പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും തികഞ്ഞ ജാഗ്രതപാലിച്ചേ മതിയാകൂ:വി.എം.സുധീരന്‍

കൊച്ചി:മരുന്നിനുപകരം മദ്യം നല്‍കാനുള്ള സര്‍ക്കാര്‍ നടപടി ബഹു.ഹൈക്കോടതി സ്‌റ്റേ ചെയ്തതോടെ നല്ലൊരു സാമൂഹ്യ സാഹചര്യമാണ് കേരളത്തിലുണ്ടായിട്ടുള്ളത് എന്ന് വി എം സുധീരൻ പറഞ്ഞു .മദ്യവിപത്തിന്റെ പിടിയില്‍പ്പെട്ടുപോയ സഹോദരങ്ങള്‍ക്ക് എന്നെന്നേയ്ക്കുമായി രക്ഷപ്പെടാനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ സംജാതമായത്.

കഴിഞ്ഞ 10 ദിവസമായി മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത മദ്യാസക്തര്‍പോലും പിന്മാറ്റ അസ്വാസ്ഥ്യഘട്ടത്തില്‍നിന്നും മോചിതരായി ജീവിതത്തിലേയ്ക്ക് തിരിച്ചുവരുന്ന പ്രത്യാശാജനകമായ അവസ്ഥയാണ് കാണുന്നത്. എന്നാല്‍ പതിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ സര്‍ക്കാരും സമൂഹവും തികഞ്ഞ ജാഗ്രതപാലിച്ചേ മതിയാകൂ.വ്യാജമദ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യദ്രോഹികള്‍ വെറുതെയിരിക്കില്ല. അവര്‍ സജീവമാകും. അവര്‍ക്കെതിരെ കര്‍ശനവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം.ഇപ്പോള്‍കൈവന്ന നല്ല അന്തരീക്ഷത്തെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മദ്യദുരന്തമുണ്ടാക്കാനുള്ള സാധ്യതകളെയും തള്ളിക്കളയാനാകില്ല.

നിലവില്‍ കൈവന്ന ആശാവഹമായ സാഹചര്യം പ്രായോഗികമല്ലെന്നും പരാജയമാണെന്നും വരുത്തിത്തീര്‍ക്കേണ്ടത് മദ്യലോബിയുടെയും മറ്റ് സ്ഥാപിത താല്‍പര്യ ദുഷ്ടശക്തികളുടെയും അജണ്ടയാണ്. ഈ കറുത്ത ശക്തികള്‍ക്കെതിരെ സര്‍ക്കാരും ജനങ്ങളും കരുതിയിരിക്കണം. ആവശ്യമായ മുന്‍കരുതലുകള്‍ സര്‍വ്വതലത്തിലും ഉണ്ടാകണം. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്.

Top