ഇ.ശ്രീധരൻ മഹാനായ വ്യക്തി; മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്ന് മുഖ്യമന്ത്രി പിണറായി

കൊച്ചി:ഇ.ശ്രീധരൻ മഹാനായ വ്യക്തിയാണെന്നും ഏതു സ്ഥാനവും വഹിക്കാൻ അദ്ദേഹം യോഗ്യനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയെയും സർക്കാരിനെയും കുറിച്ചുള്ള ഇ.ശ്രീധരന്റെ വിമർശനങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. വലിയ ടെക്‌നോക്രാറ്റ്, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ആള്‍. ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.ബിജെപി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ദുരന്തമാകുമെന്ന് കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്ന ഇ.ശ്രീധരൻ പറഞ്ഞിരുന്നു. പിണറായി വിജയന്‍റെ ഭരണത്തില്‍ ഏകാധിപത്യമാണ് നടക്കുക. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ തെറ്റായ ഉപദേശങ്ങളാണ് പിണറായി സ്വീകരിക്കാറുള്ളതെന്നും ശ്രീധരന്‍ ആരോപിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്നതായി വ്യാഴാഴ്ച കോഴിക്കോട്ട് വാർത്താസമ്മേളനത്തിനിടെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണു വെളിപ്പെടുത്തിയത്. പിന്നാലെ, ശ്രീധരൻ ഇക്കാര്യം സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം ഏതെന്നു ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ല. ഗവർണറാകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി

മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശ കമ്പനിയെയും സ്വദേശ കമ്പനിയെയും കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉതകുന്നതാണ് സർക്കാരിന്റെ മത്സ്യബന്ധന നയം. അതിൽനിന്ന് ഒരിഞ്ചും പിന്നോട്ടു പോകില്ല. സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് എതിരാണെന്ന പുകമറ സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട.

കരാറിൽ ഒപ്പിട്ടെന്നു പറയുന്ന കേരള ഫിഷിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ പൊതുമേഖലാ സ്ഥാപനമാണ്. അവർ യാനങ്ങൾ നിർമിക്കുന്നതിന് സ്വകാര്യ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് സർക്കാർ അറിഞ്ഞിട്ടില്ല. കരാറിൽ ഒപ്പിടുന്നതിനു കോർപറേഷന് സർക്കാർ അനുവാദം ആവശ്യമില്ല.

ഏതെങ്കിലും കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ കരാറിൽ ഏർപ്പെട്ടെങ്കിൽ പിന്നീടാണ് സർക്കാരിന്റെ പരിഗണനയ്ക്കു വരുന്നത്. അപ്പോഴാണ് നിയമപരമായി പരിശോധിച്ച് സർക്കാർ‌ കാര്യങ്ങൾ ചെയ്യുന്നത്. ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ആലപ്പുഴ ജില്ലയിൽ ഫുഡ് പാർക്ക് ആരംഭിച്ചു. വകുപ്പ് മന്ത്രിയോ സെക്രട്ടറിയോ കരാറിനെക്കുറിച്ച് അറിഞ്ഞിട്ടില്ല. ഈ പ്രശ്നത്തിൽ ചില ദുരൂഹതകൾ കാണുന്നുണ്ട്.ഫെബ്രുവരി 11ന് സ്വകാര്യ കമ്പനി പ്രതിനിധികളായ രണ്ടുപേർ വ്യവസായ മന്ത്രിയുടെ ഓഫിസിലെത്തി, ഫിഷറീസ് റിസർച്ചിൽ ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റായ ‘അസെന്റിൽ’ ധാരണാപത്രം ഒപ്പുവച്ചെന്നും അതിനു മന്ത്രിസഭയുടെ അംഗീകാരം നൽകണം എന്നും ആവശ്യപ്പെട്ടു. ആ നിവേദനം വ്യവസായ സെക്രട്ടറിക്കു കൈമാറി. കോർപറേഷൻ എംഡി തീരുമാനമെടുത്തത് സർക്കാർ അറിഞ്ഞു കൊണ്ടല്ല. അദ്ദേഹം സ്വീകരിച്ച നടപടികൾ വിശദമായി പരിശോധിക്കും. പ്രതിപക്ഷ നേതാവ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ആ ഉദ്യോഗസ്ഥൻ പഴ്സനൽ സ്റ്റാഫിൽ ഉണ്ടായിരുന്നു എന്നതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാൻ ഉദ്ദേശിക്കുന്നില്ല. നിവേദനത്തിന്‍റെ ഉള്ളടക്കം എങ്ങനെ പ്രതിപക്ഷ നേതാവിന്റെ കയ്യിലെത്തി എന്ന് പിന്നീട് വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top