സഭയില്‍ കൈകൂപ്പി ശൈലജ ടീച്ചര്‍;ബാത്ത്‌റൂമിൽ പോകണമെന്ന് തോന്നിയിട്ടും പോയില്ല, മനസുനിറയെ ബേജാറായിരുന്നു: പരസ്‌പരം ആക്രമിക്കേണ്ട സമയം ഇതല്ലെന്ന് ചെന്നിത്തലയോട് മന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് രോഗത്തിനെതിരെ ജാഗ്രതയോടെ പ്രതിരോധം തീര്‍ക്കുമ്പോള്‍ ലോകത്തെവിടേയും ഭരണപ്രതിപക്ഷ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് സഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.കൊറോണ വൈറസിനെ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും സാഹചര്യത്തിന്റെ ഗൗരവം പ്രതിപക്ഷം ഉൾക്കൊള്ളണമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. താൻ വിചാരിച്ചാൽ ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, ചെറിയ പിശക് പോലും ചൂണ്ടിക്കാട്ടി അക്രമിക്കുകയാണ്, അങ്ങനെ ചെയ്താൽ രോഗം തടയാനാകില്ലെന്നും മന്ത്രി പറ‌ഞ്ഞു.

ചികിത്സയിൽ കഴിയുന്ന ഇറ്റലിയിൽ നിന്ന് വന്ന പത്തനംതിട്ട സ്വദേശികൾ രോഗവിവരം മറച്ചുവച്ചിരുന്നെന്ന് മന്ത്രി ആവർത്തിച്ചു. ‘പനി വന്നിട്ട് സ്വകാര്യ ഡോക്ടറുടെയടുത്ത് പോയിട്ടും ഇറ്റലിയിൽ നിന്ന് വന്ന വിവരം മനപ്പൂർവം മറച്ചുവച്ചു. സൂത്രത്തിൽ കണ്ടുപിടിച്ചതാണ്. ആദ്യം ചോദിച്ചപ്പോൾ സമ്മതിച്ചില്ല. പേടിപ്പിച്ചിട്ടൊന്നുമില്ല. അനുനയിപ്പിച്ച് ചോദിച്ചു. അപ്പോഴാണ് ഇറ്റലിയിൽ പോയത് പറഞ്ഞ്. എന്നിട്ടുള്ള വിഷമങ്ങളാണ് പറഞ്ഞത്. അത് പറയാതിരുന്നാൽ സാധാരണക്കാർക്ക് മുൻകരുതലുകൾ എടുക്കണ്ടേ?അത് ഞാൻ പ്രതിപക്ഷ നേതാവിനോട് പേഴ്സണലായി പറഞ്ഞിരുന്നു.’വിമാനത്താവളത്തിൽ ഡോക്ടർമാരുടെ സാന്നിധ്യം പോലും ഉണ്ടായില്ലെന്ന് പറ‌ഞ്ഞു. അറിയാത്ത വിവരങ്ങൾ ദയവ് ചെയ്ത് അസംബ്ലി തലത്തിൽ പറയരുത്. ആക്രമിക്കാൻ എന്തെല്ലാം അവസരങ്ങളുണ്ട്. ഇതൊഴിച്ചുള്ള പ്രശ്നങ്ങൾ നമുക്ക് അസംബ്ലിയിൽ ചർച്ച ചെയ്യുമ്പോൾ കണ്ണുംപൂട്ടി നമുക്ക് അങ്ങോട്ടും ഇങ്ങോട്ടും അസ്ത്രങ്ങളെയ്യാം. നമ്മളാക്രമിക്കേണ്ട സമയമല്ലിത്. എനിക്കാരോടും ഒരു പരിഭ്രമവുമില്ല’- മന്ത്രി വ്യക്തമാക്കി.

‘കൊറോണ ആദ്യം സ്ഥിരീകരിച്ചപ്പോൾ അസംബ്ലിയുമായി ബന്ധപ്പെട്ട് മന്ത്രിമാരെല്ലാം തിരുവനന്തപുരത്തായിരുന്നു. മിനിസ്റ്റർ പോകേണ്ടത് പ്രധാനമാണെന്ന് എനിക്ക് തോന്നി. മുഖ്യമന്ത്രിയോട് പറഞ്ഞു അവിടെ അടിയന്തര മീറ്റിംഗ് നടത്തേണ്ടത് കൊണ്ട് പോകുകയാണെന്ന്. എസി.മൊയ്തീൻ മിനിസ്റ്ററും സുനിൽ മിനിസ്റ്ററും ഇവിടെയുണ്ട്. ഒമ്പതേ മുപ്പതിന്റെ ഫ്ലൈറ്റിൽ ഞങ്ങൾ പോയി. കാറിൽ പോയാൽ കൂടുതൽ വൈകും. വിമാനത്താവളത്തിലിറങ്ങിയപ്പോൾ നിങ്ങളറിയോ പ്രതിപക്ഷത്തിലേ സുഹൃത്തുക്കളെ ഒന്ന് ബാത്ത് റൂമിൽ പോകണമെന്ന് തോന്നിയായിരുന്നു. പോയിട്ടില്ല,​ മനസ് നിറയെ ബേജാറും ഉത്കണ്ഠയുമായിരുന്നു. കാരണം അവിടെയവർ കാത്തിരിക്കുകയാണ്. ഫ്രഷാകാൻ മുറിയിൽ പോലും കയറാതെ ഞങ്ങൾ നേരെ വിട്ടു.

നെടുമ്പാശ്ശേരിയിൽ നിന്ന് തൃശൂരിലേക്ക് കഴിയാവുന്ന വേഗത്തിലെത്തി. എത്തുമ്പോൾ അകദേശം പന്ത്രണ്ടു മണിയായി. ചർച്ച ചെയ്ത് എല്ലാം തീരുമാനിക്കാണം. ചർച്ച ചെയ്യുമ്പോൾ കൂടെയുള്ളവർ ഇങ്ങനെ പറയില്ലെന്നാ ഞാൻ വിചാരിച്ചത്. പ്ലാനിംഗ് കഴിയുമ്പോഴേക്ക് രണ്ടര കഴിഞ്ഞു’- മന്ത്രി പറഞ്ഞു.രോഗികളെ നിരീക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കൊറോണയുമായി ബന്ധപ്പെട്ട വീഴ്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കൂടാതെ പ്രതിപക്ഷ നേതാവ് ആരോഗ്യമന്ത്രിക്കു എതിരല്ലെന്നും വിമര്‍ശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുതെന്നും മുനീർ പറഞ്ഞിരുന്നു.

Top