. ഓഫീസുകളിലെയും റേഷൻ കടകളിലെയും ബയോ മെട്രിക് പഞ്ചിംഗ് ഒഴിവാക്കും. മതപരമായ കൺവെൻഷനുകളും ചടങ്ങുകളും നീട്ടിവയ്ക്കാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത. പൊതു വിതരണ കേന്ദ്രങ്ങളിലും കനത്ത മുൻകരുതലാണ് എടുത്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ബയോ മെട്രിക് സംവിധാനമില്ലാതെ റേഷൻ നൽകും. കൊറോണ ലക്ഷണങ്ങളുള്ളവർ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും. വിവരങ്ങൾ ഒളിച്ചുവയ്ക്കുന്നതും ശിക്ഷാർഹമാണ്. നിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. മുൻകരുതൽ നിർദേശങ്ങളുമായി മന്ത്രി കെ രാജുവും രംഗത്തെത്തി. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കുക. പത്തനംതിട്ടയിലുള്ളവർ ജാഗ്രത പാലിക്കുക.

ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്. നെടുമ്പാശേരിയിലും അടിയന്തര യോഗം ചേർന്നു. 18 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ അഞ്ച് കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ 04682228220, 04682322515, 9188923118, 9188803119.

അതേ സമയം സംസ്ഥാനത്ത് കൊവിഡ്- 19 ബാധ സ്ഥിരീകരിച്ചതിനാൽ ആറ്റുകാൽ പൊങ്കാലയ്ക്ക് കനത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ രംഗത്തെത്തി. മാസങ്ങൾ നീണ്ട ഒരുക്കങ്ങൾ നടത്തിയതിനാൽ ആറ്റുകാൽ പൊങ്കാല നിർത്തി വയ്‌ക്കേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. രോഗ ലക്ഷണമുള്ളവർ ആരും പൊങ്കാല ഇടാൻ വരരുതെന്ന് മന്ത്രി. രോഗം പടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ മാറി നിൽക്കുകയോ വീട്ടിൽ തന്നെ പൊങ്കാല ഇടുകയോ ചെയ്യണമെന്ന് മന്ത്രി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.

Top