തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് പുതിയ 12 കൊറോണ കേസുകൾ കൂടി സ്ഥിരീകരിച്ചു. കാസർഗോഡ് 6 പേർക്കും കണ്ണൂരിലും എറണാകുളത്തും മൂന്ന് പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം അമ്പതിനായിരം കടന്നു. 53013 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 228 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷൻ വാർഡുകളിലാണ്.
ഇന്ന് മാത്രം 70 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗബാധ സംശയിക്കുന്നവരുടെ 3716 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 2566 പേർക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.കൊറോണ രോഗബാധ ഒഴിവാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് കേരളമെന്നും ജാതിമത വ്യത്യാസമില്ലാതെ മനുഷ്യരായി പോരാടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു..
നാളെ മുതൽ മാർച്ച് 31 വരെ സംസ്ഥാനത്ത് ലോട്ടറി വിൽപ്പന നിർത്തിവച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വിൽപ്പന നിർത്തിവച്ചത്. വിൽപ്പനയോടൊപ്പം ലോട്ടറി നറുക്കെടുപ്പും നാളെ മുതൽ ഈ മാസം 31 വരെ നിർത്തിവച്ചിട്ടുണ്ട്. ഏപ്രിൽ ഒന്ന് മുതൽ 14 വരെയുള്ള നറുക്കെടുപ്പും റദ്ദാക്കി. നാളെ മുതൽ 31 വരെ മാറ്റിവച്ച നറുക്കെടുപ്പുകൾ ഏപ്രിൽ അഞ്ച് മുതൽ ഏപ്രിൽ പതിനാല് വരെ നടത്തും.നിരത്തുകളിൽ ആളില്ലാത്തത് ലോട്ടറി വിൽപ്പനയെ വലിയ രീതിയിൽ ബാധിച്ചിരിക്കുകയാണ്.ലോട്ടറി വിൽപ്പനക്കാരുടെ ആരോഗ്യം കൂടികണക്കിലെടുത്താണ് സർക്കാരിന്റെ നടപടി.