ഇന്ന് 123 പേർക്ക് ; നൂറുകടക്കുന്നത് തുടർച്ചയായ ഏഴാം ദിനം.

തിരുവനന്തപുരം: കേരളത്തിൽ  ഇന്ന് 123 പേർക്ക്  കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 84 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 33 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും. ആറുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 53 പേർ രോഗമുക്തി നേടി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ- പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂർ 10, കണ്ണൂർ 9 , കോഴിക്കോട് 7 , മലപ്പുറം 6, കാസർഗോഡ് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയുടെ വാക്കുകള്‍:

രോഗവ്യാപനത്തെ കുറിച്ച് വിദഗ്ധര്‍ നല്‍കുന്ന വിവരങ്ങള്‍ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചു. പുറമെ നിന്ന് വന്ന കേസുകളില്‍ ഏഴ് ശതമാനം പേരില്‍ നിന്ന് മാത്രമേ രോഗം പടര്‍ന്നുള്ളൂ. 93 ശതമാനം പേരില്‍ നിന്നും രോഗം വ്യാപിക്കാതെ തടയാനായി. ഇത് ഹോം ക്വാറന്റൈന്‍ സംവിധാനത്തിന്റെ വിജയം തന്നെ. ആക്ടീവ് കേസുകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ക്വാറന്റൈന്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം.

സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം വലിയ തോതില്‍ പിടിച്ചുനിര്‍ത്താനായെന്നത് പ്രധാന നേട്ടം. എല്ലാ നിയന്ത്രണങ്ങളും നല്ല നിലയില്‍ മുന്നോട്ട് പോകണം. വിദേശത്ത് നിന്നും വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റിബോഡി ടെസ്റ്റ് നടത്തും.

ഇത് അധിക സുരക്ഷാ നടപടിയാണ്. വൈറസ് ബാധയെ തുടര്‍ന്ന് രോഗലക്ഷണം കാണപ്പെടുന്ന ആന്റിബോഡികളാണ് ടെസ്റ്റ് നടത്തുന്നത്. പിസിആര്‍ ടെസ്റ്റ് ആവശ്യമെങ്കില്‍ നടത്തും. രോഗാണു ശരീരത്തിലുണ്ടെങ്കിലും രോഗലക്ഷണം വരുന്നത് വരെ ടെസ്റ്റ് നടത്തിയാല്‍ ഫലം നെഗറ്റീവാകും. അതുകൊണ്ട് ആന്റിബോഡി ടെസ്റ്റ് നെഗറ്റീവായവര്‍ തെറ്റായ സുരക്ഷാ ബോധത്തില്‍ കഴിയരുത്. അവര്‍ക്ക് പിന്നീട് കൊവിഡ് ഉണ്ടാകാം. അവരും കര്‍ശനമായ സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെടണം. ഇതിന് ബോധവത്കരണം നടത്തും.

രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം പോരാ. ബ്രേക്ക് ദി ചെയ്ന്‍ ക്യാംപെയ്ന്‍ ആത്മാര്‍ത്ഥമായി മുന്നോട്ട് കൊണ്ടുപോകണം.

ഇന്ന് ഉച്ചവരെ വിദേശത്ത് നിന്ന് തിരിച്ചെത്തിയത് 98202 പേരാണ്. 96581 (98.35ശതമാനം) വിമാനത്തിലും മറ്റുള്ളവര്‍ കപ്പലിലും എത്തി. 34726 പേര്‍ കൊച്ചിയിലും 31896 പേര്‍ കരിപ്പൂരിലും വിമാനമിറങ്ങി. ഇവിടെ യാത്രക്കാര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ആവശ്യാനുസരണം സജ്ജീകരിച്ചു.

താജ്ക്കിസ്ഥാനില്‍ നിന്നെത്തിയവരില്‍ 18.15 ശതമാനം റഷ്യയില്‍ നിന്നെത്തിയവരില്‍ 15 ശതമാനം നൈജീരിയയില്‍ നിന്നെത്തിയവരില്‍ ആറ് ശതമാനം, യുഎഇയില്‍ നിന്നെത്തിയവരില്‍ 1.6 ശതമാനം, ഖത്തറില്‍ നിന്നെത്തിയ 1.56 ശതമാനം, ഒമാനില്‍ നിന്നെത്തിയ 0.77 ശതമാനം പേര്‍ക്കും കൊവിഡ് കണ്ടെത്തി.

ഇന്നലെ 72 വിമാനങ്ങള്‍ വിദേശത്ത് നിന്നെത്തി. നാളെ മുതല്‍ ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലും കോഴിക്കോടുമാണ് കൂടുതല്‍ വിമാനങ്ങള്‍. എല്ലാ വിമാനത്താവളങ്ങളിലും വിപുലമായ സൗകര്യമൊരുക്കി. ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. വിമാനത്താവളത്തില്‍ പ്രത്യേക ബൂത്തൊരുക്കി. ചുമതല വഹിക്കുന്നവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം നല്‍കി.

72 വിമാനം വന്നപ്പോള്‍ എല്ലാ കാര്യവും സുഗമമായി കൈകാര്യം ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ പ്ലാന്‍ എ,ബി,സി തയ്യാറാക്കി. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാണ് ഇത്. പ്ലാന്‍ എ പ്രകാരം രോഗികളുടെ ചികിത്സയ്ക്ക് 14 ജില്ലകളില്‍ 29 കൊവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും ആരംഭിച്ചു. 29 കൊവിഡ് ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്ക, 872 ഐസിയു കിടക്ക 482 വെന്റിലേറ്ററും തയ്യാറാക്കി.

രോഗികള്‍ കൂടിയാല്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. ഇതിന് പുറമെ രണ്ടാം നിര ആശുപത്രികളും തെരഞ്ഞെടുക്കും. ഇത്തരത്തില്‍ പ്ലാന്‍ ബി,സി മുറയ്ക്ക് 15975 കിടക്കകള്‍ കൂടി സജ്ജമാക്കി. സാധ്യമായ എല്ലാ സൗകര്യവും നല്‍കാനാണ് ശ്രമം. സര്‍ക്കാര്‍ ചെലവില്‍ ആംബുലന്‍സ്, ടെസ്റ്റിങ്, ക്വാറന്റൈന്‍, ചികിത്സ എന്നിവയ്ക്കായി ഏപ്രിലില്‍ 7561 പേരെയും മെയില്‍ 24695 േേപരെയും ജൂണില്‍ 30599 പേരെയും എത്തിച്ചു.

പത്ത് ലക്ഷം പേരില്‍ 109 പേര്‍ക്ക് സംസ്ഥാനത്ത് രോഗമുണ്ട്. രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണ്. രാജ്യത്ത് 3.1 ശതമാനമാണ്. ടെസ്റ്റുമായി ബന്ധപ്പെട്ട് സാംപിള്‍ പോസിറ്റീവ് റേറ്റ് കേരളത്തില്‍ 1.8 ശതമാനവും രാജ്യത്ത് 6.2 ശതമാനവുമാണ്. രണ്ട് ശതമാനത്തില്‍ താഴെയാക്കാനാണ് ആഗോള തലത്തില്‍ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളില്‍ 20 ഉം മറ്റ് ഗുരുതര രോഗം ബാധിച്ചവരാണ്.

Top