
ന്യൂഡൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,442 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ ആകെ രോഗബാധിരുടെ എണ്ണം 66,23,816 ആയി ഉയർന്നു.അതേസമയം, രോഗമുക്തി നിരക്ക് 84.34 ശതമാനമായി ഉയർന്നു. മരണനിരക്ക് രണ്ട് ശതമാനത്തിൽ താഴെ തുടരുകയാണ്.
24 മണിക്കൂറിനിടെ 903 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.9,34,427 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ആകെ രോഗബാധിതരിൽ 55,86,704 കൊറോണയിൽ നിന്നും രോഗമുക്തി നേടിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 1,02,685 പേർക്കാണ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നതും ആശ്വാസകരമാകുകയാണ്. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രാജ്യത്തെ പ്രതിദിന കേസുകൾ കുറയുന്നുണ്ടെങ്കിലും ലോകത്ത് ഏറ്റവുമധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യം തുടരുകയാണ്. തുടർച്ചയായ പതിനാലാം ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം പത്ത് ലക്ഷത്തിൽ താഴെ തുടരുന്നത് ശുഭസൂചനയായിട്ടാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. രോഗമുക്തരുടെ എണ്ണം 55,86,704 ആയി ഉയർന്നു. മരണനിരക്ക് 1.55 ശതമാനത്തിൽ തുടരുകയാണ്. സാമ്പിൾ പരിശോധനകളുടെ എണ്ണം എട്ട് കോടിക്ക് അരികെയെത്തി. ഇതുവരെ 7,99,82,394 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ അറിയിച്ചു. 24 മണിക്കൂറിനിടെ 9,89,860 സാമ്പിളുകളാണ് പരിശോധിച്ചത്.