ഇറ്റലിയില്‍ നിന്ന് വന്ന് വിവിധ ആശുപത്രികളില്‍ കൊറോണ വൈറസ് മൂലം ഐസൊലേഷനില്‍ കഴിയുന്നവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇന്നലെ പത്തനംതിട്ടയിലെ ആളുകളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. ഇന്ന് കോട്ടയത്തുള്ള രോഗ ബാധിതരുടെ റൂട്ട് മാപ്പാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ പുറത്തുവിട്ടത്. രണ്ട് വ്യക്തികള്‍ യാത്ര ചെയ്ത സ്ഥലങ്ങളാണിവ. 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 8 വരെ ഉള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതു സ്ഥലങ്ങള്‍ അവിടെ അവര്‍ ചിലവഴിച്ച സമയം എന്നിവയാണ് ഈ ഫ്‌ലോ ചാര്‍ട്ടില്‍ വിവരിക്കുന്നത്.
രോഗിയുടെ കോഡ് R1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ വ്യക്തി സഞ്ചരിച്ച തീയതിയും സ്ഥലവും ആണ്. R2 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗ സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ സഞ്ചരിച്ച തിയതിയും സ്ഥലവും ആണ്. ഈ തീയതികളില്‍ നിശിചിത സമയങ്ങളില്‍ ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌ക്രീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിന് അവര്‍ക്ക് ബന്ധപ്പെടുവാന്‍ 0481 2583200, 7034668777 എന്നീ നമ്പറുകളും നല്‍കിയിട്ടുണ്ട്. അതേസമയം ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണുമെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.
ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ശ്രദ്ധയില്‍ പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകള്‍ക്കു ആവശ്യമായ സഹായങ്ങള്‍ ചെയുന്നതിനാണ് മുകളില്‍ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നതെന്ന് വ്യക്തമാക്കുന്ന ആരോഗ്യമന്ത്രിയുടെ പോസ്റ്റ് എല്ലാവരും സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.
അതേസമയം, കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യം പരിഗണിക്കുന്നെന്ന് മുഖ്യമന്ത്രി. സഭ പിരിയുന്നത് ജനങ്ങളില്‍ ഭീതിപടര്‍ത്തുമെന്നും ഇതിനോട് യോജിക്കുന്നില്ലെന്നും പ്രതിപക്ഷം. പാര്‍ലമെന്റ് സമ്മേളനം പോലും തുടരുന്ന സാഹചര്യത്തില്‍ കോവിഡ് ഭീതിയുടെ മറവില്‍ നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ ദുരുദ്ദേശമുണ്ടെന്ന് പറയേണ്ടിവരുമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളിയതിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം ബഹളം നടത്തവേയാണ് കോവിഡിനെക്കുറിച്ചുള്ള പ്രത്യേക പ്രസ്താവന നടത്താനായി മുഖ്യമന്ത്രി എഴുന്നേറ്റത്. തടസപ്പെടുത്താന്‍ നില്‍ക്കാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങി. കോവിഡ് കൊണ്ട് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ ഉത്തരവുകള്‍ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. പതിനാല് ജില്ലകളിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന അവലോകനയോഗങ്ങള്‍ നടത്തും. മുസ്ലിംലീഗ് അംഗം കെ.എന്‍.എ ഖാദര്‍ ആവശ്യപ്പെട്ടത് പരിഗണിച്ച് സഭാസമ്മേളനം തുടരണോ എന്ന് ചര്‍ച്ച ചെയ്യാന്‍ നാളെ കാര്യോപദേശക സമിതി യോഗം ചേരും. കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാര്‍ നേട്ടമുണ്ടാക്കുന്നെന്ന കെ.പി.സി.സി ഭാരവാഹിയോഗത്തിലെ പരാമര്‍ശം സംസ്ഥാന താല്‍പര്യത്തിനെതിരെന്നും മുഖ്യമന്ത്രി ആരോപിച്ചു.