ഷഹ്‌ലയുടെ മരണം: അതീവ ഗൗരവകരമെന്നു മുഖ്യമന്ത്രി- ഡോക്ടർ ജിസ മെറിൻ ജോയിയെ സസ്പെൻഡ് ചെയ്തു.മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും കേസെടുത്തു.

തിരുവനന്തപുരം: ബത്തേരി ഗവ.സർവജന സ്കൂളിലെ വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അതീവഗൗരവത്തോടെ കാണുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.അതേസമയം ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ ബത്തേരി താലുക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെന്റ് ചെയ്തു.ഡോക്ടര്‍ തക്കസമയത്ത് ചികിത്സ നല്‍കിയില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

ഷഹ്‌ലയ്ക്ക് അടിയന്തര ചികിത്സ നല്‍കുന്നതില്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് ഗുരുതര വീഴ്ച വരുത്തിയെന്ന് റിപ്പോർട്ട്. അന്വേഷണത്തിന് അരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. താലൂക്ക് ആശുപത്രിയില്‍ ആന്‍റിവെനം ഉണ്ടായിരുന്നെന്നും എന്ത് കൊണ്ട് നല്‍കിയില്ലെന്ന് അന്വേഷിക്കുമെന്നും ഡിഎംഒ പറഞ്ഞു.മരുന്ന് നല്‍കാന്‍ രക്ഷിതാക്കള്‍ അനുമതി നല്‍കിയില്ലെന്നായിരുന്നു ഡോക്ടറുടെ വാദമെന്നും ആന്റിവെനം നല്‍കാന്‍ അനുമതി വേണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.താലൂക്ക് ആശുപത്രിയില്‍ അധികൃതര്‍ ആന്റിവെനം നല്‍കാന്‍ വിസമ്മതിച്ചുവെന്ന് ഷെഹ്‌ലയുടെ പിതാവ് അസീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുട്ടിയുടെ നില മോശമായി തുടങ്ങിയ വേളയില്‍ താന്‍ നിര്‍ബന്ധിച്ചിട്ടും ആന്റിവെനം നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴി നാല് ആശുപത്രികളില്‍ എത്തിച്ചിട്ടും പാമ്പുകടിയേറ്റതിനുള്ള ചികിത്സയായ ആന്‍റിവെനം നല്‍കിയില്ല. ഷഹ്‌ലയ്ക്കു പാമ്പുകടിയേറ്റ ശേഷം പിതാവ് വരുന്നത് വരെ അധ്യാപകര്‍ കാത്തിരുന്നു. പിതാവ് എത്തി ആദ്യമെത്തിച്ചത് സ്കൂളിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ്. ഇവിടെ ആന്‍റിവെനം ഇല്ലാത്തതിനാല്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇവിടെ മുക്കാല്‍ മണിക്കൂര്‍ ചെലവഴിച്ചെങ്കിലും ആന്‍റിവെനം നല്‍കിയില്ല. ആവശ്യപ്പെട്ടിട്ടും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ഇതിന് വിസമ്മതിച്ചെന്ന് ഷഹ്‌ലയുടെ പിതാവ് ആരോപിച്ചു.സംഭവത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഡിജിപി, വയനാട് ജില്ലാ കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു.

Top